ഹേഗ്: ലോകകപ്പ് ഹോക്കിയിലെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് സ്പെയിനിനെ നേരിടും. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ബെല്‍ജിയത്തോടും ഇംഗ്ലണ്ടിനോടും പരാജയപ്പെട്ട ഇന്ത്യക്ക് ഇന്ന് സ്പെയിനിനെ കീഴടക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ നേരിയ പ്രതീക്ഷയെങ്കിലും ബാക്കിയാവൂ. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അവസാന നിമിഷങ്ങളില്‍ വഴങ്ങിയ ഗോളിനാണ് ഇന്ത്യ കീഴടങ്ങിയിരുന്നത്. ഈ രണ്ട് മത്സരങ്ങളിലും ഇന്ത്യ മേധാവിത്വം നേടിയെങ്കിലും കിട്ടിയ അവസരങ്ങള്‍ ഗോളിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടതാണ് തിരിച്ചടിയായത്. ബെല്‍ജിയത്തിനെതിരെ 3-2നും ഇംഗ്ലണ്ടിനെതിരെ 2-1നുമാണ് ഇന്ത്യ കീഴടങ്ങിയത്. അതേസമയം സ്പെയിനാകട്ടെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ 1-1ന് സമനിലയില്‍ തളച്ചെങ്കിലും രണ്ടാം മത്സരത്തില്‍ കരുത്തരായ ഓസ്ട്രേലിയയോട് 3-0ന് പരാജയപ്പെട്ടിരുന്നു. സ്പെയിനും ഇന്ന് ആദ്യ വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്.
ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ട് ഓസ്ട്രേലിയും ബെല്‍ജിയവും ഏറ്റുമുട്ടും. ആദ്യ മത്സരത്തില്‍ ഇന്ത്യയെ കീഴടക്കിയ ബെല്‍ജിയം രണ്ടാം മത്സരത്തില്‍ മലേഷ്യയെ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ഓസ്ട്രേലിയ സ്പെയിനിനെ യും മലേഷ്യയെയുമാണ് കീഴടക്കിയത്. മറ്റൊരു മത്സരത്തില്‍ മലേഷ്യ ഇംഗ്ലണ്ടുമായും ഏറ്റുമുട്ടും.
















