ഹൈദരാബാദ്: ഐപിഎല്ലിലെ ആദ്യ നാലു സ്ഥാനങ്ങളിലൊന്നിനായുള്ള പോരാട്ടം സജീവമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഹൈദരാബാദ് സണ്‍റൈസേഴ്സിന് ഏഴു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ആറ് വിക്കറ്റ് ബലികഴിച്ച് 160 റണ്‍സെടുത്തു. സണ്‍റൈസേഴ്സ് രണ്ടു പന്തുകള്‍ ബാക്കിവച്ച് ലക്ഷ്യം മറികടന്നു. സ്കോര്‍: ബാംഗ്ലൂര്‍- 6ന് 160 (20 ഓവര്‍). ഹൈദരാബാദ്- 3ന് 161 (19.4). പത്തുപോയിന്റ് വീതമുള്ള റോയല്‍ ചലഞ്ചേഴ്സും സണ്‍റൈസേഴ്സും യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങളില്‍.
ക്രിസ് ഗെയ്‌ല് (14) പാര്‍ഥിവ് പട്ടേല്‍ (4) ഓപ്പണിങ് ജോടി തുടക്കത്തിലെ നിലംപൊത്തിയ കളിയില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി (67)യുടെ ഒറ്റയാന്‍ പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്സിനെ താങ്ങിനിര്‍ത്തിയത്. നാലു ഫോറുകളും അത്രതന്ന സിക്സറും പറത്തിയ കോഹ്ലി ടിമിന്റെ ടോപ് സ്കോററായി. എബി ഡിവില്ലിയേഴ്സ് (29), യുവരാജ് സിംഗ് (21) എന്നിവരും തരക്കേടില്ലാത്ത സംഭാവനകള്‍ നല്‍കി. സണ്‍റൈസേഴ്സ് ബൗളര്‍മാരില്‍ ഭുവനേശ്വര്‍ കുമാര്‍ രണ്ടിരകളെ കണ്ടെത്തി. ചേസ് ചെയ്ത സണ്‍റൈസേഴ്സ് അനായാസം മുന്നേറി. ശിഖര്‍ ധവാനും (50) ഡേവിഡ് വാര്‍ണറും ഒന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. നമാന്‍ ഓജയും (24) മോശമാക്കിയില്ല. എന്നാല്‍ 59 റണ്‍സെടുത്ത വാര്‍ണറെ 17-ാം ഓവറില്‍വരുണ്‍ ആരോണ്‍ വീഴ്‌ത്തിയപ്പോള്‍ കളിമുറുകി. പിന്നാലെ യുവി വഴങ്ങിയത് വെറും ഏഴു റണ്‍സ്. അവസാന പത്തു പന്തില്‍ സണ്‍റൈസേഴ്സിന് വേണ്ടത് 17. നമാന്‍ ഓജ ആരോണിനെ സ്റ്റാന്‍ഡിലേക്ക് പായിച്ചു.
അടുത്ത പന്തില്‍ ഓജ ഔട്ട്. ഡാരെന്‍ സമ്മിയും അവസരത്തിനൊത്ത് ഉയര്‍ന്നപ്പോള്‍ ആരോണിന്റെ പന്ത് വീണ്ടും ഗ്യാലറിയിലെത്തി. അവസാന ഓവറില്‍ വേണ്ട 4 റണ്‍സ് സണ്‍റൈസേഴ്സ് നിഷ്പ്രയാസം നേടിയെടുത്തു.കളി തീരുമ്പോള്‍ സമ്മിക്ക് (10 നോട്ടൗട്ട്) ആരോണ്‍ ഫിഞ്ച് (11 നോട്ടൗട്ട്) കൂട്ടായുണ്ടായിരുന്നു. വാര്‍ണര്‍ മാന്‍ ഓഫ് ദ മാച്ച്.
















