കൊച്ചി: വല്ലാര്‍പാടം പദ്ധതിക്കായി നടത്തിയ അമിതമായ ഡ്രഡ്ജിംഗ് ചെലവുകള്‍ മൂലം സാമ്പത്തിക പ്രതിസന്ധിയിലായ കൊച്ചി തുറമുഖത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തിവന്ന സമരത്തിന്റെ മൂന്നാംഘട്ടമായി റിലേ നിരാഹാര സത്യഗ്രഹം തുടങ്ങി. രാവിലെ പത്തിന് പി.രാജീവ് എംപി നിരാഹാരസത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. വല്ലാര്പാടത്തിനുവേണ്ടി അനാവശ്യമായി 14.5 മീറ്റര്‍ ഡ്രഡ്ജിംഗ് നടത്തിയാണ് തുറമുഖം കടക്കെണിയിലായത്. ഡ്രഡ്ജിംഗിനുവേണ്ടി ചെലവഴിച്ച 400 കോടി രൂപ ഗ്രാന്റായി ആവശ്യപ്പെട്ടെങ്കിലും നാളിതുവരെ ഗവണ്മെന്റിന്റെ ഭാഗത്തുനിന്നു യാതൊരു നടപടിയുമുണ്ടായില്ല. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പല പ്രാവശ്യമായി വായ്പയെടുത്ത 258 കോടി രൂപയുടെ പിഴപ്പലിശയായ 730 കോടി രൂപ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല. ലക്ഷക്കണക്കിന് കോടി രൂപ കോര്‍പ്പറേറ്റുകള്‍ക്ക് ഇളവ് എഴുതിത്തള്ളുന്ന ഗവണ്മെന്റ് തുറമുഖത്തെ അവഗണിക്കുന്നത് ഖേദകരമാണെന്നും വല്ലാര്‍പാടം അന്താരാഷ്ട്ര കരാര്‍ പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ സിപിഎസ്എയുടെ വര്‍ക്കിംഗ് പ്രസിഡന്റും ലേബര്‍ ട്രസ്റ്റിയുമായ പി.എം.മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു. സിപിഇഒ സെക്രട്ടറിയും ലേബര്‍ ട്രസ്റ്റിയുമായ സി.ഡി.നന്ദകുമാര്‍, സിപിഎസ്എ ജനറല്‍ സെക്രട്ടറി കെ.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. കെ.പി.രാജേന്ദ്രന്, ടി.കെ.ഷോബി, ടി.ആര്.സുരേഷ്, ടി.എസ്.ശ്രീദ, ആര്.സുരേഷ് കുമാര്‍ എന്നിവരാണ് ഇന്ന് നിരാഹാരസത്യഗ്രഹം അനുഷ്ഠിക്കുന്നത്.
കൊച്ചി തുറമുഖ തൊഴിലാളികളുടെ സമാന്തര അനുഭാവ സത്യഗ്രഹം ഉച്ചയ്ക്ക് 2ന് ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സകലവിധ സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളും കൊച്ചി തുറമുഖത്തെ ആശ്രയിച്ചാണ് വളര്‍ന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. തുറമുഖത്തെ രക്ഷിച്ച് നിലനിര്‍ത്തേണ്ടത് നാട്ടിലെ ഏവരുടെയും ആവശ്യമാണെന്നും തുറമുഖങ്ങള്‍ രാജ്യത്തിന്റെ സമ്പത്താണെന്നും അദ്ദേഹം പറഞ്ഞു. സമരത്തിന് ഐഎന്‍ടിയുസിയുടെ സര്‍വ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു. പി.എം.മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു. പി.ബി.സുരേന്ദ്രന്, പി.പി.സുരേഷ് കുമാര്‍, സി.എ.ചന്ദ്രഹാസന്‍, മുഹമ്മദ് അസ്ലാം, ബി.ഷാജുലാല്‍, എം.എ.വിശ്വംഭരന്, സി.എസ്.വര്‍ഗീസ്, കെ.എം.ജോളി, സി.ജെ.ഫെലിക്സ് തുടങ്ങിയവരാണ് അനുഭാവ സത്യഗ്രഹമനുഷ്ഠിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: