ന്യൂദല്‍ഹി: ആദ്യ വനിത വിദേശകാര്യമന്ത്രിയെന്ന പദവി കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ ഒരു പൊന്‍തൂവല്‍ കൂടിയായി.
25-ാം വയസില്‍ മന്ത്രി സ്ഥാനത്തെത്തിയ ആദ്യ വനിത, ദല്‍ഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രി, രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആദ്യ വനിതാ വക്താവ് തുടങ്ങിയ ബഹുമതികള്‍ക്ക് പുറമേയാണ് ആദ്യ വനിതാ വിദേശകാര്യ മന്ത്രിയെന്ന സ്ഥാനവും ലഭിച്ചിരിക്കുന്നത്. നരേന്ദ്രമോദിയുടെ നയിക്കുന്ന മന്ത്രിസഭയിലെ വിദേശകാര്യ വകുപ്പിനൊപ്പം പ്രവാസികാര്യ വകുപ്പിന്റെ ചുമതലകൂടി സുഷമ വഹിക്കുന്നുണ്ട്. ഇന്ത്യയുടെ അന്താരാഷ്‌ട്ര സ്വാധീനം വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും പാകിസ്ഥാനും ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയെന്ന വെല്ലുവിളി വിദേശകാര്യ വകുപ്പ് നേരിടുകയും ചെയ്യുന്ന അവസ്ഥ നിലനില്‍ക്കുമ്പോഴാണ് സുഷമ വിദേശകാര്യമന്ത്രിയായി സ്ഥാനമേറ്റിരിക്കുന്നത്. വിദേശകാര്യ സെക്രട്ടറിയും വനിതയാണ്, സുജാത സിങ്. ഭാവിയില്‍ വകുപ്പില്‍ പെണ്‍കരുത്ത് തെളിയാനുള്ള സാധ്യതയും ഏറെയാണ്.
25-ാം വയസില്‍, 1977ലാണ് സുഷമ കാബിനറ്റ് മന്ത്രിയായി സ്ഥാനമേറ്റത്. 1979ല്‍ ഹരിയാനയില്‍ പാര്‍ട്ടിയുടെ അധ്യഷയായി. മികച്ച പാര്‍ലമെന്റേറിയന്‍ അവാര്‍ഡും സുഷമയ്‌ക്ക് ലഭിച്ചിട്ടുണ്ട്. നിയമ ബിരുദധാരിയായ അവര്‍ സുപ്രീംകോടതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഴ് പ്രാവശ്യം പാര്‍ലമെന്റംഗവും മൂന്ന് പ്രാവശ്യം നിയമസഭാംഗവുമായിട്ടുണ്ട്. ആര്‍എസ്‌എസില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ച് 1970 ല്‍ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയില്‍ ചേര്‍ന്നു. 1977 മുതല്‍ 1982 വരെ അംബാല കന്റോണ്‍മെന്റ് മണ്ഡലത്തില്‍ നിന്നും വിജയിച്ചാണ് നിയമസഭാംഗമായത്. 1996ല്‍ വാജ്പേയി സര്‍ക്കാരില്‍ 13 ദിവസത്തേക്ക് വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ചുമതലയേറ്റു. വാജ്പേയി മന്ത്രിസഭയില്‍ നിന്നു രാജിവച്ച് 1998ല്‍ ദല്‍ഹിയിലെ ആദ്യ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
















