ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ 7 പേരെ വിട്ടയക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കേസ് വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.
എന്നാല്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നളിനി,റോബര്‍ട്ട് പയസ്,ജയകുമാര്‍,രവിചന്ദ്രന്‍ എന്നിവരെ വ്യാഴാഴ്ചവരെ മോചിപ്പിക്കുന്നതില്‍ നിന്നും തമിഴ്നാട് സര്‍ക്കാരിനെ സുപ്രീംകോടതി തടഞ്ഞിട്ടില്ല. ഇതു പ്രതികളുടെ മോചനത്തിനു കാരണമായേക്കാമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
വധശിക്ഷയില്‍ നിന്നും ജീവപര്യന്തമായി ശിക്ഷ കുറച്ച മുരുകന്,പേരറിവാളന്,സന്താനം എന്നിവരെ വിട്ടയക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം മാര്‍ച്ച് 6 വരെ സുപ്രീംകോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു.
എന്നാല്‍ അതുവരെ മറ്റു നാലുപേരുടെ മോചനം തടയണമെന്ന സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്റെ ആവശ്യത്തോട് സുപ്രീംകോടതി അനുകൂല നിലപാട് സ്വീകരിച്ചില്ല.
പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയെങ്കിലും സുപ്രീംകോടതിയുടെ നിലപാട് കേന്ദ്രസര്‍ക്കാരിന് എതിരാണ്.
ദയാഹര്‍ജിയില്‍ തീരുമാനം വൈകുന്ന കേസുകളില്‍ പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്ന വിധി കര്‍ശനമായി നടപ്പാക്കാന്‍ തന്നെയാണ് കോടതി തീരുമാനം.
മുന്‍ പ്രധാനമന്ത്രിയുടെ ഘാതകരടക്കം വിധിയുടെ ആനുകൂല്യത്തില്‍ പുറത്തിറങ്ങുന്നത് നോക്കിനില്‍ക്കേണ്ട ഗതികേടിലാണ് കേന്ദ്രസര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: