തിരുവനന്തപുരം: ടിപിയെ വധിച്ച കൊലപാതക സംഘവും സിപിഎമ്മിന്റെ ഉന്നത നേതാക്കളും കേരളത്തിനകത്തും പുറത്തും സാമ്പത്തിക ഇടപാടുകളുള്ള സ്വര്‍ണ്ണക്കള്ള ക്കടത്തുകാരനായ ഫയാസില്‍ നിന്നു സാമ്പത്തിക സഹായം സ്വീകരിച്ചതായി ഗൂഢാലോചനയെ കുറിച്ച് അന്വേഷിച്ച പ്രത്യേക പോലീസ് സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫയാസിന് രാജ്യാന്തരബന്ധങ്ങളുള്ളതിനാല്‍ സിബിഐ അന്വേഷണത്തില്‍ കൂടിയെ യഥാര്‍ത്ഥ വസ്തുതതകള്‍ വെളിച്ചത്തു വരൂ എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഫയാസിനെതിരെ സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ടു സിബിഐ അന്വേഷണം നടക്കുന്ന കാര്യവും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. ടിപിയുടെ വിധവ രമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്. രമ നല്‍കിയ പരാതിയില്‍ സിപിഎം സെക്രട്ടറി പിണറായി വിജയനും ജയരാജനും കോടിയേരിബാലകൃഷ്ണനും ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് പറഞ്ഞിരുന്നു.
ഉന്നതതല ഗൂഢാലോചനയില്‍ പങ്കെടുത്തെന്ന് ഹര്‍ജിക്കാരിയായ രമ ആരോപിച്ച പല സിപിഎം നേതാക്കളും പ്രതികളും മൊബെയില്‍ ഫോണ്‍വഴി ഫെയ്സ്ബുക്ക് രജിസ്ട്രേഷന്‍ നടത്തിയിട്ടുണ്ടെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു സംബന്ധിച്ച എസ്‌എംഎസ് നോട്ടിഫിക്കെഷനുകള്‍ അവരുടെ മൊബെയില്‍ നമ്പറുകളില്‍ നിന്നു ലഭിച്ചിട്ടുണ്ട്. ടിപി വധത്തിനു തൊട്ടുമുന്‍പു മുതല്‍ 2012 മെയ് വരെ മൊബെയില്‍ഫോണ്‍ വഴി ഇവര്‍ ഫെയ്സ്ബുക്ക് രജിസ്ട്രേഷന്‍ നടത്തിയിട്ടുണ്ടെന്നതും പ്രാധാന്യമര്‍ഹിക്കുന്നു. കൊലപാതക സംഘത്തില്‍പെട്ട ഷാഫി ജയിലില്‍ നിന്നും 2013 ഫെബ്രുവരിയില്‍ നിരന്തരം സന്ദേശങ്ങള്‍ പ്രസ്തുത നമ്പറിലേക്ക് അയച്ചിട്ടുള്ളതായും പോലീസിന്റെ പ്രത്യേക സംഘം കണ്ടെത്തി.
പ്രതികളുടെ അറസ്റ്റില്‍ സിപിഎമ്മിലെ ഉന്നതരായ നേതാക്കള്‍ കാട്ടുന്ന അസഹിഷ്ണുതയും എതിര്‍പ്പും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള പ്രസംഗങ്ങളും ഫോണ്‍ സംഭാഷണങ്ങളും കൊലപാതകത്തിനു പിന്നിലെ ഉന്നതതല ഗൂഢാലോചനയുടെ സൂചനയാണു നല്‍കുന്നത്. ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്കു ജയിലിനുള്ളില്‍ മൊബെയില്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ കഴിഞ്ഞതും ഉന്നതതല രാഷ്‌ട്രീയ സ്വാധീനത്തിന്റെ സൂചനയാണ്. ജയിലിനുള്ളിലെ സിസിടിവി ദൃശ്യങ്ങളും മൊബെയില്‍ ഫോണ്‍ റെക്കോഡുകളും പരിശോധിച്ചതില്‍ കൊഫെപോസ കേസില്‍ കരുതല്‍ തടങ്കലില്‍ കഴിയുന്ന ഫയാസും സിപിഎം നേതാവ് പി.മോഹനനും കൊലപാതകസംഘവും കൊലപാതകത്തിനു മുന്‍പുംശേഷവും അടുത്തബന്ധം പുലര്‍ത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: