തിരുവനന്തപുരം: അമൃതാനന്ദമയീ മഠത്തിനെതിരായി ചില മാധ്യമങ്ങളും പാര്‍ട്ടികളും പ്രചരിപ്പിക്കുന്ന അപകീര്‍ത്തികരമായ വാര്‍ത്തകള്‍ വിപുലമായ ഗൂഢാലോചനാ ശൃംഖലയുടെ സൃഷ്ടിയാണെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന് പ്രസ്താവിച്ചു. അവര്‍ ലക്ഷ്യമിടുന്നത് എല്ലാ ഹിന്ദു ആധ്യാത്മിക സാംസ്കാരിക പ്രസ്ഥാനങ്ങളെയുമാണ്. അമൃതാനന്ദമയീ മഠത്തെ തിരഞ്ഞെടുത്തത് ആഗോളതലത്തില്‍ ഏറ്റവും സജീവസാന്നിധ്യമുള്ളത് അമ്മയ്ക്കായതുകൊണ്ടാണ്. എല്ലാ ഹിന്ദുപ്രസ്ഥാനങ്ങളും യോജിച്ചുനിന്ന് ഏറ്റെടുക്കേണ്ട വെല്ലുവിളിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ മാനസികാരോഗ്യ ആശുപത്രിയില്‍ രണ്ടു മനോരോഗികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ സത്നാംസിംഗ് എന്നയാള്‍ മരണപ്പെട്ടതിനെത്തുടര്‍ന്ന് മഠത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കിണഞ്ഞു പരിശ്രമിച്ച ഇതേ നിഗൂഢശക്തികള്‍ പരാജയപ്പെട്ടു. പക്ഷേ അവര്‍ രഹസ്യ അജണ്ടയുമായി നീങ്ങുകയാണ്.
സമീപകാലത്ത് ഹിന്ദു ആധ്യാത്മിക പ്രസ്ഥാനങ്ങള്‍ക്ക് ലോകമെമ്പാടും വന്‍ സ്വാഗതമാണ്. വസ്തുനിഷ്ഠമായും വിശാലമായും ചിന്തിക്കുന്ന എല്ലാ വിഭാഗത്തില്‍പ്പെട്ടവരും സാര്‍വലൗകിക ഹിന്ദുത്വത്തിലേക്ക് ആകര്ഷിക്കപ്പെട്ടുകയാണ്. സംഘടിതമതങ്ങളും മതതീവ്രവാദികളും ഇതൊരു ഭീഷണിയായി കാണുന്നു. അവരുടെ ആസൂത്രിതമായ പദ്ധതിയാണ് മാതാ അമതാനന്ദമയീ മഠത്തിനെതിരെ അഴിച്ചുവിട്ടിട്ടുള്ള ദുഷ്പ്രചാരണം. മുമ്പെപ്പോഴോ ആശ്രമത്തിലെ അന്തേവാസിയായിരുന്ന, പിന്നീട് പുറത്തുപോയ ഒരു വിദേശവനിതയുടെ പേരില്‍ എഴുതിവിട്ട കള്ളക്കഥകളാണ് ഇവരുടെ പ്രചാരണത്തിന് അധാരം. അമ്മയുടെ ആധ്യാത്മികരംഗത്തും സേവനമേഖലയിലുമുള്ള സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ മറച്ചുവച്ചുകൊണ്ട് അപവാദപ്രചാരണം നടത്തുന്ന മത-രാഷ്ട്രീയ-ഭീകരവാദികള്‍ക്കെതിരെ എല്ലാ ആധ്യാത്മിക പ്രസ്ഥാനങ്ങളും യോജിച്ച് നീങ്ങേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്, പി.പരമേശ്വരന് ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: