ന്യൂദല്‍ഹി: ബിജെപി ആസ്ഥാനമായ 11 അശോകാ റോഡിലെ കെട്ടിടത്തിനു ചേര്‍ന്നുള്ള ഒരു ഇടുങ്ങിയ മുറിയില്‍നിന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 റേസ് കോഴ്‌സ് റോഡിലേക്ക് ദൂരം അളന്നാല്‍ അഞ്ചു കിലോ മീറ്റര്‍ മാത്രം. പക്ഷേ അത്രയും നടന്നു കയറാനുള്ള ജീവിത ദൂരം വലുതാണ്. അവിടേക്കു കടന്ന നരേന്ദ്ര മോദിയുടെ ജീവിതം നല്‍കുന്നത് വലിയൊരു രാഷ്‌ട്രീയ സന്ദേശമാണ്, അതൊരു വലിയ സാമൂഹ്യ സന്ദേശമാണ്. അത് ലോക ജനാവലിക്കും മികച്ച മാതൃകയാണ്.
1995-ല്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി ന്യൂദല്‍ഹിയിലെത്തുമ്പോള്‍ മോദി കഴിഞ്ഞത് 9-ാം നമ്പര്‍ അശോകാ റോഡിലെ ഇടുങ്ങിയൊരു മുറിയിലായിരുന്നു. ഒപ്പം അന്നു കഴിഞ്ഞത് അടുത്ത ബിജെപി ദേശീയ അദ്ധ്യക്ഷനായേക്കുമെന്ന് ഊഹിക്കുന്ന ജെ.പി. നദ്ദ. പാര്‍ട്ടി ആസ്ഥാനമായ 11-ാം നമ്പര്‍ അശോകാ റോഡിലെ കെട്ടിടവുമായി ഒരു വിക്കറ്റ് ഗേറ്റുമാത്രമാണീ കെട്ടിടത്തിനുണ്ടായിരുന്നത്.
2001-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകും വരെ 1995 മുതല്‍ ഇവിടെയായിരുന്നു താമസിച്ചത്. അതിനകം മികച്ചൊരു പാര്‍ട്ടി മാനേജരായി അംഗീകാരം നേടിയ മോദി 1990-ല്‍ എല്‍.കെ. അദ്വാനി നടത്തിയ സോമനാഥ്-അയോദ്ധ്യ രഥയാത്രയുടെ മുഖ്യ സംഘാടകനായി.
അന്ന് മോദിയെ അവിടെ കണ്ടിരുന്ന ഒപ്പമുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കള്‍ പറയുന്നു, മോദി അന്നേ സാങ്കേതിക വിഷയങ്ങളില്‍ നിപുണനായിരുന്നു, കൃത്യനിഷ്ഠയും കുറച്ചു മാത്രം സംസാരിക്കുകയും കൂടുതല്‍ സമയം പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളായിരുന്നു.
അദ്ദേഹത്തോടൊപ്പം അശോകാ റോഡില്‍ താമസിച്ചിരുന്നവരില്‍ ജനറല്‍ സെക്രട്ടറി രാംലാല്‍, നദ്ദ, പ്രകാശ് ജാവ്‌ദേക്കര്‍, പ്രഭാത് ഝാ എന്നിങ്ങനെ ഒട്ടേറെ നേതാക്കളുണ്ട്. ഈ ബംഗ്ലാവ് ബ്രിട്ടീഷ് ഭരണകാലത്ത് ലുത്യേന്‍സിന്റെ ദല്‍ഹി വീടായിരുന്നു.
പലരും നരേന്ദ്ര ഭായ് എന്നു വിളിച്ചിരുന്ന മോദി പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ എപ്പോഴും സമയം കണ്ടിരുന്നതായി പാര്‍ട്ടി ഓഫീസിലുള്ള പലരും പറയുന്നു. പഴയ തലമുറയില്‍ പെട്ട ജെ.പി. മാഥൂര്‍, ജന കൃഷ്ണമൂര്‍ത്തി തുടങ്ങിയവരില്‍നിന്നു പാര്‍ട്ടിയുടെ കാര്യങ്ങളും പഴയ ചരിത്രങ്ങളും കേള്‍ക്കുന്ന പ്രകൃതവും മോദിക്കുണ്ടായിരുന്നു.
അന്നും മോദിയുടെ വേഷം സുപ്രധാനമായിരുന്നു. അലക്കിപ്പശയിട്ടു തേച്ച വെള്ളക്കുര്‍ത്തയായിരുന്നു മിക്കപ്പോഴും വേഷം. ചീകിവെച്ച മുടിയും വെട്ടിച്ചെറുതാക്കിയ താടിയും.. ആകെക്കൂടി ഒരു ഗൗരവക്കാരന്റെ പരിവേഷം.
മോദിക്കു അക്കാലത്തും ഒരു ലാപ്‌ടോപ് ഉണ്ടായിരുന്നതായി ഒരു സഹപ്രവര്‍ത്തകന്‍ ഓര്‍മ്മിക്കുന്നു. അതുവളരെ പഴയതും ഏറെ കനമുള്ളതുമായിരുന്നു. ഒരു പഴഞ്ചന്‍ മൊബൈല്‍ ഫോണും, ഇന്റര്‍നെറ്റില്‍ വിവരം തേടല്‍ മോദിയുടെ മുഖ്യ ജോലികളിലൊന്നായിരുന്നു. മോദി അന്നു തുടങ്ങിയത് ഇന്ന് അദ്ദേഹത്തെ അതില്‍ ഒരു വിദഗ്‌ദ്ധനാക്കിയിരിക്കുന്നു.
ഇന്ന് മോദി 7 റേസ്‌കോഴ്‌സില്‍ കയറുമ്പോള്‍ അദ്ദേഹം ഒരിക്കലും സ്വപ്‌നം കാണാത്തതും ആശിക്കാത്തതുമായ അധികാരത്തിന്റെ ബംഗ്ലാവിലേക്കാണു കടക്കുന്നത്. പക്ഷേ, ആ വഴിയില്‍ ലക്ഷ്യം ഇതായിരുന്നില്ലെങ്കിലും മാര്‍ഗ്ഗം വളരെ കൃത്യമായിരുന്നു. അതുകൊണ്ടുതന്നെ ലക്ഷ്യം തെറ്റാതെ എത്തേണ്ടിടത്തെത്തി. അര്‍ഹിക്കുന്നിടത്തെത്തി. അശോകാ റോഡില്‍നിന്ന് റേസ്‌കോഴ്‌സ് റോഡിലേക്ക് എത്തുമ്പോള്‍ മോദിക്ക് പക്ഷേ ഒരു മാറ്റവുമില്ല, ചിന്തയിലും പ്രവൃത്തിയിലും മോദിക്കു മാറ്റമില്ല, കാരണം അന്നും ഇന്നും എന്നും തനിക്ക് രാജ്യമാണ് വലുതെന്ന മോദി നിലപാടിന് ഒരു മാറ്റവുമില്ല.
















