ചരിത്രത്തിലെ ഏറ്റവും കനത്ത പരാജയം മുന്നില്‍ക്കാണുന്ന കോണ്‍ഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പിനെ വര്‍ഗീയവല്‍ക്കരിച്ചും ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ചും പിടിച്ചുനില്ക്കാന് ശ്രമിക്കുന്നു. നവമാധ്യമങ്ങള്‍ക്കിടയില്‍ ഹിന്ദുത്വവിരോധം മുഖമുദ്രയാക്കി കോണ്‍ഗ്രസിന്റെ വിധ്വംസകമായ അജണ്ട നടപ്പാക്കാന്‍ ഒരു വേട്ടപ്പട്ടിയെപ്പോലെ പാഞ്ഞുനടക്കുന്ന ‘കോബ്രാപോസ്റ്റ്’ അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നുവീണതിനെക്കുറിച്ച് നടത്തിയിരിക്കുന്ന ‘വെളിപ്പെടുത്തല്‍’ കോണ്‍ഗ്രസിന്റെ ഉപശാലയില്‍ വേവിച്ചെടുത്ത കള്ളക്കഥയാണെന്നതില് ആര്‍ക്കും സംശയം വേണ്ട. 1992 ല്‍ അയോധ്യയിലെ ‘ബാബറി മസ്ജിദ്’ ആസൂത്രിതമായി തകര്‍ക്കുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ജിഹ്വ കണ്ടെത്തിയിരിക്കുന്നത്. മാധ്യമരംഗത്ത് കയറിപ്പറ്റിയ കോണ്‍ഗ്രസിന്റെ ഏതോ ഒരു ദല്ലാള്‍ രാജ്യത്തെ പലയിടങ്ങളിലും സന്ദര്‍ശിച്ച് രാമജന്മഭൂമി പ്രക്ഷോഭവുമായി ബന്ധപ്പെട്ടവരെക്കൊണ്ട് പറയിപ്പിച്ച കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് നട്ടാല്‍ മുളയ്ക്കാത്ത ഒരു നുണയുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. അയോധ്യ സംഭവവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി പ്രചരിക്കുന്ന ബാലിശമായ ആരോപണങ്ങളാണ് മഹത്തായ കണ്ടുപിടിത്തമായി കോബ്രാപോസ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു മാധ്യമത്തിന്റെ അധഃപതനമെന്നല്ലാതെ എന്തുപറയാന്‍.
ഒരു തര്‍ക്കമന്ദിരമായി പതിറ്റാണ്ടുകള്‍ നിലനിന്ന ജീര്‍ണിച്ച കെട്ടിടം തകര്‍ന്നുവീണിട്ട് കാല്‍നൂറ്റാണ്ടാവുകയാണ്. അതില്‍പ്പിന്നീട് അയോധ്യയെ തഴുകിയൊഴുകുന്ന സരയൂവിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി. തര്‍ക്കമന്ദിരം ഇല്ലാതായ നിമിഷം മുതല്‍ അവിടെ നിലവിലുള്ളത് ഒരു ക്ഷേത്രമാണ്. അതിലെ പ്രതിഷ്ഠ രാംലാലയാണ്. താല്ക്കാലികമായ ക്ഷേത്രത്തില്‍ പൂജാരിയെ വച്ചിട്ടുള്ളതും അദ്ദേഹത്തിന് ശമ്പളം നല്‍കുന്നതും ഉത്തര്‍പ്രദേശ് സര്‍ക്കാരാണ്. തര്‍ക്കമന്ദിരം തകര്‍ന്ന കാലത്തെ കല്യാണ്‍സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെപ്പോലെ പില്ക്കാലത്ത് അധികാരത്തില്‍വന്ന മുലായത്തിന്റെയും മായാവതിയുടെയും ഇപ്പോള്‍ അഖിലേഷ് യാദവിന്റെയും സര്‍ക്കാരുകള്‍ ഇത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നിലവിലുണ്ടായിരുന്ന ക്ഷേത്രം തകര്‍ത്താണ് ‘ബാബറി മസ്ജിദ്’ സ്ഥാപിച്ചതെന്നും അയോധ്യയിലെ രാമജന്മഭൂമി ഹിന്ദുജനതക്ക് അവകാശപ്പെട്ടതാണെന്നും അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് ഐതിഹാസികമായ വിധി പ്രഖ്യാപിക്കുകയും ചെയ്തു. ഇതൊന്നും കോബ്രാപോസ്റ്റിലെ സ്റ്റിംഗ് ഓപ്പറേറ്റര്‍ക്ക് ബാധകമല്ലെന്നുണ്ടോ?
എന്തുകൊണ്ടാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനത ഓര്‍മയില്‍നിന്നുപോലും മായ്ച്ചുകളഞ്ഞ ഒരു പ്രശ്നം രാജ്യം മഹത്തായ ഒരു ജനവിധിക്ക് ഒരുങ്ങിനില്‍ക്കുമ്പോള്‍ പൊക്കിക്കൊണ്ടുവരാന് കോബ്രപോസ്റ്റിന് പ്രേരിപ്പിച്ചതെന്ന് വ്യക്തമാണ്. പതിറ്റാണ്ടുകള്‍ കോണ്‍ഗ്രസിന്റെ തട്ടകമായിരുന്നതും 1999 ല്‍ ബിജെപിയെ കേന്ദ്രത്തില്‍ അധികാരത്തിലേറാന്‍ സഹായിച്ചതുമായ ഉത്തര്‍പ്രദേശ് ഈ പൊതുതെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന്റെ ശവപ്പറമ്പായി മാറുമെന്ന് ഉറപ്പായിരിക്കുകയാണ്. 80 സീറ്റുള്ള യുപിയില്‍ ബിജെപിക്ക് 50 സീറ്റ് വരെ ലഭിക്കുമെന്നാണ് ഏറ്റവും പുതിയ അഭിപ്രായ സര്‍വെകളില്‍ തെളിഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സീറ്റ് ഒറ്റ അക്കത്തില്‍ ഒതുങ്ങുമെന്നും സര്‍വെഫലങ്ങള്‍ സൂചിപ്പിക്കുന്നു. യുപിയെപ്പോലെ തന്നെ രാജ്യത്തെ വലിയ സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസിന്റെ നില പരിതാപകരമായിരിക്കുമെന്നാണ് വ്യക്തമാകുന്നത്. ഇതില്‍ പശ്ചിമബംഗാളിലൊഴികെ മറ്റിടങ്ങളിലെല്ലാം ബിജെപി വന്‍വിജയം നേടുമെന്ന് അഭിപ്രായ സര്‍വെകള്‍ ആധികാരികമായി പ്രവചിക്കുന്നു. പരാജയം മണത്ത കോണ്‍ഗ്രസ് നേതാക്കള്‍ പലരും സ്ഥാനാര്‍ത്ഥികളായിട്ടില്ല. സ്ഥാനാര്ത്ഥികളായവരുള്പ്പെടെ നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേക്കേറിക്കഴിഞ്ഞു. വോട്ടെടുപ്പിന് മുമ്പുതന്നെ സോണിയയും മകനും പരാജയത്തിന്റെ പ്രതിരൂപങ്ങളായി മാറിയിരിക്കുന്നു.
ഒരുകാരണവശാലും പാര്‍ട്ടി അധികാരത്തില്‍ വരാന്‍ പോകുന്നില്ലെന്ന് ഒട്ടുമിക്ക കോണ്‍ഗ്രസ് നേതാക്കള്‍ക്കെല്ലാം അറിയാം. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുള്ള അപമാനത്തില്‍നിന്ന് രക്ഷപ്പെടാന്‍ എന്ത് വഴിയെന്ന് ആലോചിച്ച കോണ്‍ഗ്രസ് അതിനായി കണ്ടെത്തിയിരിക്കുന്ന കുറുക്കുവഴി മുസ്ലിം വര്‍ഗീയത ആളിക്കത്തിക്കുകയെന്നതാണ്. ഇന്നലെവരെ ‘മുസ്ലീം വംശഹത്യ’ക്കാരനായി ചിത്രീകരിക്കപ്പെട്ട നരേന്ദ്ര മോദിയെ പിന്തുണച്ച് മുസ്ലീം ജനവിഭാഗങ്ങള്‍ പരസ്യമായി രംഗത്തുവരുമ്പോള്‍ അറ്റകൈ പ്രയോഗമല്ലാതെ മറ്റ് വഴികളൊന്നും കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ തെളിയുന്നില്ല. വിനാശകരമായ ഈ രാഷ്ട്രീയം പ്രയോഗിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇടിച്ചുപിഴിഞ്ഞാല്പ്പോലും ഒരു തുള്ളി രാജ്യസ്നേഹം ലഭിക്കാത്ത, വിദേശവംശജയായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ദല്‍ഹിയിലെ ഷാഹി ഇമാമിനെ സന്ദര്‍ശിച്ച് മുസ്ലീം വോട്ടുകള്‍ ഭിന്നിക്കാതെ നോക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്.
പ്രതീക്ഷിച്ചപോലെ തന്നെ വര്‍ഗീയതയുടെ പ്രതിരൂപമായ ഷാഹി ഇമാം കോണ്‍ഗ്രസിനെ പിന്തുണക്കാനുള്ള അഭ്യര്‍ത്ഥനയുമായി വന്നിരിക്കുകയാണ്. മാധ്യമങ്ങളെ ഉപയോഗിച്ച് വിഷലിപ്തമായ ഈ വര്‍ഗീയ രാഷ്ട്രീയം വിജയിപ്പിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതിന്റെ ഭാഗമാണ് കോബ്രപോസ്റ്റിന്റെ ‘വെളിപ്പെടുത്തല്‍.’ ജനങ്ങളെ തമ്മിലടിപ്പിച്ച് ചോരകുടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിലെ ചെകുത്താന്മാര്ക്ക് അര്‍ഹിക്കുന്ന തിരിച്ചടി ഈ തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. ഒരു ‘കോബ്ര’യ്ക്കും കോണ്‍ഗ്രസിനെ രക്ഷിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: