കൊച്ചി:ഫാക്ടിന്റെ ഭൂമിയില്‍ കണ്ണുനട്ട് ഫാക്ടിന്റെ സാമ്പത്തിക പ്രതിസന്ധി മുതലെടുക്കാന്‍ വമ്പന്മാര് രംഗത്ത്. 2000 ഏക്കറോളം ഭൂമി സ്വന്തമായിട്ടുള്ള പൊതുമേഖല സ്ഥാപനമാണ് ഫാക്ട്. എന്നാല്‍ ഈ സ്ഥാപനം ഇന്ന് നേരിട്ടുകൊണ്ടിരുന്ന ബുദ്ധിമുട്ട് ചൂഷണം ചെയ്ത് വിലപേശാനുള്ള ശ്രമമാണ് കേന്ദ്രമന്തി അടക്കമുള്ളവരുടെ ഒത്താശയില്‍ അണിയറയില്‍ നടക്കുന്നത്. ഉദ്യോഗമണ്ഡല്‍ ഡിവിഷനിലേയും കൊച്ചിന് ഡിവിഷനായ അമ്പലമേട് ഡിവിഷനിലേയും ഭൂമിയിലാണ് ഇവരുടെ കണ്ണ്. ഇക്കാര്യത്തില്‍ വ്യവസായ, റവന്യു, ഊര്‍ജ്ജ വകുപ്പുകളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടെന്നാണ് അറിയുന്നത്. സമ്മര്‍ദ്ദത്തിലാക്കി കാര്യം നേടുക എന്ന ഉദ്ദേശത്തോടെയാണ് ഫാക്ടിന് പാക്കേജ് അനുവദിക്കുന്നതിനും കെ-വാറ്റ് ഒഴിവാക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കും കാലവിളംബം വരുത്തുന്നതെന്നാണ് കരുതപ്പെടുന്നത്.
പെട്രോളിയം കോക്കില്‍ നിന്നും ഊര്‍ജ്ജം ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പെറ്റ്കോക്ക് പദ്ധതിക്കായി ഫാക്ടിന്റെ കൊച്ചി ഡിവിഷനായ അമ്പലമേട്ടിലുള്ള 25 ഏക്കര്‍ സ്ഥലമാണ് കെഎസ് ഇബി നോട്ടമിടുന്നത്. ഫാക്ടിനും കൂടി താല്പര്യമുണ്ടെന്ന് വരുത്തിത്തീര്‍ത്ത് ഇക്യുറ്റി പാര്ട്ടിസിപ്പേഷനോട് കൂടിയാണ് പദ്ധതി ആരംഭിക്കാന്‍ ഒരുങ്ങുന്നത്. കൊച്ചിന് റിഫൈനറിയുടെ ഉപോത്പന്നമായ പെട്രോളിയം കോക്കിന്റെ വില ഏകദേശം ആറ് ഡോളറിന് അടുത്താണ്. അതിനാല്‍ തന്നെ ഇതൊരു ലാഭകരമായ സംരംഭം ആണെന്ന് കരുതാനും സാധ്യമല്ല. എച്ച്എംടി ഭൂമി ഇടപാടില്‍ ഉണ്ടായതുപോലുള്ള നിഗൂഢ ശ്രമങ്ങള്‍ ഇവിടെയുമുണ്ടെന്നാണ് സംശയിക്കുന്നത്. ലാഭകരമാവില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെ ഒരു പദ്ധതി തുടങ്ങി, നഷ്ടം വരുമ്പോള്‍ സ്വകാര്യ വ്യക്തികള്ക്ക്് മറിച്ച് വിറ്റ് കോടികള്‍ സമ്പാദിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍.
ഭൂമിയുടെ വില നിര്‍ദ്ദിഷ്ട പദ്ധതിയുടെ ഓഹരിമൂലധനമായി തരണം എന്നതും പദ്ധതി ഫാക്ടിന്റെ കൂടി സംയുക്ത സംരഭമാക്കി മാറ്റണം എന്ന വ്യവസ്ഥയാണ് മുന്നോട്ട് വയ്ക്കുന്നത്. ഇങ്ങനെയെങ്കില്‍ ഈ ഇനത്തില്‍ ഫാക്ടിന് വര്‍ഷംതോറും ഒരു നിശ്ചിത വരുമാനം ലഭിക്കും. പാതിമനസ്സോടെ ഇതിന് സമ്മതം നല്‍കുന്നുണ്ടെങ്കിലും ലാഭകരമല്ലാത്ത ഒരു ബിസിനസ് തുടങ്ങി നഷ്ടം വരുമ്പോള്‍ മറിച്ചുവില്‍ക്കാം എന്ന കണക്കുകൂട്ടല്‍ നടക്കാതെ വരും. കാരണം ഭൂമി വില്ക്കണമെങ്കില് കെ എസ് ഇ ബിയ്ക്ക്്് ഫാക്ടിന്റെ കൂടി സമ്മതം ആവശ്യമായി വരും.
എഫ്എസിടിയുടെ ഭൂമി കൈവശപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാരും ഭൂമി ഏറ്റെടുക്കാന്‍ ശ്രമം നടത്തിയിരുന്നു. കേന്ദ്രഭക്ഷ്യ വകുപ്പ് മന്ത്രി അടക്കമുള്ളവര്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു. ഫാക്ടിന്റെ ഭൂമി ഏറ്റെടുത്ത് സെന്‍ട്രല്‍ വെയര്‍ഹൗസ് കോര്പറേഷന് കൈമാറാനായിരുന്നു പദ്ധതി.
പ്രസ്തുത പദ്ധതിയില്‍ ഫാക്ടിന് ഓഹരി പങ്കാളിത്തം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. എറണാകുളം ജില്ലയെ പ്രതിനിധീകരിക്കുന്ന കേന്ദ്രമന്ത്രി എഫ്എസിടിയുടെ താല്പര്യത്തിന് വിരുദ്ധമായി ഇടപെടല്‍ നടത്തിയതായും ആരോപണമുണ്ട്്. എന്നാല്‍ എഫ്എസിടിയുടെ ഭൂമി ഏറ്റെടുത്ത് സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്പ്പറേഷന് നല്‍കാനുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തിനെതിരായി കേരള സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന് നിയമജ്ഞര്‍ വ്യക്തമാക്കുകയുമായിരുന്നു. സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പ്പറേഷനും കണ്ടെയ്നര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യയുമായി സംയുക്തമായി സഹകരിച്ചുകൊണ്ട് കണ്ടെയ്നര്‍ ഫ്രെയ്റ്റ് സ്റ്റേഷന് സ്ഥാപിക്കാന്‍ ഫക്ടിന് പദ്ധതിയുണ്ടായിരുന്നു.
ഫാക്ടിന്റെ ഉദ്യോഗമണ്ഡല്‍ ഡിവിഷന് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ക്രിസ്ത്യന്‍ സ്കൂള്‍ മാനേജ്മെന്റുകളും മതസ്ഥാപനങ്ങളും ഫാക്ടിന്റെ ഭൂമി സ്വന്തമാക്കുന്നതിന് ഉന്നതന്മാര് മുഖേന ശ്രമം നടത്തുന്നുണ്ടെന്നാണ് വിവരം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ മറവിലാണ് 2004 ല്‍ ഫാക്ടിന്റെ തനതായ സ്കൂളുകള്‍ ക്രിസ്ത്യന്‍,മുസ്ലീം മാനേജ്മെന്റിന് കൈമാറിയത്. അതിന് സമാനമായ അന്തരീക്ഷം സൃഷ്ടിച്ച് ന്യൂനപക്ഷ വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള നീക്കമാണ് എറണാകുളം ജില്ലയില്‍ നിന്നുള്ള കേന്ദ്രമന്ത്രിയുടെ ഒത്താശയില്‍ നടക്കുന്നത്. സ്വകാര്യ സ്കൂള്‍ മാനേജ്മെന്റിന് വേണ്ടിയും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും ഫാക്ട് മാനേജ്മെന്റ് മുമ്പാകെ നിക്ഷിപ്ത താല്പര്യക്കാര് കത്തുകള്‍ നല്‍കിയിട്ടുമുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ഫാക്ടിന്റെ ഭൂമി സ്വന്തമാക്കുന്നതിന് ലാന്റ് ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിന് മന്ത്രിമാര്‍ അടക്കമുള്ളവര്‍ സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നു എന്നതും പരസ്യമായ രഹസ്യമാണ്.
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: