ലോകകപ്പിനുള്ള 23 അംഗ ഇറ്റാലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഫിയോറന്റീന സ്ട്രൈക്കര്‍ ഗ്വിസെപ്പെ റോസിയെയും എസി മിലാന് മിഡ്ഫീല്‍ഡര്‍ റിക്കാര്‍ഡോ മോണ്ടിവിലോയെയും ഒഴിവാക്കിയാണ് കോച്ച് സെസാര്‍ പ്രാന്‍ഡെല്ലി ടീമിനെ പ്രഖ്യാപിച്ചത്. അയര്‍ലന്റിനെതിരായ സന്നാഹ മത്സരത്തിനിടെ പരിക്കേറ്റതാണ് റോസിക്കും മോണ്ടിവിലോക്കും തിരിച്ചടിയായത്. റോസിക്ക് കാല്‍മുട്ടിന് പരിക്കേറ്റപ്പോള്‍ മോണ്ടിവിലോക്ക് ഇടതുകാലിന് പൊട്ടലേറ്റു.
മോണ്ടിവിലോ 16-ാം മിനിറ്റിലും ഗ്വിസെപ്പെ റോസി 71-ാം മിനിറ്റിലുമാണ് പരിക്കേറ്റ് കളിക്കളത്തില്‍ നിന്ന് കയറിയത്. അതേസമയം പാര്‍മയുടെ അന്റോണിയോ കസാനൊ ടീമില്‍ ഇടംനേടി. കഴിഞ്ഞ സീസണില്‍ പാര്‍മക്ക് വേണ്ടി 12 ഗോളുകള്‍ നേടിയതാണ് കസാനോക്ക് തുണയായത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ പരിക്കിനെ തുടര്‍ന്ന് മിക്കവാറും സമയങ്ങളില്‍ പുറത്തിരിക്കേണ്ടി വന്ന പ്രതിരോധനിരയിലെ കരുത്തന് ആന്ദ്രെ ബര്‍സാഗ്ലിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബര്‍സാഗ്ലിയുടെ പരിക്ക് ഭേദമായില്ലെങ്കില്‍ സെന്റര്‍ ബാക്ക് ആന്ദ്രെ റനോച്ചിയയായിരിക്കും കളത്തിലിറങ്ങുക.
ഗ്രൂപ്പ് ഡിയില്‍ ഉറുഗ്വെ, ഇംഗ്ലണ്ട്, കോസ്റ്ററിക്ക തുടങ്ങിയവരാണ് ഇറ്റലിയുടെ എതിരാളികള്‍. ജൂണ്‍ 14ന് ഇംഗ്ലണ്ടിനെതിരെയാണ് ലോകകപ്പിലെ ഇറ്റലിയുടെ ആദ്യ പോരാട്ടം.
ടീം: ഗോള്‍കീപ്പര്‍മാര്‍: ബഫണ്, സാല്‍വദോര്‍ സിരിഗു, മാറ്റിയ പെറിന്. പ്രതിരോധനിര: ആന്ദ്രെ ബര്‍സാഗ്ലി, ലിയനാര്‍ഡോ ബൊനൂച്ചി, ജിയോറിഗോ ചില്ലെനി, ഗബ്രിയേല്‍ പലേറ്റ. മധ്യനിര: ആന്ദ്രെ പിര്‍ലോ, ക്ലോഡിയോ മാര്ച്ചിസോ, തിയാഗോ മോട്ടാ, മാര്‍കോ വെരാറ്റി, ഡനിയേല ഡി റോസി, അന്റോണിയോ കാന്‍ഡ്രിവ, മാര്‍കോ പാറോലോ, ആല്‍ബര്‍ട്ടോ അക്വിലാനി. മുന്നേറ്റനിര: മരിയോ ബലോട്ടെല്ലി, അന്റോണിയോ കസാനോ, അലെസ്സിയോ സെര്‍സി, സിറോ ഇമ്മോബിലെ, ലോറന്‍സെ ഇന്‍സിഗ്നെ.
ജര്‍മ്മന്‍ ടീം
മിറോസ്ലാവ് ക്ലോസെയെയും ലൂക്കാസ് പൊഡോള്‍സ്കിയെയും സ്ട്രൈക്കര്‍മാരാക്കി ലോകകപ്പിനുള്ള 23 അംഗ ടീമിനെ ജര്‍മ്മന്‍ കോച്ച് ജോക്വിം ല്യു പ്രഖ്യാപിച്ചു. ബയേണ്‍ മ്യൂണിക്കിന്റെ ഫിലിപ്പ് ലാമാണ് ടീം ക്യാപ്റ്റന്‍. നേരത്തെ പ്രഖ്യാപിച്ച 30 അംഗ ടീമില്‍ നിന്ന് സ്ട്രൈക്കര്‍ കെവിന് വൊല്ലനാഡ്, പ്രതിരോധനിര താരങ്ങളായ ഷോഡ്രാന് മുസ്തഫി, മാഴ്സല്‍ ഷ്മെല്‍സര്‍, മാക്സ് മെയര്‍, ലിയോണ്‍ ഗൊരെറ്റ്സ്ക, ആന്ദ്രെ ഹാന്‍, മാര്‍സെല്‍ ജാന്സന്, ലാര്‍സ് ബെന്റര്‍ എന്നിവരാണ് ഒഴിവാക്കിയാണ് 23 അംഗ ടീമിനെ പ്രഖ്യാപിച്ചത്.
തുടര്‍ച്ചയായ നാലാം ലോകകപ്പിനാണ് ഇത്തവണ ക്ലോസെ ബൂട്ടുകെട്ടുക. ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്നു ബഹുമതി സ്വന്തമാക്കാനും ക്ലോസെക്ക് ഇത്തവണ അവസരമുണ്ട്. രണ്ട് ഗോളുകള്‍ കൂടി നേടിയാല്‍ ഈ ബഹുമതി ക്ലോസെക്ക് സ്വന്തമാകും. മൂന്ന് ലോകകപ്പുകളില്‍ നിന്ന് 14 ഗോളുകളാണ് ക്ലോസെ ഇതുവരെ നേടിയിട്ടുള്ളത്. 15 എണ്ണം നേടിയ ബ്രസീലിന്റെ റൊണാള്‍ഡോയാണ് മുന്നില്‍. ദേശീയ ടീമിനായി 131 മത്സരങ്ങളില്‍ നിന്ന് 68 ഗോളുകളാണ് ക്ലോസെ ഇതുവരെ നേടിയിട്ടുള്ളത്.
ഗ്രൂപ്പ് ജിയില്‍ പോര്‍ച്ചുഗല്‍, ഘാന, അമേരിക്ക എന്നീ ടീമുകളാണ് ജര്‍മ്മനിക്കൊപ്പം കളിക്കുന്നത്. 16ന് തങ്ങളുടെ ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലാണ് ജര്‍മ്മനിയുടെ എതിരാളികള്‍.
ടീം: ഗോള്‍കീപ്പര്‍മാര്‍: മാന്യുവല്‍ ന്യുയര്‍, റോമന്‍ വിഡന്ഫെല്ലര്, റോന്‍ റോബര്‍ട്ട് സീലര്‍. പ്രതിരോധനിര: ജെറോം ബോട്ടെംഗ്, എറിക് ഡ്രം, കെവിന് ഗ്രോസ്സ്ക്ര്യൂറ്റ്സ്, ബെനഡിക്ട് ഹൗഡെസ്, മാറ്റ്സ് ഹമ്മല്‍സ്, ഫിലിപ്പ് ലാം, പര് മെര്‍റ്റസാക്കര്‍. മധ്യനിര: ജൂലിയന്‍ ഡ്രാക്സ്ലര്, മാത്തിയാസ് ഗിന്റര്‍, മരിയോ ഗോട്സെ, ക്രിസ്റ്റഫര്‍ ക്രാമര്‍, സമി ഖദീര, ടോണി ക്രൂസ്, തോമസ് മുള്ളര്‍, മെസ്യൂട്ട് ഓസില്‍, മാര്‍ക്കോ റയസ്, ആന്ദ്രെ ഷര്‍ലെ, ബാസ്റ്റ്യന്‍ ഷ്വയ്ന്‍സ്റ്റീഗര്‍. സ്ട്രൈക്കര്‍മാര്‍: മിറോസ്ലാവ് ക്ലോസെ, ലൂക്കാസ് പൊഡോള്സ്കി.
















