കാസര്‍കോട്: സിപിഎം പിന്തുണ സ്വീകരിക്കുമെന്ന് കോണ്‍ഗ്രസിന്റെ ദേശീയ നേതാവ് ആന്റണി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സിപിഎമ്മും കോണ്‍ഗ്രസും ധാരണ പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി. മുരളീധരന് ആവശ്യപ്പെട്ടു. കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ പടയൊരുക്കം 2014ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയെ എതിര്‍ക്കുക മാത്രമാണ് ലക്ഷ്യമെന്ന് സിപിഎമ്മും കോണ്‍ഗ്രസും പറയുന്നു. കേന്ദ്രത്തില്‍ പരസ്പരം സഹായിക്കാന്‍ തയ്യാറെന്നും ഇരുകൂട്ടരും വ്യക്തമാക്കുന്നു. ഇവര്‍ തമ്മില്‍ പരസ്പരം മത്സരിക്കേണ്ട ആവശ്യമില്ല. ധാരണ പരസ്യമായി പ്രഖ്യാപിക്കുകയാണ് വേണ്ടത്. ജനങ്ങള്‍ക്ക് ആശയക്കുഴപ്പമെങ്കിലും മാറിക്കിട്ടും.
ഇരുപാര്‍ട്ടികളുടെയും രഹസ്യധാരണ നേരത്തെ കെപിസിസി പ്രസിഡണ്ട് തന്നെ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് ഒ. രജഗോപാല്‍ മത്സരിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വോട്ട് കുറഞ്ഞത് സംബന്ധിച്ച ചോദ്യത്തിന് ബിജെപിയേക്കാള്‍ സിപിഎം ജയിക്കുന്നതാണ് താത്പര്യമെന്നായിരുന്നു അന്നത്തെ കെപിസിസി പ്രസിഡണ്ടിന്റെ മറുപടി. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയും ബിജെപിയെ എതിര്‍ക്കുന്നവരും തമ്മിലാണ് മത്സരം. ബിജെപി വേണോ കോണ്‍ഗ്രസ് വേണോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.
ബിജെപിക്ക് സംഘടനാ ശേഷിക്കപ്പുറം വോട്ട് ലഭിക്കുമെന്ന് സര്‍വ്വേ ഫലങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മുരളീധരന് പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഇരുമുന്നണികളിലെയും പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ബിജെപിക്ക് വോട്ട് ചെയ്യും. ഇത് പരസ്യപ്പെടുത്താത്തതിനാല്‍ സര്‍വ്വേകളില്‍ വ്യക്തമാകണമെന്നില്ല. അതുകൊണ്ട് തന്നെ ബിജെപിക്ക് ലഭിക്കുന്ന വോട്ട് സംഘടനാശേഷിയുടെ അടിസ്ഥാനത്തില്‍ മാത്രം കണക്ക് കൂട്ടുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: