തിരൂര്‍: അന്തര്സര്വ്വകാലാശാല സാഹിത്യോത്സവം – സാഹിതിക്ക് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ തിരൂര്‍ അക്ഷരം കാമ്പസില്‍ തിരിതെളിഞ്ഞു. ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ എം.ടി. വാസുദേവന്‍ നായരാണ് സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പ്രകൃതിയിലും ചുറ്റുപാടും മറഞ്ഞുകിടക്കുന്ന സത്യത്തെ അന്വേഷിച്ചുള്ള യാത്രയാണ് എഴുത്തുകാരന് ചെയ്യേണ്ടതെന്ന് എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
മരുപ്പുറത്തിനപ്പുറത്തെ പച്ചപ്പ് അന്വേഷിച്ചുള്ള യാത്രയാണത്. ഇതില്‍ പൂര്‍ണ്ണമായും വിജയിക്കണമെന്നില്ല. പച്ചപ്പ് മറഞ്ഞുകിടപ്പുണ്ട് എന്നതിനാല്‍ അന്വേഷിച്ച് പോകലാണ് എഴുത്തുകാരന്റെ കടമ. ഇന്നല്ലെങ്കില്‍ നാളെ എഴുത്തുകാരന് പച്ചപ്പിലേക്ക് എത്തിച്ചേരാനാവും. എത്തിച്ചേരുമെന്ന ശക്തിയില്‍ ഉത്തരവാദിത്തത്തോടെയുള്ള യാത്രയാണിത്.
വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ സ്വാഗതവും ദേശമംഗലം രാമകൃഷ്ണന് നന്ദിയും പറഞ്ഞു. സക്കറിയ, സാറാ ജോസഫ്, കല്പറ്റ നാരായണന്, ദേശമംഗലം രാമകൃഷ്ണന്, പ്രഭാവര്‍മ, ടി.പി. രാജീവന്, പ്രൊഫ. കെ.എസ്. രവികുമാര്‍, എം.ഡി. രാധിക, എസ്. ജോസഫ് എന്നിവര്‍ ഇന്ന് വിവിധ വേദികളില്‍ പ്രഭാഷണം, കവിതാവതരണം, മുഖാമുഖം, കഥാചര്‍ച്ച തുടങ്ങിയവ നടത്തും. പന്ത്രണ്ട് സര്‍വകലാശാലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളും അധ്യാപകരുമുള്‍പ്പെടെ 500 പ്രതിനിധികളും 30 സാഹിത്യകാരന്മാരുമാണ് സാഹിതിയില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: