ഷാര്‍ജ: ഐപിഎല്‍ ഏഴാം പതിപ്പില്‍ പഞ്ചാബിന്റെ യാഗാശ്വത്തെ പിടിച്ചുകെട്ടാന്‍ ആരുമില്ല. തുടര്‍ച്ചയായ അഞ്ചാം വിജയവും നേടിയാണ് പഞ്ചാബ് കിംഗ്സ് ഇലവന്‍ യാഗാശ്വം കുതിക്കുന്നത്. സന്ദീപ് ശര്‍മ്മയുടെ ബൗളിംഗും സെവാഗിന്റെയും ഋഷി ധവാന്റെയും ഡേവിഡ് മില്ലറുടെയും ബാറ്റിംഗുമാണ് പഞ്ചാബിന്റെ വിജയക്കുതിപ്പിന് ഗുണകരമായത്. അതേസമയം ക്രിസ് ഗെയില്‍ എന്ന സൂപ്പര്‍ ഹീറോ ടീമിലെത്തിയിട്ടും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ ശനിദശ വിട്ടുമാറുന്നുമില്ല. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ ബാംഗ്ലൂരിനെ അഞ്ച് വിക്കറ്റിന് കീഴടക്കിയാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് ഈ സീസണില്‍ അപരാജിത കുതിപ്പ് നടത്തുന്നത്. മൂന്നോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കേറ്റ്ടുത്ത കിംഗ്സ് ഇലവന്റെ സന്ദീപ് ശര്‍മ്മയാണ് മാന്‍ ഓഫ് ദ മാച്ച്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് സന്ദീപ്ശര്‍മ്മ ഈ ബഹുമതി സ്വന്തമാക്കുന്നത്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ തുടര്‍ച്ചയായ മൂന്നാം പരാജയമാണിത്.
ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത പഞ്ചാബ് കിംഗ്സ് ഇലവന്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ 20 ഓവറില്‍ എട്ടിന് 124 എന്ന സ്കോറില്‍ പിടിച്ചിട്ടു. 35 റണ്‍സെടുത്ത യുവരാജ് സിംഗാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറര്‍. ക്രിസ് ഗെയില്‍ 20 റണ്‍സുമെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കിംഗ്സ് ഇലവന്‍ ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. 32 റണ്‍സെടുത്ത് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വീരേണ്ടര്‍ സെവാഗ് ടോപ് സ്കോററായി. ഡേവിഡ് മില്ലര്‍ 26 റണ്‍സെടുത്തപ്പോള്‍ ഋഷി ധവാന്‍ 23 റണ്‍സും നായകന്‍ ജോര്‍ജ് ബെയ്‌ലി 16 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ബംഗലരുവിന് വേണ്ടി വരുണ്‍ ആരോണ്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.
പരാജയ പരമ്പര മറികടക്കാന്‍ ഗെയ്‌ലിനെ ഓപ്പണറാക്കിയാണ് റോയല്‍ ചലഞ്ചേഴ്സ് ഇറങ്ങിയത്. ആരാധകര്‍ പ്രതീക്ഷിച്ചപോലെ ആഞ്ഞടിച്ചുതന്നെ ഗെയ്‌ല് തുടങ്ങി. മാക്സ്‌വെല്‍ എറിഞ്ഞ ആദ്യ ഓവറില്‍ രണ്ട് സിക്സും രണ്ട് ഫോറും പറത്തിയ ഗെയ്‌ല് പ്രതീക്ഷ നല്‍കി. എന്നാല്‍ അവിടെത്തീര്‍ന്നു ബംഗലൂരുവിന്റെ വെട്ടിക്കെട്ട്. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ സന്ദീപ് ശര്‍മ്മ ഗെയ്‌ലിനെ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ തകര്‍ച്ച തുടങ്ങി. ഒന്നിന് 21 എന്ന നിലയില്‍ നിന്ന് നാലിന് 26 എന്ന നിലയിലേക്ക് അവര്‍ കൂപ്പുകുത്തി. പിന്നീട് യുവരാജും ഡിവില്ലിയേഴ്സും (17), മോര്‍ക്കലും (15) ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ സന്ദീപ് ശര്‍മ്മക്ക് പുറമെ ഋഷി ധവാനും മിച്ചല്‍ ജോണ്‍സണും രണ്ട് വിക്കറ്റുകളും വീഴ്‌ത്തി.
മറുപടി ബാറ്റിംഗില്‍ കരുതലോടെയായിരുന്നു പഞ്ചാബിന്റെ തുടക്കം. സെവാഗും പൂജാരയും ശ്രദ്ധാപൂര്‍വ്വം ബാറ്റുവീശി. എന്നാല്‍ പത്ത് റണ്‍സെടുത്ത പൂജാരയും രണ്ട് റണ്‍സുമായി വൃദ്ധിമാന്‍സാഹയും, ആദ്യ മത്സരങ്ങളിലെ മാന്‍ ഓഫ് ദി മാച്ചും ഹീറോയുമായ ഗ്ലെന്‍ മാക്സ്‌വെല്ലും (ആറ്) മടങ്ങിയതോടെ മൂന്നിന് 40 എന്ന നിലയിലായി.
നാലാം വിക്കറ്റില്‍ മില്ലറും സെവാഗും ചേര്‍ന്ന് കരുതലോടെ മുന്നോട്ട് നയിച്ചു. ഇടയ്‌ക്ക് ടോപ്പ് ഗിയറിലായ മില്ലര്‍ ആഞ്ഞടിച്ച് സമ്മര്‍ദ്ദം കുറച്ചു. പിന്നീട് മില്ലറും സെവാഗും അടുത്തടുത്ത് പുറത്തായതോടെ പഞ്ചാബ് അഞ്ചിന് 88 എന്ന നിലയിലായി. എന്നാല്‍ ആറാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന ഋഷി ധവാനും ബെയ്‌ലിയും ചേര്‍ന്ന് വലിയ നഷ്ടം കൂടാതെ പഞ്ചാബിനെ വിജയതീരത്തെത്തിക്കുകയായിരുന്നു.
ബാംഗ്ലൂരും പഞ്ചാബും യുഎഇയിലെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. മെയ് മൂന്നിന് മുംബൈ ഇന്ത്യന്‍സിനെതിരെ മുംബൈയില്‍വെച്ചാണ് പഞ്ചാബ് കിംഗ്സ് ഇലവന്റെ അടുത്ത മല്‍സരം. മെയ് നാലിന് ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദുമായാണ് ബാംഗ്ലൂരിന്റെ അടുത്ത പോരാട്ടം.
















