കോണ്‍ഗ്രസിലെ ഗ്രൂപ്പിസം ഇല്ലാതാക്കാന്‍ ഹൈക്കമാന്റ് കണ്ടെത്തിയ ഒറ്റമൂലിയാണ് അന്തിക്കാട്ടുകാരന് സുധീരനെന്ന് കരുതുന്നവരുണ്ട്. സാക്ഷാല്‍ സോളാര്‍ചാണ്ടി മുട്ടിപ്പായി കരഞ്ഞിട്ടും മുഷ്ടി ചുരുട്ടി പ്രതിഷേധിച്ചിട്ടും സുധീരന്റെ വരവ് തടയാന്‍ കഴിഞ്ഞില്ലെന്നോര്‍ക്കണം. സ്ഥാനമേറ്റെടുക്കുമ്പോള്‍ അത് കാണാന്‍ കഴിയാതെ ഓഫീസുമുറിക്കുള്ളില് തിരക്കഭിനയിച്ച് അസംതൃപ്തി കാട്ടുകയും ചെയ്തു കുഞ്ഞൂഞ്ഞ്. ഫലത്തില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായെന്നു പറഞ്ഞതുപോലെ സുധീരന്റെ വരവ് കോണ്‍ഗ്രസില്‍ ഒരുവിധം അടങ്ങിക്കിടന്ന ഗ്രൂപ്പ് പോരിന് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു എന്നുവേണം കരുതാന്‍.
വി.എം. സുധീരന് ആളൊരു കേമനാണെന്ന് കോണ്‍ഗ്രസിന് പുറത്തുള്ള പലരും പറഞ്ഞു ശീലിച്ചിട്ടുണ്ട്. അതിന് പ്രധാനകാരണം ജനകീയപ്രശ്നങ്ങളില്‍ അദ്ദേഹം സ്വീകരിച്ചുപോരുന്ന നിലപാടുകളാണ്. സര്‍ക്കാരിന്റെയും വമ്പന്മാരുടെയും വന്‍കിട പദ്ധതികള്‍ക്കെതിരെ ജനപക്ഷത്ത് നിന്ന് പോരാടുന്ന ഒരാള്‍ എന്ന പ്രതിച്ഛായമേലാണ് സുധീരന് ഈ വാദത്തിന് അവകാശിയാകുന്നത്. ആലപ്പുഴയെ ഇല്ലായ്മ ചെയ്യുന്ന അനധികൃതഖനനങ്ങള്ക്കെതിരെയും സംസ്ഥാനത്തുടനീളം നടന്നിട്ടുള്ള പാരിസ്ഥിതിക ധ്വംസനങ്ങള്‍ക്കെതിരെയും മദ്യം വിറ്റ് സമ്പന്നരാകാനുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്ക്കെതിരെയുമൊക്കെ വലിയവായില്‍ പ്രസംഗിച്ച് കയ്യടി കുറേ നേടിയിട്ടുണ്ട് ഇദ്ദേഹം. അതും പോരാഞ്ഞ് സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാര്‍ ചെയ്യുന്നതൊന്നും ചൊവ്വല്ലെന്നും സംസ്ഥാന മന്ത്രിസഭയിലെ പലരും പരമ വേസ്റ്റാണെന്നും തുറന്നടിച്ച് വാര്‍ത്തകളില്‍ നിറയുകയും ചെയ്തു സുധീരന്.
ഭരിക്കുന്ന സര്‍ക്കാരിന് നിത്യവും തലവേദന ഉണ്ടാക്കുന്ന ഒരാളെ പാര്‍ട്ടി പ്രസിഡന്റാക്കുക എന്ന അപൂര്‍വവും കൗതുകകരവുമായ കൃത്യത്തിനാണ് സുധീരനെ കെപിസിസി പ്രസിഡന്റാക്കുന്നതിലൂടെ ഹൈക്കമാന്റ് കാര്‍മ്മികത്വം വഹിച്ചത്. എന്തു കൊണ്ടിങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് സൂധീരന്റെ കയ്യിലായ താക്കോല്സ്ഥാനത്തിന്റെ ഉറവിടം നമുക്ക് തിരിഞ്ഞുകിട്ടുന്നത്. അധികാരം ഉമ്മന്‍ചാണ്ടിക്ക് കൈമാറി ദല്‍ഹിയിലേക്ക് വണ്ടി കയറേണ്ടി വന്ന അറയ്ക്കപ്പറമ്പില്‍ കുര്യന് ആന്റണിയില്‍ നിന്ന് തുടങ്ങുന്നു ആ കഥ. കോണ്‍ഗ്രസിലെയും സര്‍ക്കാരിലെയും താക്കോല്സ്ഥാനത്തെക്കുറിച്ചും സാമുദായിക സന്തുലനാവസ്ഥയെക്കുറിച്ചുമൊക്കെ ദല്‍ഹിയിലിരുന്ന് തല പുണ്ണാക്കി ബേജാറായപ്പോാഴാണ് പുണ്യാളന് പെരുന്നയിലേക്ക് വെച്ചുപിടിച്ചത്. എന്‍എസ്എസ് നേതാവിന്റെ താല്പര്യവും താക്കോല്‍സ്ഥാനവും തമ്മിലുള്ള അത്യപൂര്‍വ പൊരുത്തത്തിന്മേലായിരുന്നു ഉന്നം. നായരെ മുഖ്യമന്ത്രി പദവിയോളം ഉയര്‍ത്താനുള്ള വകുപ്പുണ്ട് താക്കോലിന് വേണ്ടിയുള്ള അവകാശവാദത്തിലെന്ന് ചൂണ്ടിക്കാട്ടിയത് ആന്റണിയാണ്.
അതിനെച്ചൊല്ലിയുള്ള കോലാഹലമായിരുന്നു കുറേനാള്‍. എല്ലാവരും കൂടി പറഞ്ഞു പെരുപ്പിച്ചെടുത്ത മുഖ്യമന്ത്രിപദമോഹവുമായി തെക്ക് വടക്ക് യാത്ര നടത്തിയ ചെന്നിത്തല രമേശന് നായര്‍ക്ക് ഒടുവില്‍ കിട്ടേണ്ടത് കിട്ടി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നായരുടെ കയ്യിലിരുന്ന ആഭ്യന്തരം രമേശന് നായര്‍ക്ക് തരപ്പെട്ടുകിട്ടി. കോണ്‍ഗ്രസിന്റെ താക്കോല്‍ കടിച്ചാല്‍ തിരിച്ചുകടിക്കാത്ത കാര്ത്തികേയന് നല്കി സമുദായ സന്തുലന സിദ്ധാന്തം അരക്കിട്ടുറപ്പിക്കുന്നതോടെ ആന്റണി വെച്ച പാര ബൂമറാംഗായിക്കൊള്ളുമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ധാരണ.
അതിനുള്ള നീക്കങ്ങള്‍ തകൃതിയായി നടത്തുന്നതിനിടെയാണ് സുധീരന്റെ രംഗപ്രവേശം. അതിന് പിന്നില്‍ ആന്റണിയുണ്ടെന്നും ആന്റണിയുടെ ചാവേറായാണ് സുധീരന് അവതരിക്കുന്നതെന്നുമുള്ള ഉമ്മന്‍ചാണ്ടിയുടെ തികഞ്ഞ ബോധ്യമാണ് സോണിയയോടും ചൊടിക്കാന്‍ പാകത്തിന് അദ്ദേഹത്തെ വലിയവനാക്കുന്നത്. ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസാണ് സോണിയയുടെ സ്വപ്നം. എറണാകുളത്ത് കണ്വെന്ഷന് വന്നപ്പോള്‍ സോണിയ പറഞ്ഞത് ഇനി കോണ്‍ഗ്രസ് എന്ന ഒരു ഗ്രൂപ്പ് മതിയെന്നാണ്. അപ്പോള്‍ മുതല്‍ തുടങ്ങി അത് ആരുടെ ഗ്രൂപ്പായിരിക്കും എന്ന അവകാശത്തര്‍ക്കം. ഉമ്മന്‍ചാണ്ടിയടക്കം കേരളത്തിലെ ഒരു കോണ്‍ഗ്രസ് നേതാവിനോടും അഭിപ്രായം ആരായാതെ സുധീരനെ തലപ്പത്തേക്ക് കെട്ടിയിറക്കിയതിലുള്ള ചാണ്ടിയുടെ പരാതി സോണിയ മുന്‍കാല പ്രാബല്യത്തോടെ തള്ളി.
കോണ്‍ഗ്രസില്‍ ഗ്രൂപ്പല്ല ഫാന്‍സ് അസോസിയേഷനാണുള്ളതെന്ന് സുധാകരനും ഗ്രൂപ്പ് വെണ്ടന്ന പ്രഖ്യാപനം നടപ്പാക്കിക്കാട്ടേണ്ടത് സോണിയയയാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താനും സോണിയയെ ആരും ചോദ്യം ചെയ്യരുതെന്ന് വട്ടിയൂര്‍ക്കാവ് മുരളീധരനുമൊക്കെ അഭിപ്രായപ്രകടനങ്ങള്‍ നടത്തി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പോരിനും ഇതോടെ തുടക്കമായി. പത്തനം തിട്ടയില്‍ മോഹന്‍രാജ് മുതല്‍ തിരുവനന്തപുരത്ത് ദല്‍ഹി നായര്‍ ശശിതരൂരും വയനാട്ടില്‍ എംഐ. ഷാനവാസും വരെ അവരവരുടെ മണ്ഡലങ്ങളില്‍ അവകാശവാദമുറപ്പിച്ച് പിടിച്ചു നില്‍ക്കുകയാണ്. ഗ്രൂപ്പില്ലാതാക്കാന്‍ ഇറങ്ങിയ കോണ്‍ഗ്രസ് പ്രസിഡന്റിന് ഒരോ ഡിസിസിയും ഓരോ ഗ്രൂപ്പാകുന്നതും ഗ്രൂപ്പിനുള്ളില്‍ ഗ്രൂപ്പാകുന്നതും കാണേണ്ട ഗതികേടാണ്.
പ്രസിഡന്റായതിന് ശേഷമുള്ള ആദ്യ കെപിസിസി- സര്‍ക്കാര്‍ ഏകോപന യോഗത്തില്‍ തന്നെ വിശുദ്ധ പുണ്യാളന്റെ ചാട്ടവാര്‍ സുധീരന് പ്രയോഗിച്ചു.പരസ്യപ്രസ്താവന പാടില്ലെന്നും ഹൈക്കമാന്റിനെ ചോദ്യം ചെയ്യാതെ വിശ്വസിക്കണമെന്നും സുധീരനും പറഞ്ഞു. ഈ വാചകങ്ങള്‍ പറയാത്ത ഒരു കെപിസിസി പ്രസിഡന്റും കേരളത്തിലുണ്ടായിട്ടില്ല. എന്നിട്ടും പുതിയതെന്തോ കേട്ടമട്ടിലാണ് സുധീരനെക്കുറിച്ചുള്ള വാഴ്ത്തലുകള്‍.
ആറന്മുളയടക്കമുള്ള ജനകീയ വിഷയങ്ങളില്‍ ഇദ്ദേഹം എന്തോ പരിഹാരം ഉണ്ടാക്കുമെന്നാണ് നാട്ടില്‍ ചില മാന്യന്മാര് പറയുന്നത്. കോണ്‍ഗ്രസിലും സര്‍ക്കാരിലും ഒരു പിടിയും പദവിയുമില്ലാതിരുന്ന കാലത്ത് വാ പോയ കോടാലി കണക്കെ എന്തൊക്കെയോ വിളിച്ചുപറഞ്ഞു എന്നല്ലാതെ ഒരു നടപടിയും ഉണ്ടാകാന്‍ പോകുന്നില്ല. ആന്റോ ആന്റണിയും പി.ജെ. കുര്യനും ഉമ്മന്‍ ചാണ്ടിയും മുതല്‍ സോണിയയും മരുമകന് റോബര്‍ട്ട് വാദ്രയുമടക്കമുള്ളവര് വരെ ആറന്മുളയില് വിമാനത്താവളത്തിന് കോപ്പ് കൂട്ടിയിരിക്കുമ്പോള്‍ അത് നടത്തിച്ചെടുക്കുക എന്നതല്ലാതെ സുധീരന് ഒന്നും ചെയ്യാനാകില്ല. പാര്‍ട്ടിയും സര്‍ക്കാരും അണികളും തിരിഞ്ഞുനോക്കാനില്ലാത്ത കാലത്ത് വാര്‍ത്തകളില്‍ നിറയാനുള്ള പൊടിക്കൈ എന്നല്ലാതെ അതിനുമപ്പുറം ഒരു കോണ്‍ഗ്രസ് നേതാവിന്റെ പ്രതിബദ്ധതയെ വിലയിരുത്തുന്നവര്‍ പരമശുദ്ധന്മാരാണ്. ജനങ്ങളോട് എന്തെങ്കിലും പ്രതിബദ്ധതയുള്ള ഒരാള്‍ക്ക് പറ്റുന്ന ഇടമല്ല ആ പാര്ട്ടിയെന്നറിയാന് വലിയ ചരിത്രബുദ്ധിയൊന്നും വേണമെന്നില്ല.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: