ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട പതിമൂന്ന് എം.എല്‍.എമാരില്‍ ഒന്‍പതു പേര് തന്റെയൊപ്പമുണ്ടെന്ന് കാണിക്കാന്‍ ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ നിയമസഭാ മാര്‍ച്ച്. പാര്‍ട്ടി വിട്ടതെന്ന് കരുതുന്നവരില്‍ ഒന്‍പതു പേരെയും കൂട്ടിയാണ് ഇന്നലെ ഉച്ച കഴിഞ്ഞ് ബീഹാര്‍ നിയമസഭയിലേക്ക് മാര്‍ച്ചു നടത്തിയത്.
നിയമസഭയില്‍ ഭൂരിപക്ഷമുണ്ടാക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്റെ എം.എല്‍.എമാരെ അപഹരിക്കുകയാണെന്ന് ലാലു പ്രസാദ് യാദവ് ആരോപിച്ചു. കഴിഞ്ഞ ദിവസം 22 ആര്.ജെ.ഡി എം.എല്‍.എമാരില്‍ 13 പേര് പാര്‍ട്ടിവിട്ടിരുന്നു. ഇവര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി നിതീഷിനൊപ്പം ചേരുമെന്നാണ് സൂചന. നിതീഷിന്റെ സര്‍ക്കാരിന് ഇപ്പോള്‍ ഭൂരിപക്ഷമില്ല. അതിനാല്‍ എന്റെ എം.എല്‍.എമാരെ അപഹരിക്കാന്‍ മാസങ്ങളായി നിതീഷ് നീക്കം നടത്തിവരികയാണ്. ലാലു വാര്‍ത്താലേഖകരോടു പറഞ്ഞു. ബി.ജെ.പി പിന്തുണ പിന്‍വലിച്ചതു മുതല്‍ ബീഹാര്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാണ്.
എന്നാല്‍ അപഹരിക്കുകയാണെന്ന ആരോപണം നിതീഷ് നിഷേധിച്ചു. തന്റെ പാര്‍ട്ടി ജനതാദളി (യു) ല്‍ ചേരാന്‍ താല്പര്യമുള്ളവര്ക്കെല്ലാം വരാം. ആരെങ്കിലും ചേരാന്‍ വന്നാല്‍ അവരെ തടയാന്‍ കഴിയില്ല. നിതീഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആര്.ജെ.ഡി വിട്ട എം.എല്‍.എമാര്‍ പറഞ്ഞതനുസരിച്ച് സ്പീക്കര്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. നിതീഷ് പറഞ്ഞു. സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്ന് തന്റെ പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കുകയാണ്. എം.എല്‍.എമാരുടെ ഒപ്പുകള്‍ വ്യാജമാണ് – ലാലു പറഞ്ഞു.
പതിമൂന്ന് എം.എല്‍.എമാര്‍ പാര്‍ട്ടിവിട്ട സാഹചര്യം കണക്കിലെടുത്ത് ലാലു പാര്‍ട്ടി നേതാക്കളുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. അതിനിടെ ആര്.ജെ.ഡി വിട്ട പതിമൂന്ന് എം.എല്‍.എമാരെ പ്രത്യേക ഗ്രൂപ്പായി ഇരിക്കാന്‍ സ്പീക്കര്‍ അനുമതി നല്കി. ഇവരുടെ ഒപ്പ് വ്യാജമാണോയെന്നു പോലും പരിശോധിക്കാതെ സ്പീക്കര്‍ തിരക്കിട്ടാണ് ഇവരെ പ്രത്യേക ഗ്രൂപ്പായി അംഗീകരിച്ചതെന്ന് ലാലു ആരോപിക്കുന്നു. ഇവരില്‍ ആറു പേര് മടങ്ങി വന്നതായി ലാലു പറയുന്നുണ്ടെങ്കിലും സ്പീക്കറെ കണ്ട് പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കണമെന്ന് അഭ്യര്‍ഥിച്ചവരില്‍ ഇവര്‍ ഉണ്ടായിരുന്നു. അതിനാല്‍ മടങ്ങിവന്നുവെന്ന വാദം സ്പീക്കര്‍ തള്ളിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: