ലണ്ടന്‍: ലോകകപ്പ് ഫുട്ബോള്‍ പോരാട്ടങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രവചനങ്ങളും മത്സരങ്ങള്‍ക്ക് വീര്യം പകരുന്നു. ഇത്തവണത്തെ ലോകകിരീടം ആതിഥേയരായ ബ്രസീലിനാണെന്ന് മുന്‍ ഇംഗ്ലണ്ട് സ്ട്രൈക്കര്‍ എമിലെ ഹെസ്കെ. എന്നാല്‍ ചാമ്പ്യന്‍ഷിപ്പിലെ കറുത്ത കുതിരകളാകുമെന്ന് വിലയിരുത്തപ്പെടുന്ന ബെല്‍ജിയം അമ്പേ പരാജയപ്പെടുമെന്നും ഹെസ്കെ പറഞ്ഞു.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഏറെ വിമര്ശിക്കപ്പെട്ടിട്ടുള്ള ടീമാണ് ബ്രസീല്‍. നെയ്മര്‍, ഡാനി അല്‍വെസ്, ഡേവിഡ് ലൂയിസ്, ഫെര്‍ണാണ്ടീഞ്ഞോ, ഓസ്കാര്‍, വില്ല്യന്, റാമിറെസ്, പൗളീഞ്ഞോ എന്നിവര്‍ ബ്രസീലിയന്‍ താരത്തിന്റെ തനതായ ശൈലി പുറത്തെടുക്കുന്നില്ല എന്നതാണ് ഇവര്‍ക്കെതിരെയുളള പ്രധാന ആരോപണം. എന്നാല്‍ കഴിഞ്ഞ പ്രീമിയര്‍ ലീഗ്-സ്പാനിഷ് ലീഗ് മത്സരങ്ങളില്‍ മികച്ച പ്രകടനങ്ങളാണ് അവരുടെ ക്ലബുകള്‍ക്ക് വേണ്ടി ഈ താരങ്ങള്‍ പുറത്തെടുത്തത്. അതുകൊണ്ടു തന്നെയാണ് ബ്രസീലിന് സാധ്യത കല്‍പ്പിക്കുന്നതും. മത്സരങ്ങള്‍ നടക്കുന്നത് സ്വന്തം മൈതാനങ്ങളിലായതും ബ്രസീലിന് ഗുണം ചെയ്യും.
നിലവാരമുള്ള കളിക്കാരുണ്ടെങ്കിലും ബെല്‍ജിയം ഈ ലോകകപ്പില്‍ തികഞ്ഞ പരാജയമാവും. വിന്‍സന്റ് കൊംപാനി, തോമസ് വെര്മേലന്, ഈഡന് ഹസാര്‍ഡ്, കെവിന് മിറാലസ്, നാസര്‍ ചഡ്ലി, അഡ്നന് ജാനസാഞ്ജ് എന്നിവര്‍ ലോകോത്തര നിലവാരത്തിലുള്ള കളിക്കാര്‍ ആണെങ്കിലും മൈതാനത്തില്‍ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ ലോകകപ്പില്‍ ബെല്‍ജിയത്തിനു സാധിച്ചിട്ടില്ല. അതേസമയം ബെല്‍ജിയം ഗോളി തിബ്യൂട്ട് കോര്‍ട്ടോയിസ് മികച്ച ഗോളികളില് ഇടം പിടിക്കുമെന്നമാണ് ഹെസ്കെയുടെ പ്രവചനം.
ഹെസ്കെയുടെ അഭിപ്രായത്തില്‍ ചിലിയായിരിക്കും ഈ ലോകകപ്പിലെ കറുത്ത കുതിരകള്‍. കഴിഞ്ഞ വര്‍ഷം ചിലി ഇംഗ്ലണ്ടിനെ അവരുടെ മണ്ണില്‍ നടന്ന മത്സരത്തില്‍ കീഴടക്കിയിരുന്നു. സൂപ്പര്താരങ്ങളൊന്നുമില്ലെങ്കിലും ഏതു ടീമിനെയും തകര്‍ക്കാനുള്ള കഴിവ് ചിലിക്കുണ്ട്. ബാഴ്സലോണക്ക് വേണ്ടി കളിക്കുന്ന അലക്സി സാഞ്ചസാണ് ടീമിലെ സൂപ്പര്‍താരം.
ഉറുഗ്വെയുടെ ലൂയി സുവാരസായിരുന്നു ടോപ്സ്കോറര്‍ക്കുള്ള സ്വര്‍ണ്ണ പാദുകം നേടാന്‍ സാധ്യതയുണ്ടായിരുന്ന താരം. എന്നാല്‍ സുവാരസിന് പരിക്കേറ്റ സാഹചര്യത്തില്‍ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിക്കാണ് ഹെസ്കെ സാധ്യത കല്‍പ്പിക്കുന്നത്. ഹെസ്കിയുടെ അഭിപ്രായത്തില്‍ മെസ്സി, നെയ്മര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരാണ് സ്വര്ണ്ണപന്തിന് അര്‍ഹരാവാന്‍ സാധ്യതയുള്ളത്.
എന്നാല്‍ ഇത്തവണത്തെ ലോകകപ്പ് പോര്ച്ചുഗലിന്് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. സൂപ്പര്‍താരം റൊണാള്‍ഡോയുടെ പരിക്ക് ഭേദമാകാത്തതാണ് കാരണം. കൂടാതെ ഗ്രൂപ്പ് ജിയില്‍ ജര്‍മ്മനി ഉള്‍പ്പെടെയുള്ള വമ്പന്മാരുമായാണ് പോര്‍ച്ചുഗലിന് ഏറ്റുമുട്ടേണ്ടത്.
ഇംഗ്ലണ്ടിന്റെ ജൊ ഹാര്‍ട്ടാണ് ഹെസ്കെയുടെ അഭിപ്രായത്തില്‍ മികച്ച ഗോളിയാവുക. സീസണിലുടനീളം ഉജ്ജ്വല ഫോമിലാണ് ജൊ ഹാര്‍ട്ട് പോസ്റ്റിനുമുന്നില്‍ നിലയുറപ്പിച്ചത്. ജര്‍മ്മനിയുടെ മാനുവല്‍ ന്യുയറും മികച്ച ഗോളിയാണെങ്കിലും പൂര്‍ണമായും ഫിറ്റല്ല. ഇറ്റലിയുടെ ബഫണും മികച്ച ഗോളിയായി തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുണ്ട്. ലോകകപ്പില്‍ ബെല്‍ജിയത്തിന്റെ പ്രകടനം മോശമാകുമെങ്കിലും അവരുടെ ഗോളി തിബ്യൂട്ട് കോര്‍ട്ടോയിസും താരമാവാന്‍ സാധ്യതയുണ്ടെന്ന് എമിലെ ഹെസ്കെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: