തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡം പാലിച്ചു മാത്രമാണ് പൊലീസ് ഐപിഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സ്ഥലംമാറ്റിയതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എല്ലാ സര്‍ക്കാരുകളും ഇത്തരത്തില്‍ സ്ഥലംമാറ്റങ്ങള്‍ നടത്താറുണ്ട്. ഒരു ജില്ലയില്‍ നിശ്ചിതവര്‍ഷം തുടര്‍ച്ചയായി സേവനമനുഷ്ടിച്ചുവന്നവരെ സ്ഥലംമാറ്റണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ഇതുപ്രകാരം പൊലീസ് ആസ്ഥാനത്തു നിന്നാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സ്ഥലംമാറ്റത്തില്‍ താന്‍ ഇടപെട്ടിട്ടില്ല. സ്വാഭാവിക നടപടിയായതിനാല്‍ ആഭ്യന്തരമന്ത്രിയെ ഇക്കാര്യം അറിയിക്കേണ്ട കാര്യമില്ലെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഐപിഎസ് സ്ഥലംമാറ്റത്തിനെതിരേ രേഖാമൂലം പരാതിയൊന്നും ലഭിച്ചിട്ടില്ല. ട്രിബ്യൂണലില്‍ പരാതിയുമായി ആര്‍ക്കും പോവാം. ചീഫ് സെക്രട്ടറി അധ്യക്ഷനായി സംസ്ഥാനത്ത് സിവില്‍ സര്‍വീസ് ബോര്‍ഡ് രൂപീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത്. സിഐമാരെയും ഡിവൈഎസ്പിമാരെയും ആഭ്യന്തരമന്ത്രി കൂട്ടത്തോടെ സ്ഥലംമാറ്റിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. വയനാട്ടില്‍ മാവോവാദി ഓപ്പറേഷന് ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് മികച്ച ഉദ്യോഗസ്ഥരെ നിയോഗിച്ചത്. സ്ഥലംമാറ്റത്തില്‍ പരാതികളുണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
നിലമ്പൂരില്‍ കോണ്‍ഗ്രസ് ബ്ലോക്ക് ഓഫിസില്‍ നടന്ന കൊലപാതകത്തില്‍ ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. ലോക്കല്‍ പൊലീസ് നടത്തിവന്ന അന്വേഷണം തൃപ്തികരമല്ലെന്ന കോടിയേരിയുടെയും പിണറായിയുടെയും ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് തൃശൂര്‍ റെയ്ഞ്ച് ഐജിയെ അന്വേഷണത്തിനായി നിയോഗിച്ചത്. മാറിമാറി അഭിപ്രായം പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
നിര്‍ഭയ കേരളം, സുരക്ഷിത കേരളം പദ്ധതിയെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. പദ്ധതിയില്‍ സേവനമനുഷ്ടിക്കുന്നവര്‍ക്ക് ഒരുരൂപ പോലും ഓണറേറിയമുണ്ടാവില്ല. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഭാരവാഹികളാരും പദ്ധതിയുടെ ചുമതല വഹിക്കില്ല. കോണ്‍ഗ്രസിന് ഇതിന്റെ ആവശ്യവുമില്ല. സേവനസന്നദ്ധരായവരാണ് പദ്ധതി പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുക. ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: