തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറുടെ ഉടമസ്ഥതയിലുള്ള കൊച്ചിന് ക്ലബ്ബിന്റെ പേരു പ്രഖ്യാപിച്ചു. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ്ബ് എന്നാണ് കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ടീമിന്റെ പേര്. സച്ചിനുമായുള്ള കൂടിക്കാഴ്ച്ചക്കു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ടീമിന്റെ പേര് പ്രഖ്യാപിച്ചത്.
കേരളം ആതിഥേയത്വം വഹിക്കുന്ന ദേശീയ ഗെയിംസിന്റെ ഗുഡ്വില് അംബാസഡറാവാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണവും സച്ചിന് സ്വീകരിച്ചു. തനിക്കുള്ള ബഹുമതിയാണ് ഇതെന്ന് സച്ചിന് പറഞ്ഞു. കേരളം നല്കിയ സ്വീകരണത്തില്‍ അതിയായ സന്തോഷമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് കേരളത്തിലെ ഫുട്ബോളിന്റെ വളര്‍ച്ചയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും സച്ചിന് പറഞ്ഞു.
ക്ലബ്ബിന് സര്‍ക്കാരിന്റേയും ജനങ്ങളുടേയും മാധ്യമങ്ങളുടേയും പിന്തുണയും അദ്ദേഹം അഭ്യര്‍ഥിച്ചു. കേരളത്തിലെ ഫുട്ബോള്‍ പാരമ്പര്യത്തിനുള്ള ആദരസൂചകമായാണ് ക്ലബ്ബിന്റെ പേരില്‍ കേരള എന്നുചേര്ത്തത്്. തന്നെ എല്ലാവരും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്നാണു വിളിക്കുന്നത്. അതിനുള്ള നന്ദി കൂടിയാണ് ടീമിന് കേരള ബ്ലാസ്റ്റേഴ്സ് എന്നു പേരിട്ടത്. ക്ലബ്ബ് കേരളാ ഫുട്ബോളില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ക്ലബ്ബിന്റെ നേതൃത്വത്തില്‍ കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കും. 1.25 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്, സച്ചിന് പറഞ്ഞു.
രാവിലെ എട്ടരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സച്ചിനെ കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റും ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനുമായ ടി.സി. മാത്യുവിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. തുടര്‍ന്ന് സച്ചിന് മുഖ്യമന്ത്രി ആറന്മുള കണ്ണാടി സമ്മാനിച്ചു. പിന്നീട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെയും സച്ചിന് സന്ദര്‍ശിച്ചു.
















