മുംബൈ: കഴിഞ്ഞ ഏഴു മാസത്തിനിടെ നാവിക സേനയുടെ പത്തു കപ്പലുകളാണ് അപകടത്തില്‍ പെട്ടത്, ഏഴു കപ്പലുകളും മൂന്ന് അന്തര്‍വാഹിനികളും. ഇന്നലെ ഐഎന്‍എസ് സിന്ധു രത്നയ്ക്കുണ്ടായ അപകടമാണ് പത്താമത്തേത്.
കഴിഞ്ഞ വര്‍ഷമാണ് ഏറ്റവും വലിയ ദുരന്തം നടന്നത്. റഷ്യന്‍ നിര്‍മ്മിത ആണവ അന്തര്‍വാഹിനിയായ ഐഎന്‍എസ് സിന്ധുരക്ഷകില്‍ കഴിഞ്ഞവര്‍ഷം അവസാനമുണ്ടായ തീപിടിത്തത്തില്‍ 18 നാവികരാണ് മരിച്ചത്. ദിവസങ്ങള്‍ക്കു ശേഷമാണ് ഇവരില്‍ പലരുടേയും മൃതദേഹം കണ്ടുകിട്ടിയതു തന്നെ. ഏതോ ആയുധങ്ങള്‍ പൊട്ടിത്തെറിച്ചാണ് അന്ന് അന്തര്‍വാഹിനി പൂര്‍ണ്ണമായും കത്തി കടലില്‍ താണത്. ഇതിെന്റ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ആയുധപ്പുരയിലെ ടോര്‍പ്പിഡോ പൊട്ടിത്തെറിച്ചതാണെന്നാണ് കരുതുന്നത്.
ഒരുമാസം മുന്‍പ് ഐഎന്‍എസ് സിന്ധുഘോഷ് അന്തര്‍വാഹിനി വേലിയിറക്ക സമയത്ത് മുംബൈ തുറമുഖത്തേക്ക് കടക്കുന്നതിനിടെ കരയില്‍ തട്ടി തകരേണ്ടതായിരുന്നു. ഭാഗ്യത്തിനാണ് അന്ന് വലിയ ദുരന്തം ഉണ്ടാകാത്തത്. ഈ മാസമാദ്യം ഐഎന്‍എസ് ഐരാവത് എന്ന യുദ്ധക്കപ്പല്‍ ആഴം കുറഞ്ഞ ഭാഗത്ത് അടി ഭാഗം തട്ടി കേടായിരുന്നു. ഇതേത്തുടര്‍ന്ന് കമാന്‍ഡിംഗ് ഓഫീസറെ ഡ്യൂട്ടിയില്‍ നിന്ന് നീക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഒടുവില്‍, ഐഎന്‍എസ് സിന്ധുരക്ഷക് കത്തിയമര്‍ന്ന ശേഷമാണ് ഐന്‍എന്‍എസ് ബേട്വ എന്ന യുദ്ധക്കപ്പല്‍ കടലിനടിയിലെ ഏതോ വസ്തുവില്‍ തട്ടി അടിഭാഗം തകര്‍ന്ന് കേടായത്. വിശാഖപട്ടണത്ത് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് മൈന്‍വാരി കപ്പല്‍ ഐഎന്‍എസ് കോംഗ്കണില് തീ പിടിച്ചത്. കപ്പലിെന്റ ഉള്‍ഭാഗമെല്ലാം കത്തി നശിച്ചു. ശത്രുക്കള്‍ കടലില്‍ വര്‍ഷിക്കുന്ന, വെള്ളത്തില്‍ പൊങ്ങിക്കിടന്ന് കപ്പലുകള്‍ തകര്‍ക്കുന്ന മൈനുകള്‍ കണ്ടെത്തി നശിപ്പിക്കുന്ന കപ്പലാണിത്. അപകടങ്ങള്‍ പതിവായതിനെത്തുടര്‍ന്ന് നാവിക സേനാമേധാവി പടിഞ്ഞാറന്‍ കമാന്‍ഡ് മേധാവി ശേഖര്‍ സിന്‍ഹയെ വിളിച്ച് വിശദീകരണം തേടിയിരുന്നു.
ഇന്ത്യന്‍ നാവികസേനയ്ക്ക് 31 അന്തര്‍വാഹിനികളാണ് ഉള്ളത്. ഇവയില്‍ ഒന്ന് (ഐഎന്‍എസ് സിന്ധുരക്ഷക്) കഴിഞ്ഞ വര്‍ഷം കത്തി നശിച്ചു. ഇനി മുപ്പതെണ്ണമാണ് ഉള്ളത്. അവയില്‍ റഷ്യന്‍ നിര്‍മ്മിത സിന്ധു ക്ലാസ് വിഭാഗത്തിലുള്ളവ ഇനി ഒന്‍പതെണ്ണമാണ്.സിന്ധു ഘോഷ്, സിന്ധുധ്വജ്, സിന്ധു രാജ്, സിന്ധുവീര്‍, സിന്ധുരത്ന, സിന്ധുകേസരി, സിന്ധുകീര്‍ത്തി, സിന്ധുവിജയ്,സിന്ധുശസ്ത്ര. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച് നിര്‍മ്മിച്ച ആണവ അന്തര്‍വാഹനിയാണ് അരിഹന്ത്. ഇത്തരം നാലെണ്ണമാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: