ധര്‍മം ഭൂമിയില്‍ ആവിര്‍ഭവിക്കാന്‍ കാലവും പൃഥ്വിവ്യാദി പഞ്ചഭൂതങ്ങളും ദശദിക്പാലകന്മാരും സൂര്യചന്ദ്രന്മാരും എല്ലാ സ്ഥൂല സൂക്ഷ്മ ശക്തികളും അനുകൂലികളായി തീരട്ടെ. അഗ്നിസ്വരൂപനായ സ്കന്ദപെരുമാനെ…. ധര്‍മത്തെ പോഷിപ്പിക്കാന്‍ നീ കരുണചൊരിഞ്ഞാലും. ധര്‍മത്തിന്റെ സേനാനായകനായ നീ എല്ലാ മക്കളേയും അനുഗ്രഹിച്ച് അവര്‍ക്ക് ധര്‍മത്തിന്റെ വഴികാട്ടേണമേ.
സര്‍വേശ്വരാ…. അവിടുത്തെ അളവില്ലാത്ത കാരുണ്യം ഈ കേന്ദ്രത്തിലേക്ക് പ്രവഹിക്കുമാറാകട്ടെ. ഈ സ്ഥലത്തുള്ള എല്ലാ മനുഷ്യസങ്കല്‍പ്പങ്ങളും അപ്രത്യക്ഷമാകട്ടെ. ദൈവിക കരുണ മാത്രം ഇവിടെ ഒഴുകട്ടെ. പഞ്ചഭൂതങ്ങള്‍ പരിശുദ്ധവും പവിത്രവുമായി തീരട്ടെ. എല്ലാ താമസിക ശക്തികള്‍ക്കും പരിവര്‍ത്തനം വന്നുചേരട്ടെ.
ഹേ, ഭൂമീദേവി, അവിടുന്ന് സര്‍വ്വ മംഗളദായിനിയാണ്. അവിടുത്തെ കാരുണ്യം അളവില്ലാത്തതാണ്. സര്‍വ യജ്ഞങ്ങള്‍ക്കും അടിത്തറ അവിടുന്നാണ്. അല്ലയോ ഭൂമിമാതാവേ, അവിടുന്ന് സഹസ്രകോടി ജീവജാലങ്ങളെ പോറ്റി അവരെ ധര്‍മത്തിന്റെ പാതയിലേക്ക് നയിക്കുന്നു. സര്‍വ ജീവജാലങ്ങളേയും സംരക്ഷിച്ചു വളര്‍ത്തുന്ന അമ്മയാണ് അവിടുന്ന്. ഋഷികള്‍ തപസ്സു ചെയ്യുന്ന തപോഭൂമിയാണ് അവിടുന്ന്. തപസ്വികള്‍ക്ക് തപസ് ചെയ്യാനും കര്‍മികള്‍ക്ക് കര്‍മം ചെയ്യാനും വേദി ഒരുക്കുന്നത് അവിടുന്ന് തന്നെയാണ്. അവിടുത്തെ പുത്രന് ഈ ഭൂമിയില്‍ ഇറങ്ങിവന്ന് അവിടുത്തെ മടിത്തട്ടില്‍ തപസ്സനുഷ്ഠിക്കാന്‍ പ്രചോദിപ്പിച്ചത് മഹാമായയായ പ്രകൃതീമാതാവ് തന്നെയാണ്. നിന്റെ കരുണയെപ്പോലെ നിന്റെ സ്ഥിരതയും ജ്ഞാനവും അളവില്ലാത്തതാണ്. ഇത്രയും മക്കളുടെ ചവിട്ടേറ്റ് എല്ലാറ്റിനും താങ്ങായി നില്ക്കുന്ന നിന്റെ മഹാവൈഭവത്തെ ഞാന്‍ കാണുന്നു. എനിക്ക് സഹിക്കുന്നില്ല മാതാവേ…. നിന്നില്‍ വിളങ്ങുന്ന സ്ഥിരതയും ജ്ഞാനവും കരുണയും എല്ലാ മക്കളിലും ചൊരിയേണമേ…. ഈ മക്കള്‍ക്ക് എല്ലാം താങ്ങാനും സഹിക്കാനുമുള്ള ശക്തി പ്രദാനം ചെയ്യേണമേ. അവിടുന്നത് കരുണ ചൊരിയേണമേ, കരുണ ചൊരിയേണമേ.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: