ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ ഭീകരന് ദേവീന്ദര്‍പാല്‍ സിങ് ഭുള്ളറുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ച് സുപ്രീംകോടതി ഉത്തരവിട്ടു.
ദയാഹര്‍ജിയില്‍ തീരുമാനം വൈകിയതും ഭുള്ളറുടെ മാനസിക നില തകരാറിലാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചുമാണ് ശിക്ഷ കുറയ്ക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് പി. സദാശിവം അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. വധശിക്ഷ കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഭുള്ളറുടെ ഭാര്യ നല്കിയ പുനപരിശോധനാ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ ആര്.എം ലോധ,എച്ച്.എല്‍ ദത്തു,എസ്.ജെ മുഖോപാധ്യായ എന്നിവരടങ്ങിയ ബെഞ്ചിേന്റതാണ്വിധി.
ഭുള്ളറുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ വ്യാഴാഴ്ച അറിയിച്ചിരുന്നു. 1993 സപ്തംബര്‍ 25ന് ദല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിനു സമീപം യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റ് എംഎസ് ബിട്ടയെ ലക്ഷ്യമിട്ടു നടത്തിയ കാര്‍ ബോംബാക്രമണക്കേസിലെ മുഖ്യപ്രതിയാണ് ഭുള്ളര്‍. ഒന്‍പത് പേര് മരിച്ച കേസില്‍ കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ഭുള്ളര്‍ ജയിലിലാണ്.
ദയാഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതില്‍ കാലതാമസമുണ്ടായതിനാല്‍ ഭുള്ളറുടെ വധശിക്ഷ തടഞ്ഞ് ജനുവരി 21നാണ് സുപ്രീംകോടതിയുടെ ആദ്യ ഉത്തരവ്. 2001ല്‍ വിചാരണക്കോടതി വിധിച്ച ഭുള്ളറുടെ വധശിക്ഷ 2002ല്‍ ദല്‍ഹി ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവെച്ചിരുന്നു. തുടര്‍ന്ന് രാഷ്ട്രപതിക്കു സമര്‍പ്പിച്ച ദയാഹര്‍ജിയില്‍ തീരുമാനമുണ്ടാകാന്‍ പത്തുവര്‍ഷം എടുത്തു. 2011ലാണ് രാഷ്ട്രപതി ദയാഹര്‍ജി തള്ളിയത്. തുടര്‍ന്നാണ് കാലതാമസത്തിനെതിരെ സുപ്രീംകോടതിയെ ഭുള്ളറും ഭാര്യയും സമീപിച്ചത്. ആദ്യം ഇക്കാര്യം തള്ളിയ കോടതി ഭുള്ളറുടെ മാനസിക നില തകരാറിലാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളുമായി ഭാര്യ നവനീത് കൗര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ജനുവരി 21ന് വധശിക്ഷ തടയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: