ന്യൂദല്‍ഹി: ബീഹാറില്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടുന്നതിനുള്ള ശ്രമങ്ങള്‍ ലോക്ജനശക്തി പാര്‍ട്ടി നേതാവ് രാംവിലാസ് പാസ്വാന് ഊര്‍ജ്ജിതമാക്കി. ഇന്നലെ ദല്‍ഹിയില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ ബിജെപി നേതൃത്വവുമായുള്ള ചര്‍ച്ചകളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. ഇന്ന് നരേന്ദ്രമോദിയുമായി രാംവിലാസ് പാസ്വാന് ചര്‍ച്ച നടത്തിയേക്കും.
പാര്‍ട്ടിയുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഗൗരവമായി ഇതിനെക്കാണാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ലെന്ന് രാംവിലാസ് പാസ്വാന് ആരോപിച്ചു. ഈ ആഴ്ചയ്ക്കുള്ളില്‍ ബിജെപിയുമായുള്ള സഖ്യ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നാം മുന്നണി രൂപീകരണവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ മുന്നിട്ടു നിന്ന അസം ഗണപരിഷത്തും ബിജു ജനതാദളും തിങ്കളാഴ്ച ദല്‍ഹിയില്‍ നടന്ന മൂന്നാംമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നിട്ടുണ്ട്. സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന മുന്നണി രൂപീകരണത്തില്‍ നിന്നും ഇരു പാര്‍ട്ടികളും പിന്‍വലിഞ്ഞത് വലിയ തിരിച്ചടിയാണ് ദേശീയ തലത്തിലുള്ള മൂന്നാംമുന്നണിക്ക് തുടക്കത്തില്‍ തന്നെ നല്‍കിയിരിക്കുന്നത്.
അസംഗണപരിഷത്ത് നേതാവ് പ്രഫുല്ല കുമാര്‍ മൊഹന്തയും ബിജു ജനതാദള്‍ നേതാവും ഒറീസ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായക്കും തെരഞ്ഞെടുപ്പിനു ശേഷം എന്‍ഡിഎയുടെ ഭാഗമായി പ്രവര്‍ത്തിക്കാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ബിജെപിയുടെ ചില ദേശീയ നേതാക്കളുമായി ഇരു പാര്‍ട്ടികളും അനൗദ്യോഗിക ചര്‍ച്ചകള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് മൂന്നാംമുന്നണി യോഗത്തില്‍ നിന്നും പാര്‍ട്ടി നേതാക്കള്‍ വിട്ടു നിന്നത്. പൊതു തെരഞ്ഞെടുപ്പിനെ സ്വന്തം നിലയില്‍ നേരിട്ട ശേഷം നരേന്ദ്രമോദിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനുള്ള നിലയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
അതിനിടെ ആന്ധ്രപ്രദേശ് വിഭജനത്തിനായി വാദിച്ച ടിആര്‍എസിനെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുന്നതിനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി ഉണ്ടായിട്ടുണ്ട്. ടിആര്‍എസ് കോണ്‍ഗ്രസില്‍ ലയിക്കുന്നതിനുള്ള അവസാനഘട്ടത്തിലാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയപ്പോള്‍ ലയന ചര്‍ച്ചകള്‍ തടസ്സപ്പെട്ട് നില്‍ക്കുകയാണെന്നാണ് ടിആര്‍എസ് നേതാക്കളുടെ പ്രതികരണം. പ്രധാനമന്ത്രിയുമായും സോണിയാഗാന്ധിയുമായും നടത്തുന്ന അവസാനവട്ട ചര്‍ച്ചകള്‍ക്കു ശേഷം മാത്രമേ ലയനക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കൂവെന്നാണ് ടിആര്‍എസിന്റെ പുതിയ നിലപാട്. ടിആര്‍എസ് നേതാവ് ചന്ദ്രശേഖര റാവു കഴിഞ്ഞ ദിവസം ബിജെപി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ്ങുമായി ചര്‍ച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: