ബ്യൂണസ് അയേഴ്സ്: ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ സന്നാഹ പോരാട്ടത്തില്‍ അര്ജന്റീനക്കും ഉറുഗ്വെക്കും ഹോളണ്ടിനും ചിലിക്കും മികച്ച വിജയങ്ങള്‍ സ്വന്തമായപ്പോള്‍ കരുത്തരായ ഇറ്റലിയും ഇംഗ്ലണ്ടും സമനിലയില്‍ കുടുങ്ങി.
സൂപ്പര്‍താരവും ക്യാപ്റ്റനുമായ ലയണല്‍ മെസ്സി ഗോളടിച്ചില്ലെങ്കിലും മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ട്രിനിഡാഡ് ആന്റ് ടുബാഗോയെ അര്‍ജന്റീന കീഴടക്കിയത്.
മൂന്നാം ലോകകപ്പ് ലക്ഷ്യമിട്ടെത്തുന്ന അര്‍ജന്റീനക്ക് ടീമെന്ന നിലയില്‍ സ്വന്തം കരുത്ത് അളക്കാനുള്ള ആദ്യ അവസരമായിരുന്നു ബ്യൂണസ് അയേഴ്സിലേത്. കരീബിയന്‍ ടീമായ ട്രിനിഡാഡ് ആന്റ് ടുബാഗോക്കെതിരെ തുടക്കം മുതല്‍ പിഴവ് വരുത്തിയ അര്‍ജന്റീനന്‍ ടീമിന് താളം കണ്ടെത്താന്‍ ഒന്നാം പകുതിയുടെ അവസാനം വരെ കാത്തിരിത്തേണ്ടി വന്നു. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മെസ്സിയും എയ്ഞ്ചല്‍ ഡി മരിയയും പല്ലാസിയോയും ലാവേസിയും ഗോളവസരങ്ങള്‍ നഷ്ടപ്പെടുത്തി. ഇതില്‍ തന്നെ മെസ്സിയാണ് മുന്നില്‍. ഒടുവില്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് മത്സരത്തിലെ ആദ്യഗോള്‍ പിറന്നു. എയ്ഞ്ചല്‍ ഡി മരിയ എടുത്ത കോര്‍ണര്‍കിക്ക് നല്ലൊരു ഹെഡ്ഡറിലൂടെ റോഡ്രിഗോ പലാസിയോ ട്രിനിഡാഡ് വല കുലുക്കി. ഇതോടെ അര്‍ജന്റീന യഥാര്‍ത്ഥ അര്‍ജന്റീനയായി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അവര്‍ ലീഡ് ഉയര്‍ത്തി. 50-ാം മിനിറ്റില്‍ ലയണല്‍ മെസ്സി വലംകാലുകൊണ്ട് പോസ്റ്റിന് ലക്ഷ്യമാക്കി പായിച്ച ഫ്രീകിക്ക് പോസ്റ്റില്‍തട്ടി തിരിച്ചുവന്നത് പിടിച്ചെടുത്ത് ജാവിയര്‍ മസ്കരാനോയാണ് വലയിലെത്തിച്ചത്. 64-ാം മിനിറ്റില്‍ അര്‍ജന്റീന ലീഡ് 3-0ആക്കി ഉയര്‍ത്തി. റോഡ്രിഗോ പലാസിയോയുടെ പാസില്‍ നിന്ന് മാക്സി റോഡ്രിഗസാണ് മൂന്നാം ഗോള്‍ നേടിയത്. തുടര്‍ന്നും നിരവധി അവസരങ്ങള്‍ അര്‍ജന്റീനന്‍ താരങ്ങള്‍ തുറന്നെടുത്തെങ്കിലും ലീഡ് നേടാന്‍ കഴിഞ്ഞില്ല. ട്രിനിഡാഡ് ഗോളി വില്ല്യമിന്റെ തകര്‍പ്പന്‍ സേഫുകളാണ് അവരെ കൂടുതല്‍ ഗോളുകള്‍ നേടുന്നതില്‍ നിന്ന് തടഞ്ഞത്.
മിയാമിയില്‍ നടന്ന പോരാട്ടത്തില്‍ ഒരു ഗോളിന് പിന്നിട്ടുനില്‍ക്കുകയും പിന്നീട് ഒരു ഗോളിന് ലീഡ് നേടുകയും ചെയ്തശേഷമാണ് ഇംഗ്ലണ്ട് ഇക്വഡോറുമായി സമനില വഴങ്ങിയത്. മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ സ്റ്റര്‍ലിംഗിന് ചുവപ്പുകാര്‍ഡ് കണ്ടതും ചേംബര്ലെയ്ന് പരിക്കേറ്റതും ഇംഗ്ലണ്ടിന് തിരിച്ചടിയായി. ഇക്വഡോറിന്റെ അന്റോണിയോ വലന്‍സിയയും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി. സ്കാനിംഗിനുശേഷമേ ചേംബര്‍ലെയ്ന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് പറയാന്‍ കഴിയൂവെന്നും മത്സരശേഷം ഇംഗ്ലണ്ട് കോച്ച് റോയ് ഹോഡ്സണ് പറഞ്ഞു.
മത്സരത്തിന്റെ ആറാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ ഫ്രാങ്ക് ലംപാര്‍ഡ് അവസരം നഷ്ടപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഇക്വഡോര്‍ ലീഡ് നേടിയത്. വാള്‍ട്ടര്‍ അയോവിയുടെ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ എന്നര് വലന്‍സിയയാണ് ഇംഗ്ലണ്ട് വല കുലുക്കിയത്. എന്നാല്‍ 29-ാം മിനിറ്റില്‍ ഇംഗ്ലണ്ട് സമനില നേടി. റിക്കി ലാംപര്ട്ടിന്റെ തകര്‍പ്പന്‍ ഷോട്ട് പോസ്റ്റില്‍തട്ടി റീബൗണ്ട് വന്നത് ക്ലോസ്റേഞ്ചില്‍ നില്‍ക്കുകയായിരുന്ന റൂണി വലയിലെത്തിക്കുകയായിരുന്നു. പിന്നീട് 51-ാം മിനിറ്റില്‍ ഇംഗ്ലണ്ട് ലീഡ് നേടി. റോസ് ബാര്‍ക്ക്ലിയുടെ പാസില്‍ നിന്ന് റിക്കി ലാംപര്ട്ടാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. എന്നാല്‍ 70-ാം മിനിറ്റില്‍ അന്റോണിയോ വലന്‍സിയയുടെ പാസില്‍ നിന്ന് മൈക്കല്‍ അരോയോ പായിച്ച ഷോട്ട് ഇംഗ്ലണ്ട് വലയില്‍ കയറിയതോടെ ഇക്വഡോര്‍ സമനില പിടിക്കുകയായിരുന്നു.
വെയ്ല്‍സിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഹോളണ്ട് സന്നാഹ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. ആംസ്റ്റര്‍ഡാം അരീനയില്‍ നടന്ന പോരാട്ടത്തില്‍ 32-ാം മിനിറ്റില്‍ അര്ജന് റോബനും 76-ാം മിനിറ്റില്‍ ജെര്മിയന് ലെന്‍സും നേടിയ ഗോളുകളാണ് ഹോളണ്ടിന് മികച്ച വിജയം സമ്മാനിച്ചത്.
മറ്റൊരു മത്സരത്തില്‍ ഇറ്റലി ദുര്‍ബലരായ ലക്സംബര്‍ഗിനോട് 1-1ന് സമനിലയില്‍ പിരിഞ്ഞു. ഇറ്റലിയുടെ തുടര്‍ച്ചയായ രണ്ടാം സമനിലയാണിത്. കഴിഞ്ഞ സപ്തംബറിനുശേഷം നടന്ന ഏഴ് കളികളിലും വിജയിക്കാന്‍ കഴിയാതെ ഇറ്റലി ഉഴറുകയാണ്. ആറ് സമനിലയും ഒരു പരാജയവുമാണ് അവര്‍ക്ക് സ്വന്തമായുള്ളത്. കഴിഞ്ഞ മാര്‍ച്ചില്‍ ലോകചാമ്പ്യന്മാരായ സ്പെയിനിനോടാണ് അവര്‍ തോറ്റത്. ഇന്നലെ നടന്ന മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ മരിയോ ബലോട്ടെല്ലിയുടെ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ ലക്സംബര്‍ഗ് വലയിലെത്തിച്ച് മാര്‍ച്ചിസിയോ ഇറ്റലിയെ മുന്നിലെത്തിച്ചെങ്കിലും 85-ാം മിനിറ്റില്‍ മാക്സിം ചാനോട്ട് ലക്സംബര്‍ഗിന്റെ സമനില ഗോള്‍ നേടി.
മറ്റ് മത്സരങ്ങളില്‍ ലോകകപ്പിന് തയ്യാറെടുക്കുന്ന ഉറുഗ്വെ, ചിലി, അള്‍ജീരിയ, ഐവറികോസ്റ്റ്, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളും മികച്ച വിജയം കരസ്ഥമാക്കി. ഉറുഗ്വെ 2-0ന് സ്ലോവേനിയയെയും ചിലി ഇതേ സ്കോറിന് വടക്കന്‍ അയര്‍ലന്റിനെയും പരാജയപ്പെടുത്തിയപ്പോള്‍ ഐവറി കോസ്റ്റ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എല്‍ സാല്‍വദോറിനെ കീഴടക്കി. അള്‍ജീരിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റുമാനിയയെയാണ് സന്നാഹപോരാട്ടത്തില്‍ കീഴടക്കിയത്.
















