ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയുടെ ആവശ്യപ്രകാരം ഓര്‍ഡിനന്‍സായി പാസാക്കാനൊരുങ്ങുന്ന അഴിമതി വിരുദ്ധ ബില്ലുകളില്‍ കേന്ദ്രമന്ത്രിസഭ തീരുമാനമെടുക്കാതെ പിരിഞ്ഞു. കടുത്ത അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രണ്ടു മണിക്കൂറോളം നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കാനുള്ള തീരുമാനം മാറ്റിവെച്ചത്. ഇതേ തുടര്‍ന്ന് ബില്ലുകള്‍ ഓര്‍ഡിനന്‍സായി പാസാക്കുന്നതിന് ഉടന്‍തന്നെ വീണ്ടും പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നേക്കും.
അഴിമതി വിരുദ്ധ പ്രതിച്ഛായ സൃഷ്ടിക്കാന്‍ ശീതകാല സമ്മേളനത്തിന്റെ അവസാനഘട്ടത്തില്‍ രാഹുല്‍ഗാന്ധി ഉയര്‍ത്തിക്കൊണ്ടുവന്നതാണ് ആറോളം അഴിമതിവിരുദ്ധ ബില്ലുകള്‍. ഇതെല്ലാം ഓര്‍ഡിനന്‍സായി പുറത്തിറക്കണമെന്ന നിലപാട് അംഗീകരിക്കുന്നതില്‍ കേന്ദ്രമന്ത്രിസഭയിലെ ചില അംഗങ്ങള്‍ ഏതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് തീരുമാനം മാറ്റിയതെന്നാണ് സൂചന. നിയമവശങ്ങള്‍ ചൂണ്ടിക്കാണിച്ചതോടെ ഓര്‍ഡിനന്‍സിനെതിരെ കേന്ദ്രമന്ത്രിസഭയില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നു. ഇതോടെയാണ് വിഷയം ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതിന് പ്രത്യേക കാബിനറ്റ് ചേരാന്‍ തീരുമാനിച്ചത്. കേന്ദ്രമന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച കാബിനറ്റ് സെക്രട്ടറി ബില്ലിനേപ്പറ്റി യാതൊന്നും പരാമര്‍ശിച്ചില്ല.
അഴിമതി വിരുദ്ധ(ഭേദഗതി) ബില്ല്, സേവനങ്ങളുടെ സമയപരിധി ഉറപ്പുവരുത്തി പൗരാവകാശം ഉറപ്പുവരുത്തുന്ന ബില്ല് എന്നിവയാണ് പ്രധാനമായും ഓര്‍ഡിനന്‍സായി പുറത്തിറക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിട്ടിരുന്നത്. എസ്.സി/എസ്.ടി പീഡനങ്ങള്‍ തടയല്‍ ബില്ല്, അംഗവൈകല്യമുള്ളവരുടെ അവകാശ സംരക്ഷണബില്ല്, ദല്‍ഹി ഹൈക്കോടതി നിയമം(ഭേദഗതി) തുടങ്ങിയവയും ഇതോടൊപ്പം കാബിനറ്റിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഓര്‍ഡിനന്‍സുകള്‍ മാറ്റിവെച്ചതു സംബന്ധിച്ച ചോദ്യങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് വഴിയുള്ള കുറഞ്ഞ പെന്ഷന് ആയിരം രൂപയാക്കിയ ബോര്‍ഡ് തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്കി. ലോക്സഭാ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സ്ഥാനാര്‍ത്ഥിക്ക് മണ്ഡലത്തില്‍ ചെലവഴിക്കാവുന്ന പരമാവധി തുക 70 ലക്ഷമാക്കി ഉയര്‍ത്തണമെന്ന കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശയും മന്ത്രിസഭ അംഗീകരിച്ചു.
രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ 53 ജില്ലകളിലായി 54 പുതിയ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. യൂറിയ വില ടണ്ണിന് 350 രൂപ ഉയര്‍ത്താനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: