ന്യൂദല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം രാജ്യത്തു നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പിടിച്ചെടുത്തത് 195 കോടി രൂപയുടെ കള്ളപ്പണം. ആന്ധ്രാപ്രദേശില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം കണ്ടെടുത്തത്. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് പണവും ലഹരി വസ്തുക്കളും വിതരണം ചെയ്തതിന് 11,500 ഓളം കേസുകളാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തത്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച നിരീക്ഷകര്‍ ആന്ധ്രയില്‍ നിന്നുമാത്രം പിടിച്ചെടുത്തത് 118 കോടിരൂപയാണ്. തൊട്ടുപിന്നില്‍ 18.31 കോടിയുമായി തമിഴ്നാടുമുണ്ട്. മഹാരാഷ്ട്ര 14.40 കോടി, ഉത്തര്‍പ്രദേശ് 10.46കോടി, പഞ്ചാബ് 4 കോടി എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്കുകള്‍.
വോട്ടര്‍മാരെ സ്വാധീനിക്കാനായി എത്തിച്ച 26.56 ലക്ഷം ലിറ്റര്‍ മദ്യവും 70 കിലോഗ്രാം ഹെറോയിനും തെരഞ്ഞെടുപ്പ് കമ്മീഷന് പിടികൂടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് അഞ്ച് മുതല്‍ ആദ്യഘട്ട വോട്ടെടുപ്പ് ദിനമായ ഇന്നലെ വരെ പിടിച്ചെടുത്തവയാണ് ഇവയെല്ലാം. വിവിധ സംസ്ഥാനങ്ങളിലായി തിരഞ്ഞെടുപ്പ് കമ്മീഷന് ഐ.ആര്.എസ് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നിന്ന് നിയമിച്ച 695 ഉദ്യോഗസ്ഥര്‍ മാത്രം പിടികൂടിയ മദ്യത്തിന്റേയും പണത്തിന്റേയും കണക്കുകളാണിവ.
മാര്‍ച്ച് അഞ്ചിനാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇന്‍കംടാക്സ്, എക്സൈസ്, കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റുകളുടെ സഹായവും കമ്മീഷന് തേടിയിരുന്നു. കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസിനോടും ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിനോടും വോട്ടെടുപ്പ് കാലത്ത് കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനായി ശക്തമായ നിരീക്ഷണവും അന്വേഷണവും തിരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: