ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഏക ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്ക് 9 റണ്‍സ് ജയം. തിസാര പെരേര (20 പന്തില്‍ 49), ലസിത് മലിംഗ (3 വിക്കറ്റ്) എന്നിവരുടെ പ്രകടനങ്ങളാണ് ലങ്കയെ തുണച്ചത്. ആദ്യം ബാറ്റ് ചെയ്ത ലങ്ക 7 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് അടിച്ചെടുത്തു. ഇംഗ്ലണ്ടിന്റെ മറുപടി 7ന് 174ല്‍ ഒതുങ്ങി.
തിലകരത്നെ ദില്ഷന് (14), കുശാല്‍ പെരേര (10) എന്നിവരുടെ വീഴ്ച്ചയ്ക്കുശേഷം പക്വതയാര്‍ന്ന ബാറ്റിംഗിലൂടെ സിംഹളവീരര്‍ മികച്ച സ്കോറിലെത്തുകയായിരുന്നു. കിതുരുവാന് വിതനാഗെയും (38) ലാഹിരു തിരുമ്മന്നെയും (40) മധ്യനിരയില്‍ തരക്കേടില്ലാത്ത സംഭാവനകള്‍ നല്കി.
ദിനേശ് ചന്ദിമലും (7) എയ്ഞ്ചലോ മാത്യൂസും (13) തിളങ്ങിയില്ല. എന്നാല്‍ ഭാഗ്യദേവതയെ ഒപ്പംകൂട്ടിയ തിസാര പെരേര വെടിക്കെട്ടു നടത്തിയപ്പോള്‍ ലങ്ക കുതിച്ചു. ഏഴു ഫോറുകളും രണ്ടു സിക്സറും പായിച്ച പെരേര അവസാന പന്തില്‍ റണ്ണൗട്ടായി. ഇംഗ്ലണ്ടിനുവേണ്ടി ഹാരി ഗര്ണെ രണ്ട് വിക്കറ്റ് പിഴുതു. സ്കോര്‍ പിന്തുടര്‍ന്ന ഇംഗ്ലീഷ് നിരയില്‍ മൈക്കല്‍ കാര്‍ബറി (7), ഇയാന്‍ ബെല്‍ (13), ജോ റൂട്ട് (5), ഇയോണ്‍ മോര്ഗന് (5) തുടങ്ങിയവര്‍ അതിവേഗം കൂടാരംപൂകി. ജോസ് ബട്ലര് (26) പൊരുതിനോക്കി. പക്ഷേ, 41 പന്തില്‍ ഏഴുബൗണ്ടറികളും രണ്ടു സിക്സറും അടക്കം 66 റണ്‍സ് സ്വരുക്കൂട്ടിയ അലെക്സ് ഹെയ്ല്‍സ് ഇംഗ്ലീഷ് പടയ്ക്ക് വിജയ പ്രതീക്ഷ നല്കി. ഒടുവില്‍ 17-ാം ഓവറില്‍ ഹെയ്ല്‍സിനെ ബൗള്‍ഡാക്കി മലിംഗ ആതിഥേയ മോഹത്തിന്റെ കടയ്ക്കല്‍ കത്തിവച്ചു. രവി ബൊപ്പാര (28 നോട്ടൗട്ട്) ഒരറ്റംകാത്തെങ്കിലും ടീമിനെ വിജയ തീരമണയ്ക്കാനായില്ല.
















