ന്യൂദല്‍ഹി: സംഘര്‍ഷമല്ല സമാധാനമാണ് മാര്‍ഗ്ഗമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രചാരണ വാക്യങ്ങള്‍ക്കു സ്വന്തം പാര്‍ട്ടി നേതാക്കളും വിലകല്‍പ്പിക്കുന്നില്ല. അതും സ്വന്തം മണ്ഡലത്തിലുംകൂടിയാകുമ്പോള് പിന്നെയെല്ലാമായി.
അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരേ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു പ്രഖ്യാപിച്ചിറങ്ങിയ ആളാണ് ആം ആദ്മി പാര്‍ട്ടിയുടെ നേതാവ് കുമാര്‍ വിശ്വാസ്. വിശ്വാസിന്റെ പ്രചാരണ പരിപാടികള്‍ അമേഠിയില്‍ ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ ഭാഡര് ബ്ലോക്കില്‍ ദുര്‍ഗാപൂര്‍ സ്ക്വയറില്‍ പ്രചാരണത്തിനെത്തിയ വിശ്വാസിനെ കോണ്‍ഗ്രസ് നേതാവ് മുന്നാ സിംഗ് തടഞ്ഞു. അവിടെ ചൂലിന്റെ പ്രചാരണം നടത്താന്‍ പറ്റില്ലെന്നായി കോണ്‍ഗ്രസ് നേതാവ്. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരും ഏറ്റു മുട്ടി.
പ്രചാരണാവകാശം തടഞ്ഞതിനെതിരെ കുമാര്‍ വിശ്വാസും മനഃപൂര്‍വം സംഘര്‍ഷം ഉണ്ടാക്കാന്‍ വിദ്വേഷപ്രചാരണം നടത്തിയെന്നു വിശദീകരിച്ച് മുന്നാ സിംഗും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇരുവിഭാഗത്തിന്റെയും പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
അമേഠയിലെ തെരഞ്ഞെടുപ്പ് ഇക്കുറി ഏറെ പ്രധാനമാണ്. കോണ്‍ഗ്രസ് ആകെ തൂത്തെറിയപ്പെടുമെന്നു പ്രവചനങ്ങള്‍ വന്നിട്ടുള്ള തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ ഭാവി എന്താകുമെന്നു നിശ്ചയിക്കുന്നതാണ് അമേഠിയിലെ തെരഞ്ഞെടുപ്പ്. എന്നാല്‍ ഇവിടെ രാഹുല്‍ പ്രചരിപ്പിക്കുന്നതുപോലെ സമാധാനമായിരിക്കില്ല സംഘര്‍ഷമായിരിക്കും മുന്നില്‍ എന്നാണ് ഈ സംഭവം നല്കുന്ന സൂചനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: