ന്യൂദല്‍ഹി: ശ്രവണശേഷിയില്ലാത്തവരും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആസ്വദിക്കും. ഇന്ത്യയിലെ 18 ദശലക്ഷത്തോളം ബധിരര്‍ക്കായി സത്യപ്രതിജ്ഞാ ചടങ്ങ് ആംഗ്യഭാഷയിലേയ്‌ക്ക് പരിഭാഷപ്പെടുത്താന്‍ മൂന്ന് വ്യാഖ്യതാക്കളെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ പൂര്‍ണ്ണരൂപം ബധിരര്‍ക്കായി ആംഗ്യഭാഷയിലും അവതരിപ്പിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിട്ടുണ്ടെന്ന് ഡിസേബിള്‍ഡ് റൈറ്റ്സ് ഗ്രൂപ്പ് അറിയിച്ചു. ചരിത്രത്തില്‍തന്നെ ആദ്യമായാണ് പൊതുപരിപാടിയില്‍ അംഗവൈകല്യമുള്ളവര്‍ക്കും തുല്യ പരിഗണന നല്‍കുന്നത്.
ഇതോടെ ബധിരരെയും ഈ ചടങ്ങിന്റെ ഭാഗമാക്കാന്‍ കഴിയുമെന്ന് ഡിആര്‍ജി കണ്‍വീനര്‍ ജാവേദ് അബിദി അഭിപ്രായപ്പെട്ടു. ആംഗ്യഭാഷ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി നാഷണല്‍ അസോസിയേഷന്‍ ഓഫ് ദി ഡഫ് സംഘടനയുടെ പ്രതിനിധിസംഘം ബിജെപി അദ്ധ്യക്ഷന്‍ രാജ്നാഥ് സിങ്ങിനെ സന്ദര്‍ശിച്ചിരുന്നു, വിഷയം അവതരിപ്പിച്ചയുടന്‍ സിങ് അംഗീകരിക്കുകയും ചെയ്യ്തു. സത്യപ്രതിജ്ഞാചടങ്ങില്‍ മാത്രമല്ല ഭാവിയില്‍ നടക്കുന്ന പൊതുപരിപാടികളിലും ബധിരപ്രേക്ഷകര്‍ക്കുവേണ്ടി രാജ്യത്തുടനീളം ഈ സംവിധാനം ഉണ്ടാകുമെന്ന് ദൂരദര്‍ശന്‍ അറിയിച്ചതായി നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് ദി ഡഫ് സംഘടനയിലെ അനുജ് ജെയ്ന്‍ പറഞ്ഞു.
















