പാരീസ്: ലോകകപ്പിന്റെ നിറംകെടുത്താന്‍ ഒരുമ്പെട്ടിറങ്ങിയ പരിക്കിന്റെ ഭൂതം ഒരു വമ്പന്‍ താരത്തെക്കൂടി വിഴുങ്ങി. മുന്‍ ലോക ചാമ്പ്യന്‍ ഫ്രാന്‍സിന്റെ കിരീടമോഹത്തിന് ചുക്കാന്‍ പിടിക്കുന്ന സൂപ്പര്‍ സ്ട്രൈക്കര്‍ ഫ്രാങ്ക് റിബറിയാണ് പരിക്കേറ്റ് പുറത്തായത്. നട്ടെല്ലിനു കീഴ്ഭാഗത്താണ് റിബറിക്ക് പരിക്കേറ്റത്. റിബറിയുടെ അപ്രതീക്ഷിത പുറത്താകല്‍ ഫ്രാന്‍സിന്റെ ലോകകപ്പ് സാധ്യതകളുടെ കടയ്‌ക്കല്‍ കത്തിവെയ്‌ക്കുന്നതായി; പോര്‍ച്ചുഗീസ് സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശങ്കപ്പെടുന്ന കളിയാരാധകരെ കുടുതല്‍ നിരാശപ്പെടുത്തുന്നതും. ഇന്നലത്തെ ട്രെയിനിങ് സെഷനിടെയാണ് റിബറി വേദനയുണ്ടെന്ന് പറഞ്ഞത്. എംആര്‍ഐ സ്കാനില്‍ പരിക്കിന്റെ ആഴം വ്യക്തമായി.
കളിക്കുന്നതിനു പോയിട്ട് ഇനി ഏതാനും ആഴ്ച പരിശീലിക്കാന്‍ പോലും റിബറിക്കു സാധിക്കില്ല. കടുത്ത വേദനയാണ്. അദ്ദേഹം പരിശീലനം അവസാനിപ്പിച്ചു, ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാമ്പ്സ് വ്യക്തമാക്കി. ഉച്ചയ്‌ക്കുശേഷമാണ് റിബറിക്കു പരിശോധനകള്‍ നടത്തിയത്. സ്ഥിതിഗതികള്‍ മോശമാണെന്ന് അതില്‍ നിന്നു മനസിലായി, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫ്രാന്‍സിന്റെ തുറുപ്പുചീട്ടായ റിബറിയെ കുറച്ചുകാലമായി പുറംവേദന അലട്ടുന്നുണ്ട്. ഏപ്രില്‍ 29നുശേഷം ക്ലബ്ബിനുവേണ്ടിയോ രാജ്യത്തിനുവേണ്ടിയോ അധിക കളിച്ചിട്ടില്ല. ബയേണ്‍ മ്യൂണിച്ച് താരമായ റിബറി മെയ് 17ന് ബൊറൂസിയ ഡോര്‍ട്ട്മുണ്ടുമായുള്ള ജര്‍മ്മന്‍ കപ്പ് ഫൈനലില്‍ 79 മിനിറ്റിനുശേഷം പിന്മാറിയിരുന്നു. നോര്‍വെയ്‌ക്കും പരാഗ്വെയ്‌ക്കുമെതിരായ പരിശീലനമത്സരത്തിലും കളത്തിലിറങ്ങാന്‍ സാധിച്ചില്ല. 81 കളികളില്‍ ഫ്രാന്‍സിനുവേണ്ടി ബൂട്ടുകെട്ടിയ റിബറി യോഗ്യതാ റൗണ്ടില്‍ ഉശിരന്‍ പ്രകടനം നടത്തിയിരുന്നു. ടീമിന്റെ നിര്‍ണായക ഗോളുകള്‍ക്ക് വഴിമരുന്നിട്ട താരം അഞ്ചെണ്ണം സ്കോര്‍ ചെയ്യുകയുമുണ്ടായി. 2013-14 സീസണില്‍ ബയേണിന് രണ്ടു ട്രോഫികള്‍ സമ്മാനിച്ചതും റിബറിയുടെ പ്രതിഭ തന്നെ. ലോക ഫുട്ബോളര്‍ പുരസ്കാരത്തിനുള്ള മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കും ലയണല്‍ മെസിക്കും പിന്നില്‍ മൂന്നാമതെത്താനും അദ്ദേഹത്തിന് സാധിച്ചിരുന്നു. അതേസമയം, ഇടുപ്പിന് പരിക്കേറ്റ മിഡ്ഫീല്‍ഡര്‍ ക്ലെമന്റ് ഗ്രെയ്നര്‍ പുറത്തായതും ഫ്രാന്‍സിന് കൂനില്‍മേല്‍ കുരുവായി. റിബറിക്കും ഗ്രെയ്നര്‍ക്കും പകരം ഷെയ്ഡര്‍ലിനും റെമി സെബല്ലയും ടീമില്‍ ഇടംനേടിയിട്ടുണ്ട്.
















