തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലേക്കുള്ള വിദ്യാര്‍ത്ഥി പ്രവേശനം ഇത്തവണയും കലങ്ങി മറിയുമെന്ന് ഉറപ്പായി. ഏകീകൃത ഫീസ് നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാരുമായി കരാറിനില്ലെന്ന നിലപാടിലാണ് സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്. ഇതു നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ ഓരോരുത്തരുമായും ചര്‍ച്ച ചെയ്ത് വ്യത്യസ്ത ഫീസാണ് മുന്‍കാലങ്ങളില്‍ നടപ്പാക്കിയിരുന്നത്.ഇത്തവണയും അങ്ങനെ തന്നെയാകാനാണ് സാധ്യത.
ക്രിസ്ത്യന്‍ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. അമല, പുഷ്പഗിരി, കോലഞ്ചേരി, ജൂബിലി എന്നീ സ്വാശ്രയ മെഡിക്കല്‍ കോളേജുകളുമായി ഫീസ് സംബന്ധിച്ച് സര്‍ക്കാര്‍ ധാരണയുമുണ്ടാക്കി.
ക്രിസ്ത്യന്‍ പ്രൊഫഷനല്‍ കോളേജ് മാനേജ്മെന്റ് ഫെഡറേഷന് കീഴിലുള്ള കോളേജുകളാണിവ. സാധാരണ എല്ലാ വര്‍ഷവും ഇടഞ്ഞു നില്ക്കുന്ന കോളേജുകളാണിവ. ഇവരുമായി ഇത്തവണ നേരത്തെ ധാരണയിലെത്താന്‍ കഴിഞ്ഞു. എന്നാല്‍ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന് സര്‍ക്കാരുമായി യുദ്ധത്തിനൊരുങ്ങുകയാണ്. ഇത്തവണയും ഫീസ് കൂട്ടി നല്‍കണമെന്ന് എല്ലാവരും ആവശ്യപ്പെടും.
എന്‍ആര്‍ഐ സീറ്റില്‍ അരലക്ഷം രൂപ ഫീസ് വര്‍ധിപ്പിക്കാനും 85% സീറ്റുകളില്‍ നാലു ലക്ഷം രൂപ ഫീസ് നിലനിര്‍ത്തുവാനുമാണ് ക്രിസ്ത്യന്മാനേജുമെന്റുകളുമായി ഉണ്ടാക്കിയ ധാരണ. ധാരണയനുസരിച്ച് എന്‍ആര്‍ഐ സീറ്റിലെ ഫീസ് 9,50,000 രൂപയായി ഉയര്‍ത്തി. നേരത്തെ ഇതു ഒന്‍പതു ലക്ഷമായിരുന്നു. 50% മെറിറ്റ് സീറ്റില്‍ നാലുലക്ഷം രൂപയാണ് ഫീസ്. ഇതില്‍ 10% നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് മാനേജ്മെന്റ് സ്കോളര്‍ഷിപ്പായി നല്‍കും. ഇതിനായി 40 ലക്ഷം രൂപയുടെ ഫണ്ട് മാറ്റിവയ്ക്കുമെന്ന് ക്രിസ്ത്യന്‍ മാനേജ്മെന്റ് അസോസിയേഷന് പ്രതിനിധികള്‍ ചര്‍ച്ചയില്‍ സമ്മതിച്ചു.
എന്നാല്‍ ക്രിസ്ത്യന്മാനേജുമെന്റുകളുമായി സര്‍ക്കാര്‍ ഏകപക്ഷീയമായാണ് കരാറുണ്ടാക്കിയതെന്ന നിലപാടിലാണ് മറ്റ് കോളേജുകള്‍. അവര്‍ക്കു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയെന്നും സര്‍ക്കാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്നും എംഇഎസ് വ്യക്തമാക്കി. ഫീസും പ്രവേശനവും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വാശ്രയ മാനേജ്മെന്റ് അസോസിയേഷനെ ചര്‍ച്ചയ്ക്കു വിളിച്ചിരുന്നെങ്കിലും അവര്‍ ബഹിഷ്കരിച്ചു. സര്‍ക്കാര്‍ ഏകീകൃത ഫീസ് നിശ്ചയിക്കാത്തിടത്തോളം ചര്‍ച്ച വേണ്ടെന്നാണ് അവരുടെ തീരുമാനം. സ്വാശ്രയ മാനേജ്മെന്റ് അസോസിയേഷനുമായി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ അനുസരിച്ചു സര്‍ക്കാരിന്റെ 50% സീറ്റില്‍ 30ശതമാനത്തില്‍ 1,65,000വും 20%ത്തില്‍ 25,000 രൂപയുമാണ് ഫീസ്.
കഴിഞ്ഞ വര്‍ഷം പല കോളേജുകളും സ്വന്തം നിലയില്‍ പ്രവേശനം നടത്തി. സ്വന്തം ഫീസാണ് അവര്‍ ഈടാക്കിയത്. സര്‍ക്കാരുമായി കരാര്‍ ഒപ്പുവയ്ക്കാത്ത കോളജുകളായിരുന്നു ഇവ. ഈ കോളജുകളില്‍ പലതും പല രീതിയിലാണ് ഈവര്‍ഷത്തെ ഫീസ്ഘടന ആവശ്യപ്പെട്ടത്. മാനേജുമെന്റുകള്‍ നടത്തുന്ന പ്രവേശന പരീക്ഷ സംബന്ധിച്ച് എല്ലാ വര്‍ഷവും നടന്നു വരുന്ന തര്‍ക്കത്തിന് ഈ തവണയും അയവു വരാനിടയില്ല. മാനേജ്മെന്റുകള്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ നിലവാരത്തെയും പരീക്ഷാനടത്തിപ്പിനെയും വിവിധ സംഘടനകളും സര്‍ക്കാരും ചോദ്യം ചെയ്യുന്നത് മാനേജുമെന്റുകള്‍ക്ക് രസിക്കാറില്ല. കഴിഞ്ഞ വര്‍ഷം പ്രവേശന പരീക്ഷയ്ക്കിരുന്നവരുടെ യോഗ്യതാ മാര്‍ക്കില്‍ സര്‍ക്കാര്‍ തന്നെ ഇളവുവരുത്തി വിവാദമുണ്ടാക്കിയിരുന്നു. സ്വാശ്രയ എന്‍ജിനീയറിങ് പ്രവേശനത്തിനായി ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ കണക്കിന്റെ യോഗ്യതാമാര്ക്കിലാണ് ഇളവ് അനുവദിച്ചത്. കണക്കിന് മാത്രമായി 50 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധനയാണ് 45 ശതമാനമാക്കി കുറച്ചത്.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: