കൊച്ചി: നഗരസഭ അവതരിപ്പിച്ച ബജറ്റ് കാര്യക്ഷമതയില്ലാത്തതെന്ന് പ്രതിപക്ഷം. ബജറ്റിന്മേല് നടന്ന ചര്‍ച്ചയിലാണ് പ്രതിപക്ഷാഗംങ്ങള്‍ ഒറ്റക്കെട്ടായി ഈ ആരോപണം ഉന്നയിച്ചത്. ജനങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ ബജറ്റിലില്ല.ആദ്യ ബജറ്റില്‍ പറഞ്ഞ കാര്യങ്ങളുടെ ആവര്‍ത്തനമാണിതെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ.ജേക്കബ് പറഞ്ഞു. കനാല്‍ സംരക്ഷണം, മാലിന്യസംസ്കരണം ഒന്നും നടപ്പാക്കാന്‍ സാധിച്ചില്ല. ബജറ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന മേയേഴ്സ് മീല്‍ കുട്ടികളെ മോഹിപ്പിക്കുന്നതിന് വേണ്ടി മാത്രമുള്ളതാണ്.
പശ്ചിമ കൊച്ചിയുടെ കുടിവെള്ള പ്രശ്നത്തെ കുറിച്ച് ബജറ്റ് ചര്‍ച്ചചെയ്യുന്നില്ല. ജനറം പദ്ധതി പ്രകാരം കൊണ്ടു വന്ന ലോഫ്ലോര്‍ ബസ്സുകള്‍ സര്‍ക്കാര്‍ മറ്റ് ജില്ലകളിലേക്ക്് കൊണ്ടു പോയെന്നും അദ്ദേഹം ആരോപിച്ചു. കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാന്‍ നഗരസഭയ്ക്കായില്ല. പച്ചാളം ആര്‍ഒബി നിര്‍മാണത്തിന് കൗണ്‍സില്‍ നിന്നും ഒരു വിഭാഗം ആളുകളെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദുര്‍ഘടം പിടിച്ച റോഡുകള്‍ ഗതാഗതയോഗ്യമാക്കിയതും കൊതുകു നശീകരണത്തിന് നടപടികള്‍ സ്വീകരിച്ചതും കൗണ്‍സിലിന്റെ നേട്ടമാണെന്ന് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് ആര്.ത്യാഗരാജന് പറഞ്ഞു. വെള്ളക്കെട്ട് ഒഴിവാക്കാനായതും നേട്ടമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ ബജറ്റില്‍ പ്രതീക്ഷിച്ചിരുന്ന 877 കോടി വരുമാനം 857 കോടി ആയി കുറഞ്ഞതിനെ കുറിച്ച് വ്യക്തമാക്കണമെന്ന് അഡ്വ. കെ എന്‍ സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. എസ്റ്റിമേറ്റില്‍ കുറവ് വന്നത് ഭരണ പരാജയമാണോ എന്നും ബജറ്റ് കണക്കിനു വേണ്ടി അവതരിപ്പിച്ചോ എന്നും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പള്ളുരുത്തിയില്‍ 22 മീറ്റര്‍ വീതിയില്‍ അപ്രോച്ച് റോഡ് എന്നു യാഥാര്‍ത്ഥ്യമാക്കുമെന്ന് വ്യക്തമാക്കണമെന്ന് സിഎ ഷക്കീര്‍ ആവശ്യപ്പെട്ടു. കാന്‍സര്‍ സെന്റര്‍ കാര്യം കേന്ദ്ര ബജറ്റില്‍ പോലും പരമാര്‍ശം ഉണ്ടാകാത്തതിനെ കുറിച്ച് ബജറ്റില്‍ ചര്‍ച്ചയുണ്ടായില്ലെന്നും കൊതുകു നിവാരണത്തിന് മോസ്ക്വിറ്റോ കണ്ട്രോള് റിസര്‍ച്ച് ലാബിനു വേണ്ടി പത്തു കോടി ചിലവഴിക്കുന്നത് ജനങ്ങളെ കളിയാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു.
നഗരത്തിന്റെ വളര്‍ച്ചയ്ക്ക് ജനപക്ഷത്തു നില്ക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്നും ജംഗ്ഷന് നവീകരണത്തിന് ചങ്ങമ്പുഴ പാര്‍ക്ക് റോഡ് കൂടി ഉള്‍പ്പെടുത്തണമെന്നും പയസ് ജോസഫ് ആവശ്യപ്പെട്ടു. മാലിന്യ ശേഖരണത്തിനായി മുമ്പ് പ്രഖ്യാപിച്ചിരുന്ന ട്രൈ സൈക്കിള്‍ ഒരു ഡിവിഷനിലും വിതരണം ചെയ്തിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. സ്ത്രീകള്‍ക്ക് നല്‍കിയിരിക്കുന്ന പൊതു ടോയ്ലറ്റുകള് പ്രവര്‍ത്തനക്ഷമമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ബജറ്റില്‍ പശ്ചിമ കൊച്ചിയെ പാടെ അവഗണിച്ചതായും പശ്ചിമകൊച്ചിയുടെ ശാപങ്ങള്‍ക്ക് മോചനമില്ലെന്നും ബിജെപി കൗണ്‍സിലര്‍ ശ്യാമള എസ്.പ്രഭു ആരോപിച്ചു. മരട് ട്രീറ്റ്മെന്റ് പ്ലാന്റ് എത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്നും അവര്‍ ചോദിച്ചു. ബജറ്റില്‍ ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി മേഖലയെ പാടെ അവഗിച്ചിരിക്കുകയാണെന്നും ഇതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ശ്യാമള എസ് പ്രഭു പറഞ്ഞു. വോള്‍വോ ബസ് മൊബിലിറ്റി ഹബ്ബുമായി ബന്ധിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വനിതകളെ പാടെ അവഗണിച്ച ബജറ്റാണ് ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര അവതരിപ്പിച്ചതെന്ന് മുംതാസ് ടീച്ചര്‍ കുറ്റപ്പെടുത്തി.യാഥാര്‍ത്ഥ്യബോധമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ വി.ആര്.റെനീഷ് പറഞ്ഞു. കൊച്ചിയെ കൊതുക് സൗഹാര്‍ദ്ദ നഗരമാക്കി മാറ്റുകയാണ് നിലവിലെ ഭരണപക്ഷം ചെയ്തിരിക്കുന്നതെന്ന് ബിജെപി കൗണ്‍സിലര്‍ സുധ ദിലീപ് കുറ്റപ്പെടുത്തി. ഭരണമാറ്റം ആഗ്രഹിച്ച ജനങ്ങള്‍ക്ക് വികസനമാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. സെലിന് പീറ്റര്‍ ,ആഗി ടീച്ചര്‍ ,സീന ടീച്ചര്‍ ,സൗമ്യ,അഡ്വ. ഷൈമോള്‍, രമ ഗോപകുമാര്‍ ,ഭാമ ടീച്ചര്‍ ,സുധ ദിലീപ് , സൗമിനി ജെയിന്, കര്‍മിലി ആന്റണി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: