ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഏഷ്യന്‍ ശക്തികളായ ജപ്പാന് മികച്ച വിജയം. ലോകകപ്പിന് യോഗ്യത നേടിയ രണ്ട് ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടിയ പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കോസ്റ്ററിക്കയെയാണ് ജപ്പാന്‍ തകര്‍ത്തുവിട്ടത്. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ജപ്പാന്‍ പടയോട്ടം നടത്തിയത്.
കളിയുടെ 31-ാം മിനിറ്റില്‍ ബ്രയാന്‍ റൂയിസിന്റെ ഗോളിലൂടെ കോസ്റ്ററിക്ക ലീഡ് നേടി. ജപ്പാന്‍ പ്രതിരോധനിര താരം യാസ്യുകി കോനോയുടെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. ആദ്യപകുതിയില്‍ ഈ ഒരു ഗോളിന് അവര്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്തു. ഇതിനിടെ ജപ്പാന്‍ ഷിന്‍ജി കഗാവയുടെയും യാസുഹിതോ എന്‍ഡോയുടെയും നേതൃത്വത്തില്‍ ശക്തമായി തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും കോസ്റ്ററിക്കന്‍ പ്രതിരോധം ഗോളടിക്കാന്‍ വിടാതെ അവരെ പിടിച്ചുകെട്ടി. എന്നാല്‍ 60-ാം മിനിറ്റില്‍ ജപ്പാന്‍ സമനില പിടിച്ചു. ക്യാപ്റ്റന്‍ കീസുകി ഹോണ്ട ബോക്സിലേക്ക് നീട്ടിനല്‍കിയ പാസില്‍ നിന്ന് യാസുഹിതോ എന്‍ഡോയാണ് സമനില ഗോള്‍ നേടിയത്. പിന്നീട് 80-ാം മിനിറ്റില്‍ ഷിന്‍ജി കഗാവയും ഇഞ്ച്വറി സമയത്ത് യ്യുച്ചിരോ കാകിതാനിയും ലക്ഷ്യം കണ്ടതോടെ വിജയം ജപ്പാന് സ്വന്തമായി.
















