ന്യൂജേഴ്സി: പരിക്ക് ലോകഫുട്ബോളര്‍ ക്രിസ്റ്റ്യാനോയുടെ സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്‌ത്തുന്നു. ഈ ലോകകപ്പിന്റെ താരമാകുമെന്ന് കരുതപ്പെടുന്ന സൂപ്പര്‍താരത്തിന്റെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹമല്‍സരങ്ങള്‍ക്കായും പരിശീലനത്തിനുമായി ടീമിനൊപ്പം ന്യൂജേഴ്സിയിലാണ് റൊണാള്‍ഡോ ഇപ്പോള്‍. റൊണാള്‍ഡോ പരിശീലനത്തിനിറങ്ങിയെങ്കിലും പരിക്കില്‍ നിന്നും ഇതുവരെ മുക്തനായിട്ടില്ല എന്നതാണ് കോച്ച് പൗലോ ബെന്റോയുടെ ഉറക്കം കെടുത്തുന്നത്. ഏറെക്കാലമായി തുടരുന്ന പേശീവലിവിന് പുറമെ റൊണാള്‍ഡോയുടെ ഇടതുകാല്‍മുട്ടിന്റെ ചിരട്ടക്കും പരിക്കുണ്ടെന്ന് പോര്‍ച്ചുഗീസ് ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു.
ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലാണ് റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍താരമായ ക്രിസ്റ്റ്യാനോയ്‌ക്കു പരിക്കേറ്റത്. ഇടതുകാല്‍തുടയുടെ പേശി വലിവിനെ തുടര്‍ന്ന് ഗ്രീസിനെതിരെ നടന്ന സന്നാഹമല്‍സരത്തില്‍ റൊണാള്‍ഡോ കളിച്ചില്ല.
സീസണിന്റെ അവസാനം റയലിനു വേണ്ടിയും റൊണാള്‍ഡോ കളിച്ചിരുന്നില്ല. എന്നാല്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പരിക്ക് പൂര്‍ണമായും ഭേദമാകാത്ത റൊണാള്‍ഡോയെ റയല്‍ കോച്ച് ആന്‍സലോട്ടി കളത്തിലിറക്കിയിരുന്നു. ഇതാണു പരുക്ക് വഷളാവാനുള്ള കാരണമെന്നും ആരോപണമുണ്ട്.
അതേസമയം ക്രിസ്റ്റ്യാനോയുടെ പരിക്കിന് പിന്നില്‍ തന്റെ ദുര്‍മന്ത്രവാദമാണെന്ന അവകാശവാദവുമായി ഘാനക്കാരനായ നാന ക്വാക്കു ബോന്‍സാം രംഗത്തെത്തി.
ഘാന ഉള്‍പ്പെടുന്ന എഫ് ഗ്രൂപ്പിലാണ് പോര്‍ച്ചുഗല്‍ ലോകകപ്പില്‍ കളിക്കേണ്ടത്. ജര്‍മ്മനിയും അമേരിക്കയുമാണ് മറ്റ് ടീമുകള്‍. ഘാനയിലെ അറിയപ്പെടുന്ന ദുര്‍മന്ത്രവാദിയാണ് നാന ക്വാക്കു. ക്രിസ്റ്റ്യാനോക്ക് പരിക്കേല്‍ക്കുമെന്ന് എനിക്കറിയാമായിരുന്നു. അതിന്റെ പണിപ്പുരയിലായിരുന്നു ഞാന്‍. കഴിഞ്ഞ ആഴ്ച ഈ ദുര്‍മന്ത്രവാദത്തിനായി നാല് പട്ടികളെ പിടികൂടിയിരുന്നു. കാഹ്വിരി കപ്പം എന്ന പ്രത്യേക ശക്തിയെ കൂട്ടുപിടിച്ചാണ് ദുര്‍മന്ത്രവാദം പൂര്‍ത്തിയാക്കിയത് എന്നും ഇയാള്‍ അവകാശപ്പെടുന്നുണ്ട്.
ക്രിസ്റ്റ്യാനോയുടെ പരിക്ക് ഒരിക്കലും ഭേദമാവില്ലെന്നും അതിന്റെ കാരണം ആത്മാക്കളെ ഉപയോഗിച്ചുള്ള പരിക്ക് കണ്ടെത്താനാവാത്തതാണെന്നും നാന ക്വാക്കു പറയുന്നു. ദുര്‍മന്ത്രവാദം തുടരുമെന്ന് ഇയാള്‍ പറയുമ്പോഴും ക്രിസ്റ്റ്യാനോയുടെ സാന്നിധ്യം ലോകകപ്പില്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോഴും പോര്‍ച്ചുഗീസ് ടീം അധികൃതര്‍.
അതേസമയം റൊണാള്‍ഡോ തികഞ്ഞ വിശ്രമത്തിലാണെന്നും കായിക ക്ഷമത വീണ്ടെടുത്ത് ലോകകപ്പില്‍ കളിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സഹതാരം നാനി അറിയിച്ചു. എന്തെങ്കിലും കാരണം മൂലം റൊണാള്‍ഡോയുടെ അപര്യാപ്തതയില്‍ ടീമിനു കളിക്കാനിറങ്ങേണ്ട സാഹചര്യം വന്നാല്‍ അതിനെ നേരിടുന്നതിനായി ടീം അംഗങ്ങള്‍ തയ്യാറാകേണ്ടതാണെന്നും ഈ ലോകകപ്പ് ടീമിന് വെല്ലുവിളി നിറഞ്ഞതാണെന്നും അതിനെ അതിജീവിക്കാനുള്ള പരിശ്രമത്തിലാണ് ടീം അംഗങ്ങളെന്നും നാനി കൂട്ടിച്ചേര്‍ത്തു.
















