കോഴിക്കോട്: കെഎസ്ആര്‍ടിസിയില്‍ യന്ത്രസാമഗ്രികള്‍ വാങ്ങിയതില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ്. ബസ്സിന്റെ സീറ്റ് നിര്‍മ്മാണത്തിനും കാലിനും ഉപയോഗിക്കുന്ന പൈപ്പ് വാങ്ങിയതിലാണ് വെട്ടിപ്പ് നടന്നത്. ഗുണമേന്മ കുറഞ്ഞ ഈ പൈപ്പ് നിര്‍മ്മാണത്തിന് യോജിച്ചതല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കോര്‍പ്പറേഷന്റെ അഞ്ച് വര്ക്ക്ഷോപ്പുകളിലേക്കുമായി ഏകദേശം 60 ടണ്‍ പൈപ്പാണ് അടുത്തിടെ വാങ്ങിയത്. സീറ്റ് നിര്‍മ്മാണത്തിന് വളഞ്ഞതരം പൈപ്പാണ് വേണ്ടത്. കാലിനായി ഉപയോഗിക്കുന്ന പൈപ്പിന് ഏഴ് മീറ്റര്‍ നീളം വേണം. എന്നാല്‍ ഇറക്കിയതാകട്ടെ ഈ തരത്തില്‍ പെട്ടതൊന്നുമല്ല. ട്രസ്സ് നിര്‍മ്മാണത്തിന് പറ്റിയതും അഞ്ച് മീറ്റര്‍ നീളമുള്ളതുമാണത്. ആവശ്യത്തിന് കനമില്ലാത്തതിനാലും ഗുണനിലവാരം കുറഞ്ഞതിനാലും ഇത് വളയ്ക്കുമ്പോഴേക്കും പൊട്ടുകയാണ്. ഏഴ് മീറ്റര്‍ എത്തിക്കാന്‍ പൈപ്പുകള്‍ വെല്‍ഡ് ചെയ്യേണ്ടതുമുണ്ട്.
ഒരു ടണ്ണിന് 46,000 രൂപയാണത്ര ഈ പൈപ്പിന്റെ വില. അപ്രകാരം 28 ലക്ഷം രൂപ കോര്പ്പറേഷന് ഇതിനായി വിനിയോഗിച്ചു. എന്നാല്‍ മികച്ച ഗുണമേന്മയുള്ള പൈപ്പിന് തന്നെ ഇത്രയും വില വരില്ലെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു. പൈപ്പ് വളയ്ക്കാനും വെല്ഡ്ചെയ്യാനുമുള്ള ചെലവ് വേറെ. അധികകാലം ആയുസ്സിലാത്ത ഇത് നിര്‍മ്മാണത്തിന് പറ്റിയതല്ലെന്നും കോര്പ്പറേഷന് വന്‍ നഷ്ടമുണ്ടാക്കുമെന്നും പറയുന്നു. തിരുവനന്തപുരത്തെ ഒരു കമ്പനിയെ ഇടനിലക്കാരാക്കിയാണ് കോര്പ്പറേഷന് അധികൃതര്‍ ഈ പൈപ്പ് വാങ്ങിയത്. ഇത് വഴി ഇവര്‍ ലക്ഷങ്ങള്‍ വെട്ടിച്ചെടുത്തതായാണ് പറയുന്നത്. വെല്‍ഡിംഗ് സാധനങ്ങള്‍, പണിആയുധങ്ങള്‍ തുടങ്ങിയവ വാങ്ങിയതിലും അഴിമതി നടന്നതായി ആക്ഷേപമുണ്ട്. ഇതും തിരുവനന്തപുരത്തെ കമ്പനി മുഖേനയാണ് വാങ്ങിയത്.
മാസങ്ങള്‍ക്ക് മുമ്പ് പെയിന്റ് വാങ്ങിയതിലും ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നിരുന്നു. ഇത് സംബന്ധിച്ച് വിജിലന്‍സ് ഇപ്പോള്‍ അന്വേഷിക്കുകയാണ്. ഗുണനിലവാരം കുറഞ്ഞ പെയിന്റായിരുന്നു അത്. ബസ്സില്‍ അടിക്കുമ്പോഴേക്കും ഇളകി പോകുന്നതായിരുന്നു കുഴപ്പം. സാമ്പത്തിക പ്രതിസന്ധിക്കിടയിലും കോര്‍പ്പറേഷനില്‍ ഉന്നത തലത്തില്‍ അഴിമതി നിര്‍ബാധം നടക്കുന്നുവെന്നതാണ് വസ്തുത. കേന്ദ്രീകൃതമായി യന്ത്രസാമഗ്രികള്‍ എടുക്കുന്നതില്‍ നിയന്ത്രണമുണ്ടെങ്കിലും അത്യാവശ്യമായി വാങ്ങുന്നതില്‍പോലും വെട്ടിപ്പ് നടക്കുന്നുണ്ട്. നിയന്ത്രണം മറയാക്കി അതതു വര്‍ക്ക് ഷോപ്പുകള്‍ക്ക് വേണ്ടി ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ അനാവശ്യമായി വാങ്ങിക്കൂട്ടി കമ്മീഷന് പറ്റുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പണമില്ലാത്തതിനാല്‍ കോര്‍പ്പറേഷനില്‍ പെന്ഷന് വരെ മുടങ്ങിയിരിക്കയാണ്. ചേസിസും മറ്റും വാങ്ങാത്തതിനാല്‍ അഞ്ചു വര്‍ക്ക് ഷോപ്പുകളിലും പുതിയ ബസ്സുകളുടെ നിര്‍മ്മാണം നിലച്ചിട്ട് ഏറെക്കാലമായി. ഈ പശ്ചാത്തലത്തില്‍ പുനരുദ്ധാരണ പാക്കേജ് തയ്യാറാക്കി, അത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉത്തരവും പുറപ്പെടുവിച്ചിരിക്കയാണ്. സാധനങ്ങള്‍ വാങ്ങുന്നതിലും ഷെഡ്യൂളുകള്‍ നിശ്ചയിക്കുന്നതിലും കടുത്ത നിയന്ത്രണങ്ങള്‍ വേണമെന്നതാണ് പാക്കേജിലെ ഒരു നിര്‍ദ്ദേശം.
എം.കെ.രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: