ന്യൂദല്‍ഹി: റോഡുകളും റെയില്‍വേ ട്രാക്കുകളുമടക്കമുള്ള പശ്ചാത്തല സൗകര്യങ്ങള്‍ വേണ്ടവിധമില്ലാത്തത് ചൈന അതിര്‍ത്തിയിലെ രാജ്യസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നതായി പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട്. അടിസ്ഥാന സൗകര്യ വികസനം ഇഴയുന്നതിനെ രൂക്ഷമായഭാഷയില്‍ വിമര്‍ശിച്ച സമിതി എത്രയും പെട്ടെന്ന് പ്രശ്ന പരിഹാരം കാണാനും നിര്‍ദേശിച്ചു. ലഡാക്കിലെ ചൈനീസ് അധിനിവേശ വ്യഗ്രതയുടെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടിന് അതീവ പ്രാധാന്യമുണ്ട്. റോഡ്, റെയില്‍ സൗകര്യങ്ങള്‍ അതിവേഗം മെച്ചപ്പെടുത്തി ചൈന ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ അടിക്കടി കടന്നുകയറുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ അലംഭാവം.
എട്ടുവര്‍ഷത്തിനിടെ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ 27 റോഡുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിരുന്നു. അതില്‍ ഒരെണ്ണത്തിന്റെ പണി മാത്രമേ ഇന്ത്യയ്ക്ക് പൂര്‍ത്തിയാക്കാനായുള്ളു.11 എണ്ണത്തിന്റെ പ്രാഥമിക പ്രൊജക്റ്റ് റിപ്പോര്‍ട്ടുകള്‍പോലും തയാറാക്കിയിട്ടില്ല. അടുത്തിടെ ചൈനീസ് പട്ടാളം അതിക്രമിച്ചുകയറിയ ദൗലത് ബഗ് ഓള്‍ഡിയിലെ റോഡുകളുടെ നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുകയാണ്. മാര്‍ച്ചിനും 2016 ഒക്റ്റോബറിനും ഇടയില്‍ കമ്മീഷന് ചെയ്യേണ്ടവയാണിവ, സമിതി ചൂണ്ടിക്കാട്ടി.
2010-12 കാലയളവിനുള്ളില്‍ പ്രതിരോധ മന്ത്രാലയം നിര്‍ദേശിച്ച 14 റെയില്‍വേ ട്രാക്കുകളുടെ പദ്ധതിയും ബാലാരിഷ്ടതകളില്‍ തന്നെ. തന്ത്രപ്രധാനമായ ജമ്മു- പുഞ്ച്, ശ്രീനഗര്‍- ലേ പാത ഉള്‍പ്പെടയുള്ളവയുടെ നിര്‍മ്മാണം ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്നു. അരുണാചല്‍ പ്രദേശിലെ ആറ് ആത്യാധുനിക വ്യോമ താവളങ്ങളുടെ നിര്‍മ്മാണ കരാര്‍ നല്കുന്നതില് മൂന്നു വര്‍ഷത്തെ കാലതാമസമുണ്ടായി. പത്തെണ്ണത്തിന്റെ ആധുനികവത്കരണം നാലു വര്‍ഷത്തോളം വൈകി. ഫണ്ടിന്റെ അപര്യാപ്തതയാണ് റെയില്‍വേയുമായി ബന്ധപ്പെട്ട പദ്ധതികള്‍ വൈകാന്‍ കാരണമെന്നാണ് മന്ത്രാലയത്തിന്റെ വാദം. 55,000 കോടി രൂപയാണ് പദ്ധതികളുടെ ആകെ ചെലവെന്നും പ്രതിരോധ മന്ത്രാലയം അതനുവദിച്ചിട്ടില്ലെന്നും റെയില്‍ വേ വകുപ്പ് പറയുന്നു.
റോഡ്- റെയില്‍ ഗതാഗതത്തിന്റെയും എയര്‍പോര്‍ട്ടുകളുടെയും ഹെലിപാഡുകളുടെയും ശോചനീയാവസ്ഥ രാജ്യത്തിന് ഏതു തരത്തിലെ ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന ചോദ്യത്തിന് പ്രതിരോധ മന്ത്രാലയം വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ലെന്ന് സമിതി റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: