കൊച്ചി: ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളില്‍ മുഴങ്ങുന്ന പെരുമ്പറകള്‍ ഇനി മുതല്‍ കൊച്ചിയുടെ നഗരഹൃദയത്തില്‍ ഉയര്‍ന്നു തുടങ്ങും. വന്യമായ ആഫ്രിക്കന്‍ മെയ്വഴക്കത്തില് കൊച്ചിയുടെ കണ്ണുകള്‍, ഉടക്കി നില്ക്കും. ഈ മാസം 24 മുതല്‍ കൊച്ചിയില്‍ നടക്കുന്ന രാജ്യാന്തര നാടന്‍കലാമേളയില്‍ അവതരിപ്പിക്കുന്ന, സുളു നൃത്തം പരിപാടിയുടെ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. കൊച്ചിക്ക് പുതിയ അനുഭവമാകും സുളു നൃത്തം.
ആഫ്രിക്കയിലെ സുളു ഗോത്രത്തിന്റെ പരമ്പരാഗത നൃത്തരൂപമാണ് സുളു നൃത്തം. തലമുറകളായി കൈമാറി വരുന്ന ആചാരങ്ങളില്‍ ഒന്ന്. പലപ്പോഴും സുളു നൃത്തം ഗോത്രത്തിലെ വിശേഷാവസരങ്ങളിലാണ് അവതരിപ്പിക്കാറ്. സന്തോഷകരമായ കാര്യങ്ങളെ വിളിച്ചറിയിക്കുന്നതാണ് അത്. സുളു രാജവംശത്തിന്റെ പ്രതാപകാലത്തെ പുനരവതരിപ്പിക്കുന്നതോടൊപ്പം, ചടുലമായ ആഫ്രിക്കന്‍ സംസ്ക്കാരത്തിന്റെ താളലയങ്ങളാണ് സുളു നൃത്തം. ദക്ഷിണാഫ്രിക്കയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ക്വ-സുളു നതാല്‍ എന്ന പ്രദേശത്തിന്റെ പ്രധാന പരിപാടിയാണ് ഈ നൃത്തം. വര്‍ഷം തോറും നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ എത്താറുണ്ട്. ഒരു ദേശീയ ഉല്‍സവത്തിന്റെ പ്രതീതിയിലാണ് അത് അവതരിപ്പിക്കുക.
ആഫ്രിക്കയില്‍ നിന്നുള്ള ബിയോണ്ട് സുളു എന്ന ഗ്രൂപ്പാണ് നൃത്തരൂപം കൊച്ചിയില്‍ എത്തിക്കുന്നത്. സൗത്ത് ആഫ്രിക്കയിലെ ഡര്ബന് ആസ്ഥാനമായുള്ള കള്‍ച്ചറല്‍ എന്റര്ട്ടെയിന്മെന്റ് കമ്പനിയാണ് ബിയോണ്ട് സുളു ഗ്രൂപ്പ്. ഏഴുപേരടങ്ങുന്ന സംഘമാണ് നൃത്തം അവതരിപ്പിക്കുന്നത്. സുളുനാടിന്റ സവിശേഷതകളുടെ സത്യസന്ധമായ അവതരണമാണ് ഇതിലൂടെ പ്രകടമാകുന്നത്. അതിനാല്‍ തന്നെ അത് യഥാര്‍ത്ഥമായ ജീവിതാനുഭവമായിരിക്കും.
ഇന്ത്യന്‍ നാടന്‍ കലാരൂപങ്ങളില്‍ ഏറെ പ്രശസ്തമായ ഒന്നാണ് ആയോധന കലാരൂപം കൂടിയായ റായ് ബെന്‍ഷെ. രാജകീയം, മുള എന്നിങ്ങനെയാണ് റായ് ബെന്‍ഷെ വാക്കുകള്‍ അര്‍ത്ഥമാക്കുന്നത്. ഡോറിസ് ഗോത്രത്തിലേയും സമൂഹത്തില്‍ നിന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മറ്റു ഗോത്രങ്ങളിലെയും പുരുഷന്മാരാണ് പ്രധാനമായും റായ് ബെന്‍ഷെ അവതരിപ്പിക്കുന്നത്. കായിക മുറകളും ആയോധകലകളും ഒത്തുചേര്‍ന്ന കലാരൂപം ബംഗാളികളുടെ സൈനികബലത്തിന്റെ തെളിവുകൂടി ചൂണ്ടിക്കാണിക്കുന്നു.
നേപ്പാള്‍ വംശജരുടെ പുരാതന കലാരൂപമാണ് മറുണി. നേപ്പാള്‍, സിക്കിം,ഡാര്‍ജിലിംഗ് എന്നീ സ്ഥലങ്ങളിലാണ് മറുണി അവതരിപ്പിച്ചു കണ്ടുവരുന്നത്. വടക്കേ ഇന്ത്യയിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് സമാനമായ തീഹാറിലെ പുരാതന ഉത്സവങ്ങളുമായി മറുണി ബന്ധപ്പെട്ടു കിടക്കുന്നു. ഒന്‍പതോളം വാദ്യോപകരണങ്ങളുമായി അവതരിപ്പിക്കുന്ന നൃത്തത്തില്‍ പുരുഷന്മാരും സ്ത്രീകളും പങ്കെടുക്കും. പതിനാല് വര്‍ഷത്തെ വനവാസത്തിനുശേഷം ശ്രീരാമന് അയോധ്യയില്‍ തിരിച്ചെത്തിയതിന്റെ ആഘോഷ സൂചകമായും മറുണി ആചരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: