252. നന്ദഗോപഗൃഹേ ഭൃതഃ – നന്ദഗോപന്റെ ഭവനത്തില്‍ വളര്‍ത്തപ്പെട്ടവന്‍.
ഭഗവാന് ദേവകിയുടെയും വസുദേവരുടെയും മകനായി കംസന്റെ കാരാഗൃഹത്തില്‍ പിറന്നു. ജനിച്ചയുടന്‍ ഭഗവാന്റ നിര്‍ദ്ദേശപ്രകാരം വസുദേവര്‍ ശിശുവിനെ ആമ്പാടിയില്‍ കൊണ്ടുപോയി. അവിടെ യശോദ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു. ആ ശിശുവിന്റെ സ്ഥാനത്ത് തന്റെ പുത്രനെ കിടത്തിയിട്ട് യശോദയുടെ പുത്രിയുമായി വസുദേവര്‍ തിരിച്ചുപോന്നു. യോഗമായാ പ്രഭാവം കൊണ്ട് രണ്ടു ദിക്കിലുമുള്ളവര് ഉറങ്ങിപ്പോയതുകൊണ്ട് ഈ വച്ചുമാറ്റം ആരും അറിഞ്ഞില്ല. പെണ്‍കുട്ടി കംസന്റെ കയ്യില്‍ നിന്നു വഴുതിപ്പോയത് മുന്‍നാമത്തില്‍ പരാമര്‍ശിച്ചിരുന്നു. ഭഗവാന് യശോദയുടെയും നന്ദഗോപരുടെയും മകനായി ഗോപവാടത്തില്‍ വളര്‍ന്നു.
60. കരസപ്രേരിതപൈശാചബാധാസംഘവിനാശകഃ
ഗോപാലോ ഗോവത്സപാലോ ബാലലീലാവിലാസിതഃ
253: കംസപ്രേരിതപൈശാചബാധാസംഘവിനാശകഃ
കംസന്റെ പ്രേരണകൊണ്ട് വന്നെത്തിയ പിശാചുക്കളുടെയും ബാധകളുടെയും സംഘത്തെ നശിപ്പിച്ചവന്.
കംസന് കൊല്ലാന്‍ തുടങ്ങിയപ്പോള്‍ വഴുതി ആകാശത്തേക്കുയര്‍ന്ന യോഗമായ ‘നിന്റെ ശത്രു ഞാനല്ല. ആ ശത്രു ജനിച്ചിട്ടുണ്ട്. കഴിയുമെങ്കില്‍ കണ്ടുപിടിക്കുക എന്ന് മുന്നറിയിപ്പ് കൊടുത്തിരുന്നു. ഭീതനായ കംസന് തന്റെ അനുചരരായ രാക്ഷസശക്തികളെക്കൊണ്ട് നവജാതശിശുക്കളെയെല്ലാം കൊല്ലിക്കാന്‍ തുടങ്ങി. അവരെല്ലാം ശിശുവായ കൃഷ്ണനാല്‍ നശിപ്പിക്കപ്പെട്ടു. പൂതന, ശകടാസുരന്‍, തൃണാവര്ത്തന്, വത്സാസുരന്, പ്രലംബന്, അരിഷ്ടന്, കേശി, വ്യോമന് എന്നിങ്ങനെ പലര് കൃഷ്ണനെ കൊല്ലാന്‍ ശ്രമിച്ചു. അവരെയെല്ലാം ഭഗവാന് നശിപ്പിച്ചു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: