ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഇക്കഴിഞ്ഞ സീസണ്‍ മായക്കാഴ്‌ച്ചകളുടെ സമ്മോഹന നിമിഷങ്ങള്‍ സമ്മാനിച്ചാണ് കടന്നുപോയത്. മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും ചെല്‍സിയുമൊക്കെ ഇഞ്ചോടിഞ്ച് മല്ലിട്ടപ്പോള്‍ ബെറ്റിങ് ടേബിളുകള്‍ക്കും ചുറ്റിലെയും ഗ്യാലറിയിലുമൊക്കെ നെഞ്ചിടിപ്പുകള്‍ക്ക് അശ്വവേഗത കൈവന്നു. ലൂയീസ് സുവാരസ് എന്ന ലിവര്‍പൂള്‍ സൂപ്പര്‍ സ്കോററുടെ കണ്ണീര്‍വീഴുന്നതുവരെയെത്തി വൈകാരിക വേലിയേറ്റങ്ങള്‍. ഒടുവില്‍ എതിരാളികളുടെ മുനയൊടിച്ച മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍മാരുടെ ട്രോഫി സ്വന്തം നഗരത്തിലേക്ക് ആഘോഷപൂര്‍വം കൊണ്ടുപോയി. കളത്തിനകത്തും പുറത്തും പോസിറ്റീവായ തീരുമാനങ്ങളിലൂടെയാണ് സിറ്റി ഒട്ടും മോശക്കാരല്ലാത്ത എതിരാളികളെ കടത്തിവെട്ടിയത്. പണം വാരിയെറിയാനും സുന്ദരമായി കളിക്കാനും ഗോളടിച്ചുകൂട്ടാനും സിറ്റി കാട്ടിയ വ്യഗ്രത ശ്ലാഘനീയം. മാനുവല്‍ പെല്ലഗ്രിനിയെന്ന മാനേജര്‍ യൂറോപ്പിലെ കളത്തില്‍ ആദ്യ ലീഗ് കിരീടം ഉറപ്പിച്ചപ്പോള്‍ ചരിത്രവും വഴിമാറിക്കൊടുത്തു. ഇപിഎല്‍ കിരീടം സ്വന്തമാക്കുന്ന യൂറോപ്പുകാരനല്ലാത്ത ആദ്യ കോച്ചെന്ന പെരുമയാണ് പെല്ലഗ്രിനിക്ക് വന്നു ചേര്‍ന്നത്. വെസ്റ്റ് ഹാമിനെതിരെ അവസാന ലീഗ് മത്സരത്തിനിറങ്ങുമ്പോല്‍ സിറ്റി താരങ്ങളില്‍ ജേതാക്കളുടെ ശരീരഭാഷ പ്രകടമായിരുന്നു. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വെസ്താമിനെ തുരത്തി അവര്‍ ദൗത്യം പൂര്‍ണമാക്കുകയും ചെയ്തു. 102 ഗോളുകള്‍ ആ മഹത് നേട്ടത്തിന് അനുപമമായ ചന്തംചാര്‍ത്തി.
വന്‍നേട്ടങ്ങള്‍ക്കുള്ള അടിത്തറ കഴിഞ്ഞ സീസണിന്റെ അവസാനം തന്നെ സിറ്റി പാകിക്കഴിഞ്ഞിരുന്നു. ട്രാന്‍സ്ഫര്‍ വിപണിയില്‍ 110 ദശലക്ഷം ഡോളര്‍ വാരിയിറക്കിയ സിറ്റി മാനേജ്മെന്റ് ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഫെര്‍ണാണ്ടീഞ്ഞോയെയും സ്പാനിഷ് സ്ട്രൈക്കര്‍ അല്‍വാരോ നെഗ്രഡോയോയും പാളയത്തിലെത്തിച്ചു. ഫെര്‍ണാണ്ടീഞ്ഞോയുടെ വരവ് യായ ടൂറെയ്‌ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി. അതിനു ഫലവും ലഭിച്ചു 20 ഗോളുകളാണ് ടൂറെ ലീഗില്‍ അടിച്ചുകൂട്ടിയത്. സെര്‍ജിയോ അഗ്യൂറോയുമായി നെഗ്രഡോ ചേര്‍ന്നപോള്‍ സിറ്റിയുടെ ആക്രമണങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ച കൈവന്നു. ഈ സഖ്യം 24 ഗോളുകള്‍ പങ്കിട്ടു. സീസണിന്റെ രണ്ടാം പകുതിയില്‍ ഇരുവരും പരിക്കേറ്റ് മങ്ങിയെങ്കിലും എഡ്വിന്‍ സെക്കോ അവസരത്തിനൊത്ത് ഉയര്‍ന്നതോടെ സിറ്റി ഗോള്‍ വര്‍ഷം തുടര്‍ന്നു. അവസാന 13 കളികളില്‍ 9 തവണ സെക്കോയുടെ ബൂട്ടുകള്‍ ശബ്ദിച്ചു.
കയറ്റിറക്കങ്ങള്‍ താണ്ടിയാണ് സിറ്റി കിരീട വഴിയില്‍ എത്തിയത്. നവംബറിന്റെ ആദ്യഭാഗങ്ങളില്‍ സിറ്റിയുടെ സാധ്യതകള്‍ വിരളമായിരുന്നു. ആഴ്സനല്‍ പോയിന്റ് ടേബിള്‍വാണ ആ സമയത്ത് സിറ്റി ലക്ഷ്യബോധമില്ലാതെ അലഞ്ഞു. ആദ്യ ആറു മത്സരങ്ങളില്‍ സമ്പാദിച്ചത് വെറും നാല് പോയിന്റ് മാത്രം. സണ്ടര്‍ലാന്റിനോട് എതിരില്ലാത്ത ഒരു ഗോളിനു തോറ്റ സിറ്റി ഗണ്ണേഴ്സിനെക്കാള്‍ ആറു പോയിന്റുകള്‍ക്ക് പിന്നില്‍ നിന്നു.
പക്ഷേ, ഏവരുടെയും കണക്കുകൂട്ടുകള്‍ തെറ്റിച്ച സിറ്റി അടുത്ത പന്ത്രണ്ട് കളികളില്‍ പതിനൊന്നെണ്ണത്തിലും വിജയക്കൊടി പാറിച്ചു. ഒരു സമനിലയും സ്വന്തമാക്കി. 39 തവണയാണ് സിറ്റി എതിരാളികളുടെ ഗോള്‍ വലയില്‍ പന്തെത്തിച്ചത്. ടോട്ടനത്തെ (6-0, 1-5) രണ്ടു തവണ നിലംപരിശാക്കിയ പെല്ലഗ്രിനിയുടെ കുട്ടികള്‍ എത്തിഹാദിലെ മൈതാനത്തില്‍ മൂന്നിനെതിരെ ആറു ഗോളുകള്‍ക്ക് ആഴ്സനലിനെ മുക്കുകയും ചെയ്തു. സ്വന്തം കളത്തിലും പുറത്തുംവച്ച് ബദ്ധവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 4-1, 0-3 എന്നിങ്ങനെ നല്ലമാര്‍ജിനുകളില്‍ സിറ്റി തറപറ്റിച്ചുകളഞ്ഞു.
എന്നാല്‍ ഫെബ്രുവരിയില്‍ കാര്യങ്ങള്‍ തലകീഴായി മറിഞ്ഞു. ചെല്‍സിക്കു മുന്നില്‍ 1-0ത്തിന് മുട്ടുകുത്തിയ സിറ്റി ഒന്നാംസ്ഥാനം നഷ്ടപ്പെടുത്തി. എഫ്‌എകപ്പില്‍ വീഗനോടും ചാമ്പ്യന്‍സ് ലീഗ് പ്രീ-ക്വാര്‍ട്ടറില്‍ ബാഴ്സലോണയോടും തോറ്റതോടെ മാഞ്ചസ്റ്റര്‍ സംഘം സമ്മര്‍ദ്ദത്തിന്റെ തീച്ചൂളയില്‍ വീണു. ചാമ്പ്യന്‍സ് ലീഗ് പ്രീ-ക്വാര്‍ട്ടറില്‍ ബാഴ്സയോടേറ്റ തോല്‍വിക്ക് റഫറിയെ പഴിച്ച പെല്ലഗ്രിനി രണ്ടു മത്സരങ്ങളില്‍ വിലക്കേറ്റുവാങ്ങിയപ്പോള്‍ ബോധ്യമായി സിറ്റിയുടെ മാനസികനില. ഏപ്രിലില്‍ സ്ഥിതിഗതികള്‍ അതിലും കൈവിട്ടു. ലിവര്‍പൂളിനോടുള്ള തോല്‍വിയും (3-2) സണ്ടര്‍ലാന്റിനോടു പിണഞ്ഞ സമനിലയും (2-2) സിറ്റിക്ക് താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു.
അവസാനം ലിവര്‍പൂളും ചെല്‍സിയും ഒട്ടുംപ്രതീക്ഷിക്കാത്ത മത്സരഫലങ്ങള്‍ക്ക് ഇരയായപ്പോള്‍ അതു മുതലെടുത്ത സിറ്റി ഇംഗ്ലീഷ് ക്ലബ്ബ് ഫുട്ബോളിന്റെ രാജകിരീടം ശിരസിലുറപ്പിച്ചു.
ഒടുവിലത്തെ അഞ്ചുകളികളിലും ജയിച്ചാണ് സിറ്റി മൂന്നു സീസണുകള്‍ക്കിടയിലെ രണ്ടാം പ്രീമിയര്‍ ലീഗ് ട്രോഫിയില്‍ മുത്തമിട്ടത്.
















