കാസര്‍കോട്: നിറവെയില്‍ തളര്‍ത്താതെ ആവേശച്ചൂടില്‍ പതിനായിരങ്ങള്‍ കാത്തുനിന്നു. നാടിന്റെ നായകനെ, നരേന്ദ്രമോദിയെ… കാസര്‍കോട് ബിജെപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ സമീപകാലത്തെങ്ങും നഗരം കാണാത്ത ജനസഞ്ചയമാണ് ഒഴുകിയെത്തിയത്. ഭാരതത്തിന്റെ ഭാവി പ്രധാനമന്ത്രിയെയും വഹിച്ചുകൊണ്ടുള്ള ഹെലികോപ്റ്റര്‍ അങ്ങകലെ ആകാശത്ത് ഒരു പൊട്ടുപോലെ കണ്ടുയുടനെ ആവേശം ഇരമ്പിയാര്‍ത്തു. നേരത്തെ അറിയിച്ചതില്‍ നിന്നും അരമണിക്കൂര്‍ വൈകി 11 മണിയോടെയാണ് നരേന്ദ്രമോദിയെയും വഹിച്ചുകൊണ്ടുള്ള ഹെലിക്കോപ്ടര്‍ കാസര്‍കോട് വിദ്യാനഗര്‍ ഗവ. കോളേജ് ഗ്രൗണ്ടില്‍ പറന്നിറങ്ങിയത്. നിമിഷങ്ങള്‍ക്കകം നരേന്ദ്രമോദിയുടെ വാഹനവ്യൂഹം അതീവ സുരക്ഷാ സന്നാഹങ്ങളോടെ സമ്മേളന നഗരിയായ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലെത്തി.
നരേന്ദ്രമോദി വേദിയിലെത്തിയതോടെ ആകാശം ഭേദിക്കുന്ന ആവേശത്തള്ളിച്ചയില്‍ ജനസഞ്ചയം ഇളകി മറിഞ്ഞു. കുങ്കുമഹരിത പതാകകള്‍ വാനിലുയര്‍ത്തി ഭാരത് മാതാകീ ജയ് എന്നാര്‍ത്തു വിളിച്ച്, വികസന നായകന് നരേന്ദ്രമോദിയെ ജനസഹസ്രം അഭിവാദനം ചെയ്തു.
ഇളം റോസ് നിറത്തിലുള്ള ‘മോദി കുര്‍ത്ത’ക്ക് മീതെ ചാര നിറത്തിലുള്ള ഓവര്ക്കോട്ടുമണിഞ്ഞെത്തിയ ഭാവി പ്രധാനമന്ത്രി കയ്യുയര്‍ത്തി അഭിവാദനം ചെയ്തതോടെ ജനം ആവേശ ഭരിതരായി. മോദി, മോദിയെന്ന് ഇരമ്പിയാര്‍ക്കുന്ന ജനസമൂഹം. രണ്ട് മുദ്രാവാക്യങ്ങള്‍ സദസിനെകൊണ്ട് മോദി ഏറ്റുവിളിപ്പിച്ചു. പിന്നീട് സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഘനഗംഭീരമായ ശബ്ദത്തില്‍ നരേന്ദ്രമോദിയുടെ പ്രസംഗം. 11.20ന് ആരംഭിച്ച പ്രസംഗം കേന്ദ്രസര്‍ക്കാറിനെതിരെ വിമര്‍ശനങ്ങള്‍, കേരളത്തിന്റെ വികസന സാധ്യതകള്‍, ഇരുമുന്നണികളുടെയും രാഷട്രീയ വഞ്ചനകള്‍, കാസര്‍കോടിന്റെ നീറുന്ന പ്രശ്നങ്ങള്‍ എല്ലാം നിറഞ്ഞു നിന്നതായിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ മൈതാനിയില്‍ ഒരു രാഷ്ട്രീയ ശിശുവിന്റെ പ്രസംഗവും പ്രകടനവും കണ്ട പത്രപ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു. നേതാക്കളെ സൃഷ്ടിക്കാന്‍ കഴിയില്ല. അവര്‍ സൃഷ്ടിക്കപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: