മലപ്പുറം: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന് വധഗൂഢാലോചന കേസ് സിബിഐയ്ക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഎം
സംസ്ഥാന സെക്രട്ടറി പിണറായി വിജയന് രംഗത്ത്. സര്‍ക്കാര്‍ വ്യക്തമായ തെളിവുകളില്ലാതെയാണ് കേസ് സിബിഐക്കു വിട്ടിരിക്കുന്നതെന്നും ഇതിലൂടെ അധികാര ദുര്‍വിനയോഗമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്നും പിണറായി പറഞ്ഞു.
കേരളരക്ഷാ യാത്രക്കിടെ ടി.പി. വധഗൂഢാലോചന സിബിഐക്കു വിട്ട വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ആവശ്യപ്പെട്ടതുപോലെയുള്ള റിപ്പോര്‍ട്ട് അന്വേഷണസംഘം നല്കി. അതിനനുസരിച്ചായിരുന്നു തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണത്തെ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും കള്ളക്കേസില്‍ സിപിഎം നേതാക്കളെ കുടുക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും പിണറായി പറഞ്ഞു. സിബിഐയെ കൊണ്ട് അന്വേഷിപ്പിച്ചാല്‍ സിപിഎമ്മിനെ ഒരു ചുക്കും ചെയ്യാനില്ലന്ന് പിണറായി പറഞ്ഞു.
ലാവ്ലിന് കേസ് ചീറ്റിപ്പോകുമെന്നായപ്പോള് മറ്റൊന്നു കൊണ്ടുവരികയായിരുന്നു. അതാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പി. മോഹനനെ കൊണ്ട് തന്റെ പേരു പറയിക്കാന്‍ പോലീസ് ശ്രമിച്ചെന്നും പിണറായി പറഞ്ഞു. കുറുക്കു വഴിയിലൂടെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്നും പിണറായി ആരോപിച്ചു.
രാഷ്ട്രീയ തീരുമാനമാണ് സര്‍ക്കാരിന്റേതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ളയും പറഞ്ഞു. സി.ബി.ഐയെ ഉപയോഗിച്ച് പാര്‍ട്ടിയെ വേട്ടയാടാനാണ് ശ്രമമെങ്കില്‍ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. സി.ബി.ഐ കൂട്ടിലടച്ച തത്തയാണെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും ആ സി.ബി.ഐയെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും പോളിറ്റ് ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന് ആരോപിച്ചു.
വി.എസ്. പറഞ്ഞതനുസരിച്ചാണ് ചെയ്തതെങ്കില്‍ മാറാട് കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് വി.എസ്. ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് ചെയ്തില്ലെന്ന് അദ്ദേഹം ചോദിച്ചു. കേസ് യുഡിഎഫിനു ബുമറാങ്ങായി തിരിച്ചുവരുമെന്നും ഫായിസുമായി ബന്ധമുള്ളത് ഉമ്മന്‍ ചാണ്ടിക്കാണെന്നും പിണറായി പറഞ്ഞു.
പ്രതിപക്ഷ നേതാവായിരിക്കെ ഫായിസുമായി അരമണിക്കൂറോളം കാറില്‍ ഇരുന്ന് സംസാരിച്ചത് ഉമ്മന്‍ചാണ്ടിയാണ്. ഈ കാര്യമല്ലേ അന്വേഷിക്കേണ്ടതെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: