കൊല്‍ക്കത്ത: ഇനിപ്പറയാം, ഈ ഉത്തപ്പയെക്കൊണ്ടു തോറ്റെന്ന്. നൈറ്റ് റൈഡേഴ്സ് ഓപ്പണര്‍ ഒരിക്കല്‍ക്കൂടി ബാറ്റ് കൊണ്ട് കസറി. സീസണിലിലെ അഞ്ചാം അര്‍ധ സെഞ്ച്വറി കുറിച്ച റോബിന്‍ ഉത്തപ്പ (51 പന്തില്‍ 83, 10 ഫോര്‍, ഒരു സിക്സ്) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത നേടിയ 30 റണ്‍സ് ജയത്തിലെ ഹീറോയായി. ഷാക്കിബ് അല്‍ ഹസനും (38 പന്തില്‍ 60, അഞ്ച് ഫോര്‍, മൂന്ന് സിക്സ്) നൈറ്റ് റൈഡേഴ്സിനെ കൂറ്റന്‍ സ്കോറിലേക്കു നയിക്കാന്‍ യത്നിച്ചവരില്‍പ്പെട്ടു. പന്തെടുത്ത് വിളയാടിയ സുനില്‍ നരെയ്ന്‍ (4 വിക്കറ്റ്) വീറുകാട്ടിയപ്പോള്‍ നല്ലൊരു ജയത്തോടെ നൈറ്റ്‌റൈഡേഴ്സ് (16 പോയിന്റ്) പ്ലേ ഓഫ് ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത നൈറ്റ് റൈഡേഴ്സ് അടിച്ചെടുത്തത് 4 വിക്കറ്റിന് 195 റണ്‍സ്. റോയല്‍ ചലഞ്ചേഴ്സ് 5ന് 165ല്‍ ഒതുങ്ങിക്കൂടി.
ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ (4) വീണ്ടും പരാജയപ്പെടുന്നതു കണ്ടാണ് കൊല്‍ക്കത്ത കളി തുടങ്ങിയത്. മനിഷ് പാണ്ഡെയും (13) യൂസഫ് പഠാനും (13 പന്തില്‍ 22) മടങ്ങുമ്പോള്‍ അവര്‍ ഏഴ് ഓവറില്‍ 3ന് 56 എന്ന നിലയില്‍. ആ സമയത്ത് ഉത്തപ്പ ചിത്രത്തിലേ ഇല്ലായിരുന്നു. പിന്നെ യശ്വേന്ദ്ര ചഹലിനെ തുടര്‍ ബൗണ്ടറികള്‍ക്കും സിക്സറിനുമൊക്കെ പറത്തി ഉത്തപ്പ താളം കണ്ടെത്തി. മുത്തയ്യ മുരളീധരനും യുവരാജ് സിംഗുമൊക്കെ ഓരോ തവണ അതിര്‍ത്തി കടന്നു.
അഹമ്മദിന്റെ ഓവറില്‍ രണ്ടു ബൗണ്ടറികള്‍ നേടിയ ഷാക്കിബ് അല്‍ ഹസനും അടിതുടങ്ങിയതോടെ കൊല്‍ക്കത്തയ്‌ക്ക് പുത്തന്‍ ഉണര്‍വ്. പതിനഞ്ചാം ഓവറില്‍ ചഹലിനെ മൂന്നു തവണ കാണികള്‍ക്കിടയിലേക്കും ഒരുവട്ടം അതിര്‍ത്തിയിലേക്കും പറത്തിയ ഷാക്കിബ് ശരിക്കും കടിഞ്ഞാണ്‍ ടീമിന്റെ കൈയിലാക്കി. അശോക് ദിന്‍ഡയെ മൂന്നു ഫോറുകള്‍ക്കു പ്രഹരിച്ച ഉത്തപ്പയും മോശമാക്കിയില്ല. ഉത്തപ്പയുമൊത്ത് 120 റണ്‍സ് വാരിയ ഷാക്കിബ് ഇടയ്‌ക്കുവച്ചു വഴിപിരിഞ്ഞു. എങ്കിലും മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ശൗര്യമൊതുക്കി ഉത്തപ്പ നൈറ്റ്‌റൈഡേഴ്സ് ഇന്നിംഗ്സിന് ഫിനിഷിംഗ് ടച്ച് നല്‍കി.
ബാംഗ്ലൂരിന്റെ ചേസിങ് ആദ്യം തന്നെ പാളിപ്പോയി. അപകടകാരിയായ ക്രിസ് ഗെയ്‌ലിനെ (6) ഉമേഷ് യാദവ് ഡഗ് ഔട്ടിലെത്തിച്ചു. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും (38) യോഗേഷ് തക്കാവാലയും (45) ഒന്നിച്ചപ്പോള്‍ മാത്രമാണ് റോയല്‍ ചലഞ്ചേഴ്സ് പ്രതീക്ഷപുലര്‍ത്തിയത്. ഇരുവരും നരെയ്നെ നമിച്ചു. 12 പന്തില്‍ 22 റണ്‍സോടെ നല്ല തുടക്കമിട്ട യുവരാജ്, ബിഗ് ഹിറ്റര്‍ എബിഡിവില്ലിയേഴ്സ് (13) എന്നിവരും നരെയ്ന്റെ കുത്തിത്തിരുവുകളെ അതിജീവിച്ചില്ല. സച്ചിന്‍ റാണയും (19) സ്റ്റാര്‍ക്കും (12) പുറത്താകാതെ നിന്നു.
















