ജര്‍മ്മന്‍ മിഡ്ഫീല്‍ഡര്‍ ലാര്‍സ് ബെന്ഡറുടെ ലോകകപ്പ് മോഹം പൊലിഞ്ഞു. തുടയ്ക്കു പരിക്കേറ്റ ബെന്‍ഡര്‍ ജര്‍മ്മന്‍ ടീമില്‍ നിന്ന് പുറത്തായി. ബെയര്‍ ലെവര്‍കൂസന്റെ താരമായ ബെന്ഡര്ക്ക് പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. ലാര്‍സിന്റെ കാര്യമാലോചിക്കുമ്പോള്‍ സങ്കടം തോന്നുന്നു. ബ്രസീലില്‍ ജര്‍മ്മനിക്ക് അവശ്യംവേണ്ട താരമായിരുന്നു അദ്ദേഹം, കോച്ച് ജോക്വിം ലോ പറഞ്ഞു, ബ്രസീലിയന്‍ ലോകകപ്പില്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന ജര്‍മ്മന്‍ ടീമിന് പരിക്കുകള്‍ ഇതിനകം തലവേദന സൃഷ്ടിച്ചുകഴിഞ്ഞു. ബെന്ഡറുടെ ഇരട്ട സഹോദരനായ സ്വെന്നിന് പേശിവലിവുമൂലം പ്രാഥമിക ടീമില്‍പ്പോലും ഇടം നേടാനായിരുന്നില്ല. മരിയോ ഗോമസിനും അതേവിധിയായിരുന്നു. പരിചയ സമ്പന്നനായ സ്ട്രൈക്കര്‍ മിറോസ്ലാവ് ക്ലോസെയും റയല്‍ മാഡ്രിഡ് സ്റ്റാര്‍ സമി ഖേദിരയും ലോകകപ്പിനുണ്ടാവുമോയെന്ന കാര്യത്തിലും ഉറപ്പില്ല. പരിക്കലട്ടുന്ന ക്ലോസെ പരിശീലനം പോലും ആരംഭിച്ചിട്ടില്ല. കാല്‍ക്കുഴയ്ക്കു വേദനയുള്ള ക്യാപ്റ്റന്‍ ഫിലിപ്പ് ലാമും തോളിനു പരിക്കേറ്റ ഗോളി മാനുവേല്‍ ന്യൂയറും പരിശീലന ക്യാംപിലെ അസാന്നിധ്യങ്ങളില്പ്പെടുന്നു.
















