ലിസ്ബണ്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിലെ ജേതാവിനെ കണ്ടെത്താന്‍ ഇന്നു മാഡ്രിഡ് ഡെര്‍ബി. പോര്‍ച്ചുഗലിലെ ലിസ്ബണിലെ മൈതാനത്തില്‍ രാത്രി 12.15ന് നേര്‍ക്കുനേര്‍വരുന്നത് ബദ്ധവൈരികളും അയല്‍ക്കാരുമായ റയല്‍ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡും. ഇതാദ്യമായാണ് യൂറോപ്യന്‍ ഫുട്ബോളിലെ ഏറ്റവും അമൂല്യമായ കിരീടത്തിനായി ഒരേ നഗരത്തിലെ ടീമുകള്‍ കൊമ്പുകോര്‍ക്കുന്നത്. മത്സരം ടെന്‍ സ്പോര്‍ട്സില്‍ ലൈവായി കാണാം.
പതിനെട്ടുവര്‍ഷങ്ങള്‍ക്കുശേഷം സ്പാനിഷ് ലീഗ് കിരീടം നേടിയതിന്റെ ആവേശത്തിലാണ് അത്ലറ്റിക്കോ മാഡ്രിഡ്. അതവര്‍ക്ക് മാനസികമായി ഏറെ ആധിപത്യം നല്‍കുന്നുണ്ട്. പ്രത്യേകിച്ച് അവസാന ലീഗ് മത്സരത്തില്‍ കരുത്തരായ ബാഴ്സലോണയെ തളച്ച സാഹചര്യത്തില്‍. മികച്ച പ്രതിരോധവും മിഡ്ഫീല്‍ഡുമാണ് ഡീഗോ സിമിയോണിയുടെ ടീമിന്റെ കരുത്ത്. സെമി ഫൈനലിന്റെ ഇരുപാദങ്ങളിലും അത്ലറ്റിക്കോയുടെ കേളീവൈഭവം ചെല്‍സി അനുഭവിച്ചറിഞ്ഞതാണ്. എങ്കിലും പ്രമുഖതാരങ്ങളുടെ പരിക്ക് അത്ലറ്റിക്കോയെ അലട്ടുന്നുണ്ട്. സൂപ്പര്‍ സ്കോറര്‍ ഡീഗോ കോസ്റ്റയുടെ പേശിവലാണ് അത്ലറ്റിക്കോയ്ക്കേറ്റ ഏറ്റവും വലിയ തിരിച്ചടി. അര്‍ദാ ടുറാന്റെ കാല്‍മുട്ടിലെ വേദനയും അത്ലറ്റിക്കോയെ മുള് മുനയില്‍ നിര്‍ത്തുന്നുണ്ട്.
ലാ ലീഗയില്‍ പിന്തള്ളപ്പെട്ടെങ്കിലും റയലിന്റെ ആത്മവിശ്വാസത്തിനും കുറവില്ല. സെമിയില്‍ നിലവിലെ ചാമ്പ്യന്മാരും ജര്‍മ്മന്‍ അതികായരുമായ ബയേണ്‍ മ്യൂണിച്ചിനെ നിഷ്പ്രഭമാക്കിയാണ് റയലിന്റെ വരവ്. 16 ഗോളുകളുമായി തകര്‍പ്പന്‍ ഫോമിലുള്ള തുറപ്പുചീട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയതും റയല്‍ ക്യാംപില്‍ ഉണര്‍വേകിയിട്ടുണ്ട്. സ്വന്തം നാട്ടിലെ കാണികളുടെ ആരവത്തിന് മുന്നില്‍ ക്രിസ്റ്റ്യാനോ നിറഞ്ഞുകളിച്ചാല് റയലിനെ പിടിച്ചാല്‍കിട്ടില്ല. സാബി അലോന്‍സോയുടെ സസ്പെന്‍ഷനും പരിക്കേറ്റ കരിം ബെന്‍സേമയും പെപ്പെയും കളിക്കുമെന്ന് ഉറപ്പില്ലാത്തതും റയലിന്റെ ജയസാധ്യതയെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. കഴിഞ്ഞ സീസണില്‍ നാലു തവണയാണ് റയലും അത്ലറ്റിക്കോയും നേര്‍ക്കുനേര്‍വന്നത്. ലീഗില്‍ സാന്റിയാഗോ ബര്‍ണബ്യൂവിലെ മുഖാമുഖത്തില്‍ അത്ലറ്റിക്കോ 1-0ത്തിന് ജയിച്ചു. രണ്ടാം പോരാട്ടം 2-2ന് സമനിലയില്‍ കലാശിച്ചു. പക്ഷേ, കിംഗ്സ് കപ്പ് സെമിയില്‍ ഇരുപാദങ്ങളിലുമായി 5-0ത്തിന് അത്ലറ്റിക്കോയെ റയല്‍ മുക്കിയിരുന്നു. അതിനാല്‍ത്തന്നെ തുല്യശക്തികളുടെ പോരാട്ടം ഇത്തവണയും പ്രതീക്ഷിക്കാം.
















