കൊച്ചി: ഇന്നസെന്റിന്റെ സ്ഥാനാര്‍ത്ഥിത്വവും സൂപ്പര്‍സ്റ്റാറിന്റെ രാജ്യസഭാ പ്രവേശനമോഹവും താരസംഘടനയായ ‘അമ്മ’യില്‍ ചേരിതിരിവ് രൂക്ഷമാക്കുന്നു. ‘അമ്മ’യില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രാഷ്ട്രീയ അടിസ്ഥാനത്തില്‍ ചേരിതിരിയുന്നത് ഇതാദ്യമാണ്. ‘അമ്മ’യുടെ നിലനില്‍പ്പിനെത്തന്നെ ഇപ്പോഴത്തെ ഭിന്നത ബാധിച്ചേക്കുമെന്നാണ് സൂചനകള്‍. ‘സംഘടന’യുടെ പ്രസിഡന്റായ ഇന്നസെന്റ് മറ്റ് ഭാരവാഹികളോട് പോലും ആലോചിക്കാതെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായത് ശരിയായില്ല എന്ന അഭിപ്രായമാണ് ഒരു വിഭാഗത്തിനുള്ളത്. മമ്മൂട്ടിയുടെ നിര്‍ബന്ധം മൂലമാണ് താന്‍ സ്ഥാനാര്‍ത്ഥിയായതെന്ന് ഇന്നസെന്റ് ഇവരെ അറിയിച്ചതോടെ പ്രതിഷേധം ഒന്നുകൂടി രൂക്ഷമാവുകയായിരുന്നു. അമ്മ ജനറല്‍ സെക്രട്ടറി മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്നസെന്റ് സ്ഥാനാര്‍ത്ഥിയായതില്‍ നീരസമുള്ളവരാണ്.
അമ്മയുടെ പ്രസിഡന്റ് എന്ന പദവി ഉപയോഗപ്പെടുത്തി താരങ്ങളെ പ്രചരണത്തിനിറക്കാനുള്ള ശ്രമം നടത്തുന്നതിനോടും സംഘടനക്കുള്ളില്‍ പ്രതിഷേധം ശക്തമാണ്. ‘അമ്മ’യെ സിപിഎം ഹൈജാക്ക് ചെയ്യാന്‍ ശ്രമം നടത്തുന്നതായാണ് ഇവരുടെ പരാതി. രണ്ടാംനിര താരങ്ങളെയും ജൂനിയര്‍ താരങ്ങളെയും നിര്‍ബന്ധിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അതേസമയം അമ്മ ഭാരവാഹിയായ സൂപ്പര്‍സ്റ്റാറിന്റെ രാജ്യസഭാ സീറ്റ് മോഹമാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നാണ് ഇന്നസെന്റിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. കേരളത്തില്‍ നിന്ന് ഉടനെ ഒഴിവുവരാനിടയുള്ള മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒന്ന് തനിക്ക് നല്‍കണമെന്ന് സൂപ്പര്‍സ്റ്റാര്‍ എ.കെ. ആന്റണിയെ കണ്ട് ആവശ്യപ്പെട്ടതായും ഇവര്‍ ആരോപിക്കുന്നു. വയലാര്‍ രവി, എം.പി. അച്യുതന്, പി. രാജീവ് എന്നിവരാണ് കാലാവധി പൂര്‍ത്തിയാക്കുന്ന എംപിമാര്‍. മൂന്ന് സീറ്റില്‍ ഇക്കുറി രണ്ടെണ്ണം കോണ്‍ഗ്രസിനും ഒരെണ്ണം സിപിഎമ്മിനും ലഭിക്കും. രണ്ടില്‍ ഒന്ന് തനിക്ക് നല്‍കണമെന്നാണ് സൂപ്പര്‍സ്റ്റാര്‍ ആന്റണിയോട് അഭ്യര്ത്ഥിച്ചിട്ടുള്ളതത്രെ. ആന്റണി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും മനസ് തുറന്നിട്ടില്ലത്രെ.
അതിനിടയില്‍ സിനിമാക്കാര് ഒന്നടങ്കം ഇടതുപാളയത്തില്‍ പ്രചാരണത്തിനിറങ്ങുന്നത് സൂപ്പര്‍സ്റ്റാറിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് കണക്കുകൂട്ടുന്നു. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും രണ്ട് ചേരിയിലായതോടെ പ്രചാരണത്തിനിറങ്ങാനും ഇറങ്ങാതിരിക്കാനും കഴിയാത്ത സ്ഥിതിയിലാണ് താരങ്ങളും മറ്റ് സിനിമാപ്രവര്‍ത്തകരും. താരസംഘടനയില്‍ പ്രതിസന്ധി രൂക്ഷമായതോടെ സിനിമാപ്രവര്‍ത്തകരെ അണിനിരത്തി പ്രചാരണം കൊഴുപ്പിക്കാമെന്ന ഇടതുമുന്നണിയുടെ കണക്കുകൂട്ടലും പിഴക്കുകയാണ്. സൂപ്പര്‍സ്റ്റാറിന്റെ മനമറിഞ്ഞതോടെ ഇന്നസെന്റിന് വേണ്ടി പ്രചാരണരംഗത്തിറങ്ങാന്‍ താരങ്ങള്‍ മടിക്കുകയാണെന്നാണ് സൂചന. അതിനിടെ ചാലക്കുടിയിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ.എം. നൂറുദ്ദീനുവേണ്ടി പ്രചാരണത്തിനിറങ്ങിയ കല്‍പ്പന പിന്നീട് നിലപാട് മാറ്റുകയും പിന്‍വാങ്ങുകയും ചെയ്തത് ഇന്നസെന്റിന്റെ സമ്മര്‍ദ്ദം മൂലമാണെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ‘ആപി’ന്റെ പരിപാടിയാണെന്ന് അറിയാതെയാണ് താന്‍ അവിടെ പോയതെന്നാണ് കല്‍പ്പന ഇന്നലെ വെളിപ്പെടുത്തിയത്. എന്നാല്‍ കല്‍പ്പന സമ്മര്‍ദ്ദം മൂലമാണ് നിലപാട് മാറ്റിയതെന്നും സൂചനയുണ്ട്. ആപിന്റെ തൊപ്പിയണിഞ്ഞ് യോഗത്തിനെത്തിയ കല്‍പ്പന ചാലക്കുടിയില്‍ നടത്തിയ പത്രസമ്മേളനത്തിലും താന്‍ ആപില്‍ അംഗത്വമെടുത്തതായി അവകാശപ്പെട്ടിരുന്നു. ഈ നിലപാടില്‍നിന്ന് പെട്ടെന്ന് പിന്നോട്ടുപോകാന്‍ കാരണം ഇന്നസെന്റിന്റെ സമ്മര്‍ദ്ദമാണെന്നാണ് വിവരം. ഇന്നസെന്റിനെതിരെ പ്രവര്‍ത്തിച്ചാല്‍ സിനിമയില്‍ വിലക്ക് വരുമെന്ന് ഇരിങ്ങാലക്കുടക്കാരനായ ‘അമ്മ’ ഭാരവാഹി ഭീഷണിപ്പെടുത്തിയതായും പറയുന്നു. പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും രാഷ്ട്രീയ നിലപാടുകള്‍ താരസംഘടനയെ പിളര്‍പ്പിലേക്ക് നയിക്കുമോയെന്ന ആശങ്ക ഉയരുന്നുണ്ട്.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: