ലോകകപ്പ് ഫുട്ബോള്‍ പോരാട്ടത്തിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളില്‍ ബെല്‍ജിയത്തിന് തകര്‍പ്പന്‍ വിജയം. അതേസമയം മുന്‍ ലോകചാമ്പ്യന്മാരായ ജര്‍മ്മനിയും ഫ്രാന്‍സും സമനിലയില്‍ കുടുങ്ങുകയും ചെയ്തു. ജര്‍മ്മനിയെ ആഫ്രിക്കന്‍ കരുത്തരായ കാമറൂണും ഫ്രാന്‍സിനെ പരാഗ്വെയും സമനിലയില്‍ തളച്ചപ്പോള്‍ ബെല്‍ജിയം മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സ്വീഡനെ തകര്‍ത്താണ് സന്നാഹ പോരാട്ടം ഗംഭീരമാക്കിയത്.
സ്വീഡനെതിരായ മത്സരത്തില്‍ 32-ാം മിനിറ്റില്‍ റൊമേലു ലുകാകുവും 78-ാം മിനിറ്റില്‍ ഈഡന് ഹസാര്‍ഡുമാണ് ബെല്‍ജിയത്തിനായി ഗോളുകള്‍ നേടിയത്.
അതേസമയം ജര്‍മ്മനിക്കും ഫ്രാന്‍സിനും സന്നാഹ മത്സരങ്ങള്‍ കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. കാമറൂണിനെതിരായ മത്സരത്തില്‍ ആദ്യം ഒരു ഗോളിന് പിന്നിട്ടുനില്‍ക്കുകയും പിന്നീട് ഒരു ഗോളിന് മുന്നിലെത്തുകയും ചെയ്തശേഷമാണ് ജര്‍മ്മന്‍ പട സമനില വഴങ്ങിയത്. ലോകകപ്പിന് യോഗ്യത നേടിയ രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ 62-ാം മിനിറ്റില്‍ വെറ്ററന്‍ സ്ട്രൈക്കര്‍ സാമുവല്‍ ഏറ്റുവിലൂടെയാണ് കാമറൂണ്‍ ആദ്യം ലീഡ് നേടിയത്. എന്നാല്‍ നാല് മിനിറ്റിനുശേഷം തോമസ് മുള്ളറിലൂടെ ജര്‍മ്മനി സമനില പിടിച്ചു. അഞ്ച് മിനിറ്റിനുശേഷം ആന്ദ്രെ ഷര്‍ലെ ജര്‍മ്മന്‍ ടീമിനെ മുന്നിലെത്തിച്ചെങ്കിലും 78-ാം മിനിറ്റില്‍ ചോപൊ മോടിംഗിലൂടെ കാമറൂണ്‍ സമനില ഗോള്‍ നേടി.
പരാഗ്വെക്കെതിരായ മത്സരത്തില്‍ ഒരു ഗോളിന് മുന്നിട്ടുനിന്നശേഷമാണ് ഫ്രാന്‍സ് സമനില വഴങ്ങിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 82-ാം മിനിറ്റില്‍ ഗ്രീസ്മെന്നിലൂടെ ഫ്രഞ്ച് പട ലീഡ് നേടിയെങ്കിലും 89-ാം മിനിറ്റില്‍ വിക്ടര്‍ കാസറസിലൂടെ പരാഗ്വെ മുന്‍ ലോകചാമ്പ്യന്മാരെ സമനിലയില്‍ തളക്കുകയായിരുന്നു.
മറ്റൊരു മത്സരത്തില്‍ അമേരിക്ക ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തുര്‍ക്കിയെ പരാജയപ്പെടുത്തി സന്നാഹ പോരാട്ടത്തില്‍ മികച്ച വിജയം സ്വന്തമാക്കി. കളിയുടെ 26-ാം മിനിറ്റില്‍ ഫാബിയന്‍ ജോണ്‍സനും 52-ാം മിനിറ്റില്‍ ഡെമ്പ്സിയുമാണ് അമേരിക്കയുടെ ഗോളുകള്‍ നേടിയത്.
അതേസമയം സന്നാഹപോരാട്ടത്തില്‍ ലോകകപ്പിന് യോഗ്യത നേടിയ ഹോണ്ടുറാസിന് തിരിച്ചടിനേരിട്ടു. ഇസ്രയേലാണ് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഹോണ്ടുറാസിനെ കീഴടക്കിയത്.
















