കൊച്ചി: രാഷ്ട്രീയകക്ഷികളോ സ്ഥാനാര്‍ഥികളോ സമ്മതിദായകര്‍ക്ക് വിതരണം ചെയ്യുന്ന വോട്ടേഴ്സ് സ്ലിപ്പ് വെറും വെള്ളക്കടലാസില്‍ മാത്രമായിരിക്കണമെന്നും അതില്‍ എന്തെങ്കിലും ചിഹന്മോ സ്ഥാനാര്‍ഥിയുടെ പേരോ ഉണ്ടാകരുതെന്നും ജില്ല തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം പറഞ്ഞു. വോട്ടെടുപ്പ് ദിവസം രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും പാലിക്കേണ്ട പെരുമാറ്റച്ചട്ടപ്രകാരമാണ് ഈ നിര്‍ദേശം.
പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ഇടയില്‍ സംഘട്ടനവും സംഘര്‍ഷവും ഒഴിവാക്കാന്‍ പോളിങ് ബൂത്തുകള്‍ക്കു സമീപം രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും നിര്‍മിക്കുന്ന ക്യാമ്പിനും മറ്റും സമീപം അനാവശ്യമായ ആള്‍ക്കൂട്ടം തടയണം. കക്ഷികള്‍ അവരുടെ അംഗീകൃത പ്രവര്‍ത്തകര്‍ക്ക് അനുയോജ്യമായ ബാഡ്ജുകളും തിരിച്ചറിയല്‍ കാര്‍ഡുകളും നല്‍കണം.
സ്ഥാനാര്‍ഥികളുടെ ക്യാമ്പുകള്‍ ആര്‍ഭാടരഹിതമായിരിക്കണം. ഏതെങ്കിലും ചുവര് പരസ്യങ്ങളോ കൊടികളോ ചിഹ്നമോ മറ്റു പ്രചരണ വസ്തുക്കളോ അവിടെ പ്രദര്‍ശിപ്പിക്കരുത്. ക്യാമ്പുകളില്‍ ആഹാരപദാര്‍ഥങ്ങള്‍ വിതരണം ചെയ്യാനോ ആള്‍ക്കൂട്ടം അനുവദിക്കാനോ പാടില്ലെന്നും നിര്‍ദേശമുണ്ട്. വോട്ടെടുപ്പ് ദിവസം വാഹനങ്ങള്‍ ഓടിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന് അധികാരികളുമായി സഹകരിക്കണം. വാഹനങ്ങള്‍ക്ക് നിര്‍ബന്ധമായും പെര്‍മിറ്റ് വാങ്ങി അതത് വാഹനങ്ങളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം. വോട്ടെടുപ്പ് ദിവസവും അതിനു മുമ്പുള്ള 48 മണിക്കൂറിനുള്ളിലും മദ്യം നല്‍കുകയോ വിതരണം ചെയ്യുകയോ ചെയ്യരുത്. സമാധാനപരവും സുതാര്യവുമായ തിരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: