ലോകഫുട്ബോളിലെ അനിഷേധ്യ ശക്തികളിലൊന്നാണ് ഇറ്റലി. അതിനെ സാധൂകരിക്കുംവിധം ലോകകപ്പില്‍ എന്നും അവര്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ഇത്തവണയും ഇറ്റലി പ്രതീക്ഷകളുടെ അമരത്തുണ്ട്. അവരുടെ കിരീടമോഹങ്ങള്‍ക്ക് ചാരുതയേകുന്ന ശില്പ്പിക്കു പേര് ആന്ദ്രെ പിര്‍ലോ. ലോകകപ്പിനു മുന്നോടിയായി പിര്‍ലോ ബിബിസി റേഡിയോക്ക് നല്കിയ അഭിമുഖത്തില്‍ നിന്ന്.
ഇംഗ്ലണ്ട് പോലൊരു ടീമിനെതിരെ കളിക്കുമ്പോഴുള്ള വെല്ലുവിളികള്‍?
ഇംഗ്ലണ്ടിനെതിരെ കളിക്കുകയെന്നത് എല്ലായ്പ്പോഴും ബുദ്ധിമുട്ടേറിയ കാര്യംതന്നെ. പ്രത്യേകിച്ച് ലോകകപ്പും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പും പോലുള്ള വലിയ വേദികളില്‍. ഇംഗ്ലണ്ടുമായാണ് ഞങ്ങളുടെ ആദ്യഗ്രൂപ്പ് പോരാട്ടം. അതുകൊണ്ടു തന്നെ മത്സരം വളരെ കടുത്തതും പ്രാധാന്യമുള്ളതുമാണ്.
2012 യൂറോ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറ്റലി ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി. ഇത്തവണ വ്യത്യസ്തമായി എന്തെങ്കിലും പ്രതീക്ഷിക്കുന്നോ?
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ചില പുതിയ കളിക്കാര്‍ വന്നു. ഇംഗ്ലണ്ടില്‍ നിന്നും വ്യത്യസ്തമായി ചിലത് പ്രതീക്ഷിക്കാം. കളിക്കുകയെന്നതാണ് കാര്യം. നല്ല ടീം എല്ലായ്പ്പോഴും ജയിച്ചു മുന്നോട്ടുപോയെന്നു വരില്ല. ഇംഗ്ലണ്ട് ദൃഢതയുള്ളതും സന്തുലിതവുമായ സംഘമാണ്. ആരു ജയിക്കുന്നുവോ അവര്‍ മറ്റുള്ളവരെക്കാള്‍ നന്നായി കളിച്ചെന്നു പറയാം.
പ്രതിയോഗി എന്ന നിലയില്‍ സ്റ്റീവന്‍ ജെറാഡിനെക്കുറിച്ച്?
ജെറാഡ് മഹാനായ താരമാണ്. വര്‍ഷങ്ങളായി ഉന്നത നിലവാരം പുലര്‍ത്തുന്നു. ഇംഗ്ലീഷ് നിരയുടെ നെടുംതൂണാണ് സ്റ്റീവന്‍. അദ്ദേഹത്തിന് ഇതു നല്ല ലോകകപ്പായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.
ഇംഗ്ലണ്ടിന്റെ യുവതാരങ്ങളെപ്പറ്റിയുള്ള അഭിപ്രായം?
അമേരിക്കയില്‍ നടന്ന സൗഹൃദ മത്സരത്തിനിടെ റോസ് ബാര്‍ക്ലിയെ കണ്ടിട്ടുണ്ട്. നല്ല മതിപ്പുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ആദം ലല്ലാനയെക്കുറിച്ച് കൂടുതലായൊന്നും അറിയില്ല. എന്നാല്‍ കേട്ടതെല്ലാം നല്ലകാര്യങ്ങളാണ്.
ആന്ദ്രെ പിര്‍ലോയെപ്പോലെ ഒരു കളിക്കാരനെ ഇംഗ്ലണ്ടിന് എന്തുകൊണ്ട് നേടാന്‍ കഴിഞ്ഞില്ല എന്ന് ചിന്തിച്ചിട്ടുണ്ടോ?
എന്തുകൊണ്ട് അതു സംഭവിക്കുന്നില്ലെന്ന് ആലോചിച്ചിട്ടില്ല. ഇംഗ്ലണ്ടിന്റെ കേളീശൈലി വിഭിന്നമാണ്. ഓരോരുത്തരും വ്യത്യസ്ത രീതിയിലാണ് ഫുട്ബോള്‍ കളിക്കുന്നത്. ഒരുപക്ഷേ എന്നപ്പോലോരാളെ സൃഷ്ടിക്കാനുള്ള പരിശീലനവും തയ്യാറെടുപ്പുകളും വിഭിന്നമായിരുന്നിരിക്കാം. എന്നാല്‍ ഇംഗ്ലണ്ടിന് ചില നല്ല താരങ്ങളുണ്ട്. ‘പിര്‍ലോ ടൈപ്പ്’ അവരുടെ ടീമിലില്ലാത്തത് വലിയൊരു പ്രശ്നമാണെന്ന് കരുതുന്നില്ല.
ഇറ്റലിയെക്കുറിച്ച് എന്തു പറയുന്നു? ആരാണ് ടീമിലെ അപകടകാരി. ആരായിരിക്കും അത്ഭുതപ്പെടുത്തുക?
ആരെങ്കിലും ഉയര്‍ന്നുവരും എന്ന് പ്രതീക്ഷിക്കുന്നു. അതാരാണെന്നതിന് പ്രാധാന്യമില്ല. ആരെങ്കിലും ഉണ്ടായിരിക്കും ഇറ്റലിയുടെ വിജയ ഗോളുകള്‍ കുറിക്കാന്‍.
മരിയോ ബെലോട്ടെല്ലിയായിരിക്കുമോ ആ താരം?
അയാള്‍ കൊള്ളാം. തന്റെ മൂല്യമെന്തെന്ന് മരിയോ ലോകത്തിന് കാട്ടിക്കൊടുക്കണം. മരിയോയുടെ യഥാര്‍ത്ഥ പ്രതിഭ തെളിയിക്കാനുള്ള നല്ല അവസരമാണ് ലോകകപ്പ്.
1990ലെ ഇറ്റാലിയന്‍ ലോകകപ്പിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍?
വീട്ടിലിരുന്ന് അച്ഛനും അമ്മയ്ക്കും ഒപ്പം കളി കണ്ടത് ഓര്‍ക്കുന്നു. വളരെ ആകുലതയോടെയാണ് ഞങ്ങള്‍ അന്ന് കളികള്‍ വീക്ഷിച്ചത്. കാരണം ആതിഥേയര്‍ ഇറ്റലിയായിരുന്നല്ലോ. ആരും ഒരു മത്സരവും നഷ്ടപ്പെടുത്തിയില്ല.
ലോകകപ്പില്‍ പന്തുതട്ടുമ്പോഴുള്ള വികാരം?
ഫുട്ബോള്‍ താരമെന്ന നിലയില്‍ ലോകകപ്പ് കളിക്കുകയെന്നത് ഒരു വലിയ നേട്ടമാണ്. കുട്ടിയായിരിക്കുമ്പോള്‍ നിങ്ങള്‍ സ്വപ്നം കണ്ടിട്ടുണ്ടാവില്ലേ കളിക്കാരനാവണമെന്ന്. ലോകകപ്പില്‍ മാറ്റുരയ്ക്കുക ഏറ്റവും മനോഹരമായ കാര്യമാണ്. ലോകകപ്പില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ബ്രസീലില്‍ നിന്നും നല്ല അനുഭവസമ്പത്ത് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
















