കൊച്ചി: ഓരോ വോട്ടിനും വിലയുള്ള ജനാധിപത്യ സംവിധാനത്തില്‍ 20000 വോട്ടര്‍മാരുള്ള ഇന്‍ഫോപാര്‍ക്കിന്റെ രാഷ്ട്രീയ പ്രാധാന്യം വിശദമാക്കി ജില്ലാകളക്ടര്‍. തിരഞ്ഞെടുപ്പിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ഇലക്ഷന് കമ്മീഷന് ആവിഷ്കരിച്ച സിസ്റ്റമാറ്റിക് വോട്ടര്‍ എഡ്യുക്കേഷന്‍ ആന്റ് ഇലക്ടല്‍ പാര്‍ട്ടിസിപ്പേഷന്റെ(സ്വീപ്) ഭാഗമമായി ഇന്ഫോപാര്ക്കിലെത്തിയതായിരുന്നു കളക്ടര്‍ എം. ജി. രാജമാണിക്യം.
നഗരകേന്ദ്രീകൃത സമൂഹത്തില്‍ തിരഞ്ഞെടുപ്പിനോടുളള വിമുഖത കൂടുതലാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. സാങ്കേതികരംഗത്തെ യുവജനങ്ങള്‍ക്കിടയില്‍ തിരഞ്ഞെടുപ്പിനോടുള്ള വിമുഖത പ്രകടമാണെന്ന് പറഞ്ഞ കളക്ടര്‍ ഇന്‍ഫോപാര്‍ക്കില്‍ ഒരു തുറന്ന സംവാദത്തിനാണ് അവസരമൊരുക്കിയത്. പാര്‍ക്കിലെ കന്നിവോട്ടര്‍മാര്‍ ആരെല്ലാമാണെന്ന് ചോദിച്ചപ്പോള്‍ കളക്ടര്‍ക്ക് ആദ്യമറുപടി ലഭിച്ചത് വേദിയില്‍ നിന്ന് തന്നെയായിരുന്നു. ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ ഋഷികേശ് നായരായിരുന്നു ആദ്യം കൈ ഉയര്‍ത്തിയത്. യു.എസ്സിലായിരുന്ന ഇദ്ദേഹത്തിന്റെ കന്നിവോട്ടാണ് ഇത്തവണ.
തിരഞ്ഞെടുപ്പ് ദിനം പൊതുഅവധിയാണെന്നും ഇന്‍ഫോപാര്‍ക്ക് തിരഞ്ഞെടുപ്പില്‍ പൂര്‍ണ്ണ സഹകരണം കാഴ്ചവെക്കുമെന്നും സ്വാഗത പ്രസംഗത്തില്‍ ഋഷികേശ് നായര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് സംവാദത്തിലെ താരം നോട്ട തന്നെ ആയിരുന്നു. തിരഞ്ഞെടുപ്പില്‍ നോട്ടയ്ക്കുള്ള പ്രാധാന്യമുണ്ടെന്ന് പറഞ്ഞ കളക്ടര്‍ നോട്ട ഉള്‍പ്പെടുത്തുന്നതിലൂടെ ജനാധിപത്യത്തില്‍ എല്ലാവരുടെയും പങ്കാളിത്തമാണ് ഉറപ്പാക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
നിരവധിചോദ്യങ്ങളുമായി സംവാദം മുന്നേറുന്നതിനിടെ ഇത്തരത്തില്‍ ചോദ്യം ചോദിക്കാനുള്ള അവസരം പോലും ഒരു ജനാധിപത്യസംവിധാനത്തിന്റെ വിജയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യ സംവിധാനത്തിനകത്ത് രാജ്യം കൈവരിച്ച പുരോഗതിയുടെ ഒരു ഭാഗമാണ് ഇന്‍ഫോപാര്‍ക്ക് പോലുള്ള വികസന സംരംഭങ്ങളെന്നും കളക്ടര്‍ ജീവനക്കാരെ ഓര്‍മ്മിപ്പിച്ചു. അനേകം ജനങ്ങള്‍ പുരോഗതിക്കായി കാത്തിരിക്കുന്ന രാജ്യത്ത് ജനാധിപത്യത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ അവരവരുടെ പങ്കാളിത്തം ഉറപ്പാക്കണം.
വോട്ടിന്റെ പ്രാധാന്യം വിവരിക്കുന്നതിനിടെ ഒരു സംശയം ഉയര്‍ന്നു. ഞങ്ങള്‍ക്ക് പുറത്ത്പോകാതെ ജോലിസ്ഥലത്ത് തന്നെ വോട്ട് ചെയ്യാനുള്ള സാഹചര്യം വരുമോ? സംവിധാനങ്ങളുടെ ദ്രുതഗതിയിലുള്ള പുരോഗതി വിലയിരുത്തിയാല്‍ വരും നാളുകളില്‍ ഇത്തരം സംവിധാനങ്ങള്‍ പ്രാവര്‍ത്തികമാകുമെന്ന ശുഭപ്രതീക്ഷയാണ് തനിക്കുള്ളതെന്ന് മറുപടി.
കള്ളവോട്ടിനെക്കുറിച്ചുള്ള ചോദ്യത്തിന് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത്തരം നിയമലംഘനങ്ങള്‍ കേരളത്തില്‍ കുറവാണെന്ന് പറഞ്ഞ കളക്ടര്‍ നിയമലംഘനങ്ങള്‍ കണ്ട്പിടിക്കാന്‍ വിപുലവും ശക്തവുമായ സംവിധാനമാണ് ഇലക്ഷന് കമ്മീഷന് ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ അപരന്മാരെ നിര്‍ത്തി സ്ഥാനാര്‍ത്ഥികളെ വിഷമിപ്പിക്കുന്നതിനെക്കുറിച്ചും സദസ്സില്‍ നിന്ന് സങ്കടം ഉയര്‍ന്നു. കൂടെ അതിനൊരു പ്രതിവിധിയും. വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോകൂടി ചേര്‍ക്കുക. നോട്ടയ്ക്ക് കൂടുതല്‍ വോട്ട് കിട്ടിയാല്‍ കക്ഷി ജയിക്കുമോ എന്നും സംശയം. നോട്ടയെ ഇലക്ഷന് കമ്മീഷന് ഒരു സ്ഥാനാര്‍ത്ഥി ആയാണ് കാണുന്നതെങ്കിലും കക്ഷി ജയിക്കുകയില്ലെന്നായി കളക്ടര്‍.
ജനാധിപത്യസംവിധാനത്തില്‍ സാങ്കേതികരംഗത്തുളളവരുടെ സംഭാവനകള്‍ വിലപ്പെട്ടതാണെന്ന് പറഞ്ഞ കളക്ടര്‍ സ്വതന്ത്രവും, സത്യസന്തവും, സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ മികച്ച സാങ്കേതിക സംവിധാനങ്ങള്‍ക്ക് രൂപം നല്കാന് ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പ് നിയമലംഘനങ്ങള്‍ അതിവേഗം ഭരണാധികാരികളുടെ ശ്രദ്ധയില്‍പെടുത്തുവാനും നടപടി സ്വീകരിക്കുവാനുമായി ആവിഷ്കരിച്ചിട്ടുള്ള മിന്നല്‍ പോലുള്ള സാങ്കേതിക സംവിധാനങ്ങള്‍ സാങ്കേതികലോകം തിരഞ്ഞെടുപ്പിന് നല്കിയ സംഭാവനയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അസിസ്റ്റന്റ് കളക്ടര്‍ എസ്. സുഹാസ്, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാനവാസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പിന്നീട് കാക്കനാടുള്ള കൊച്ചി പ്രത്യേക സാമ്പത്തികമേഖലയിലും ജീവനക്കാരുമായി അദ്ദേഹം സംവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: