കൊല്ലംജില്ലയില്‍ പനയം പഞ്ചായത്തിലാണ് പുരാതനമായ തൃപ്പനയം ദേവീക്ഷേത്രം. പാണിവിളക്കേന്തുന്ന അസംഖ്യം ബാലികമാര്‍ ആയിരത്തിരി കൈത്തിരിനീട്ടി ദേവിയെ ആണ്ടുതോറും തിരുനാളില്‍ ആരാധിക്കുന്ന അപൂര്‍വക്ഷേത്രം. കൊല്ലം കുണ്ടറ റോഡിന് ഏതാണ്ട് മദ്ധ്യഭാഗത്ത് താന്നിക്കമുക്ക്. അവിടെനിന്നും കുറച്ചു വടക്കുമാറി കുതിരത്തറ. ക്ഷേത്രത്തിനു മുന്നില്‍ നീണ്ടുകിടക്കുന്ന പാടം. കണ്ടചിറക്കായലും ചെമ്മക്കാട് കായലും പനയത്തിന്റെ മാറിലെ മാലയാകുമ്പോള് അതില്‍ തിളങ്ങുന്ന പതക്കമാകുന്നു ഈ ക്ഷേത്രം. ക്ഷേത്രത്തിനു മുന്നില്‍ പഴക്കംചെന്ന ആല്മരങ്ങള്. മതില്‍ക്കെട്ടിനുപുറത്ത് ആനക്കൊട്ടില്‍. അതിനോട് ചേര്‍ന്ന് മാളികയുള്ള കിഴക്കേ ഗോപുരം. നാലമ്പലവും ബലിക്കല്‍പ്പുരയും മുഖമണ്ഡപവും എല്ലാം പുരാതന വാസ്തുശില്പവിദ്യയുടെ മാറ്ററിയുന്നവ. ധ്വജവുമുണ്ട്.
ശ്രീഭദ്രകാളി ശക്തിസ്വരൂപിണിയായി കിഴക്കോട്ട് ദര്‍ശനമരുളുന്നു. ദേവിയുടെ വലത്ത് ശാസ്താവും ഇടതുഭാഗത്ത് യക്ഷിയും ഉപദേവന്മാരായുണ്ട്. നാലമ്പലത്തിനു തെക്ക് ഗണപതിയും ശ്രീകൃഷ്ണനും ശക്തിയമ്മയും വടക്കുവശത്ത് മാടനും മറുതയുമുണ്ട്. കൂടാതെ ഒരേ ഒരു കോവിലില്‍ത്തന്നെ നാഗരാജാവും നാഗയക്ഷിയും ഉണ്ട്. ഊട്ടുപുരയുടെ പിന്നിലെ കുളം കൂടാതെ ക്ഷേത്രത്തിനു മുന്നിലും കുളമുണ്ട്.
ഇഷ്ടവരദായിനിയായ ദേവിക്ക് ഇഷ്ടനേദ്യം ഇരട്ടിമധുരം എന്ന കടുംപായസം വെള്ളിയും ഞായറും നടക്കുന്ന നാരങ്ങാവിളക്കും വിശേഷ വഴിപാടാണ്. ഉത്സവത്തോടനുബന്ധിച്ചുള്ള ഉരുള്‍ വഴിപാടും വൃശ്ചികമാസത്തിലെ തോറ്റംപാട്ടും പ്രത്യേക വഴിപാടുകളാണ്. ഇരുപത്തി ഒന്‍പതിന് കരക്കാരുടെ വക പാട്ടാണ്. മുപ്പതാം തീയതിയിലെ ഗുരുതി കഴിഞ്ഞാല്‍ എട്ടുദിവസം അമ്പലം അടച്ചിടും. ചൊവ്വാഴ്ച ദിവസത്തെ ഗുരുതി പൂജയില്‍ പങ്കെടുക്കാന്‍ നൂറുകണക്കിന് സ്ത്രീകളെത്തും. അഭീഷ്ടസിദ്ധിക്കും മംഗല്യഭാഗ്യത്തിനുമായി ഈ വഴിപാട് അനവരതം നടന്നുവരുന്നു. ഉള്ളം കയ്യിന്റെ ആകൃതിയില്‍ ഒരു തട്ട്, കൊളുത്തില്‍ തൂക്കിയ കമ്പി, കരിനിറമുള്ള വിളക്കില്‍ എണ്ണയൊഴിച്ച് തിരിയിട്ട് കത്തിച്ച് ബാലികമാര്‍ തൂക്കിപ്പിടിച്ചുകൊണ്ടുപോകുന്ന പാണിവിളക്കിന് ഐതിഹാസിക ശോഭ. ഇത് ഈ അമ്പലത്തില്മാത്രമുള്ള വിശേഷം. ഉത്സവകാലത്ത് രാവിലെയും വൈകിട്ടും നൂറുക്കണക്കിനു ബാലികമാര്‍ വ്രതാനുഷ്ഠാനത്തോടെ വിളക്കെടുക്കും. അവരുടെ കുഞ്ഞുമനസ്സുകളില്‍ ഭക്തിയുടെ തിരികത്തും. ആണ്‍കുട്ടികളുടെ ഉരുളുമുണ്ട്. ക്ഷേത്രത്തിനു പടിഞ്ഞാറുവശം പണ്ട് കാടായിരുന്നു. അതിനടുത്ത് ഒരു മാവും ഉണ്ടായിരുന്നു. വൃദ്ധനായ ഒരു നമ്പൂതിരിയാണ് അവിടെ താമസിച്ചിരുന്നത്. കടലാമനയ്ക്കല് എന്നാണ് ആ കുടുംബം അറിയപ്പെട്ടിരുന്നത്. നാടുവാഴികളുടെ സ്വത്തു സംരക്ഷകനായിരുന്നു നമ്പൂതിരി. ഒരു ദിവസം ഉച്ചയ്ക്ക് കാവില്‍ ഒരു സ്ത്രീയിരുന്ന് ഊഞ്ഞാലാടുന്നത് കണ്ടു. കുറെക്കഴിഞ്ഞപ്പോള്‍ ആ സ്ത്രീ മഠത്തിലെത്തി ആഹാരം ആവശ്യപ്പെട്ടു. ആഹാരം കൊടുത്തപ്പോള്‍ കാവിനുള്ളില്‍ ക്ഷേത്രം പണിയണമെന്ന് ആവശ്യപ്പെട്ടു. ദിവ്യതേജസ്സുള്ള ആ സ്ത്രീ അപ്രത്യക്ഷമാവുകയും ചെയ്തു. അതിനെത്തുടര്‍ന്ന് നമ്പൂതിരി നാട്ടുകാരെ വിവരമറിയിക്കുകയും അവിടെ ക്ഷേത്രം നിര്‍മിച്ച് ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തു.
മീനഭരണിക്ക് ആറാട്ടുവരത്തക്കവിധം പന്ത്രണ്ടുദിവസത്തെ ഉത്സവം. ഉത്സവത്തിന്റെ മുന്നോടിയായി പന്ത്രണ്ടുകരയിലും നടക്കുന്ന പറയീടല് പ്രധാന ചടങ്ങ്. ഉത്സവബലി കണ്ടുതൊഴുന്നതും ബലിപ്രസാദം കഴിക്കുന്നതും ശ്രേയസ്സ്കരമാണ്. ഉത്സവത്തില്‍ എടുപ്പുകുതിരകള്‍ പ്രധാന കെട്ടുകാഴ്ച. അശ്വതിക്കും ഭരണിക്കുമാണ് കുതിരകളെ എടുക്കുക. ഏഴേകാല്‍ കോലില്‍ കുറയാത്ത കുതിരകള്‍ കെട്ടിനിര്‍ത്തിയിരിക്കുന്ന കാഴ്ചപോലും ഹൃദ്യമാണ്. കുതിരമൂട്ടില്നിന്നും കൊട്ടിന്റെ ആരവം ഉയരുമ്പോള്‍ ഉത്സാഹഭരിതരായി കരക്കാര് കുതിരയെ എടുക്കാനെത്തും. കൊട്ടും മേളവും മുറുകുമ്പോള്‍ നെടുംകുതിരകളുടെ നീളന്‍ ചട്ടങ്ങള്‍ അവരുടെ തോളുകളില്‍ നൃത്തമാടാന്‍ തുടങ്ങും. അനവധി ഗജവീരന്മാര് അകമ്പടി സേവിക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.
പെരിനാട് സദാനന്ദന് പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: